play-sharp-fill
പാറമ്പുഴ പള്ളിയില്‍ നിന്നും 32 ലക്ഷം അപഹരിച്ചു : തട്ടിപ്പ് നടത്തിയത് കൈക്കാരന്‍ തന്നെ ; കണ്ണൂരില്‍ ഒളിവിലായിരുന്ന പ്രതി മാസങ്ങള്‍ക്ക് ശേഷം പിടിയില്‍ ; പിടിയിലായത് തെള്ളകം സ്വദേശി

പാറമ്പുഴ പള്ളിയില്‍ നിന്നും 32 ലക്ഷം അപഹരിച്ചു : തട്ടിപ്പ് നടത്തിയത് കൈക്കാരന്‍ തന്നെ ; കണ്ണൂരില്‍ ഒളിവിലായിരുന്ന പ്രതി മാസങ്ങള്‍ക്ക് ശേഷം പിടിയില്‍ ; പിടിയിലായത് തെള്ളകം സ്വദേശി

സ്വന്തം ലേഖകന്‍

കോട്ടയം: പാറമ്പുഴ ബത്‌ലഹേം പള്ളിയില്‍ നിന്ന് 32 ലക്ഷം രൂപ അപഹരിച്ചത് പള്ളിയിലെ കൈക്കാരന്‍ തന്നെ. ബാങ്കില്‍ അടയ്ക്കാന്‍ നല്‍കിയ പണവുമായി മുങ്ങിയ കൈക്കാരന്‍ മാസങ്ങള്‍ക്ക് ശേഷമാണ് പിടിയിലായത്. തെള്ളകം കുറുപ്പന്തറ മുകളേല്‍ ഡീജു ജേക്കബ് (45) ആണ് ഗാന്ധിനഗര്‍ പൊലീസിന്റെ പിടിയിലായത്. കണ്ണൂരില്‍ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്.


2019 ആഗസ്റ്റിലാണ് ഇയാള്‍ പാറമ്പുഴ പള്ളിയില്‍ കൈക്കാരനായി ചാര്‍ജെടുത്തത്. അന്ന് മുതല്‍ 2020 ഫെബ്രുവരിവരെയുള്ള കാലയളവില്‍ ബാങ്കില്‍ അടയ്ക്കാനുള്ള 31.5 ലക്ഷം രൂപ ബാങ്കില്‍ അടയ്ക്കാതെ മോഷ്ടിച്ചതായാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളുകളായി ഇയാള്‍ നടത്തി വന്നിരുന്ന മോഷണം പിടിക്കപ്പെട്ടതോടെ മാര്‍ച്ച് 2ന് നാട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. മാസങ്ങളോളം ഒളിവിലായിരുന്ന ഇയാള്‍ കണ്ണൂര്‍ പയ്യാവൂരില്‍ ഉണ്ടെന്നറിഞ്ഞ് ഗാന്ധിനഗര്‍ പൊലീസെത്തി പിടികൂടുകയായിരുന്നു.

പള്ളിയില്‍ നിന്നും കുമാരനല്ലൂര്‍ കാത്തലിക് സിറിയന്‍ ബാങ്കില്‍ അടയ്ക്കാനായി കൊണ്ടുപോകുന്ന പണം ബാങ്കില്‍ നിക്ഷേപിക്കാതെ വ്യാജ സ്റ്റേറ്റ്‌മെന്റെ് ഉണ്ടാക്കി പള്ളിയില്‍ നല്‍കുകയായിരുന്നു. ഇതിനായി ബാങ്കിന്റെ വ്യാജ സീലും ഇയാള്‍ ഉണ്ടാക്കിയിരുന്നു.

കഴിഞ്ഞ ജനുവരിയില്‍ പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ പെയിന്റിംഗ് ജോലികള്‍ക്ക് പെയിന്റ് വാങ്ങിയ വകയില്‍ കടയിലെത്തിച്ച പണത്തെ സംബന്ധിച്ചുണ്ടായ സംശയമാണ് ഇയാളെ കുടുക്കിയത്.

പെയിന്റ്് കടയില്‍ നല്‍കാനായി ആദ്യം കൊടുത്തയച്ച പണം ഇയാള്‍ നല്‍കിയിരുന്നില്ല. പിന്നീട് ബാങ്കില്‍ അടയ്ക്കാനായി കൊടുത്തുവിട്ട പത്ത്, ഇരുപത് രൂപയുടെ നോട്ട് കെട്ടുകളടങ്ങിയ തുകയാണ് ഇയാള്‍ കടയില്‍ നല്‍കിയത്. പണം കിട്ടിയെന്നും ചില്ലറയായാണ് കിട്ടിയതെന്നും കടയുടമ പള്ളിയില്‍ അറിയിച്ചതോടെയാണ് മറ്റ് കൈക്കാരന്മാര്‍ ഉള്‍പ്പെടെ കമ്മറ്റിയ്ക്ക് ഇയാളില്‍ സംശയം ഉണ്ടാക്കിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാങ്കില്‍ അടയ്ക്കാന്‍ ഇതുവരെ നല്‍കിയ പണം നിക്ഷേപിച്ചിട്ടില്ല എന്നും കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് കണക്കുകള്‍ പരിശോധിച്ചപ്പോള്‍ 31.5 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തുകയും ചെയ്തു.

മോഷണത്തില്‍ പിടിക്കപ്പെട്ടെന്നായപ്പോള്‍ ഡീജു നാട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. പള്ളി കമ്മറ്റി പരാതിയുമായി പോകുന്നുവെന്നറിഞ്ഞതോടെ ഇയാളുടെ വീട്ടുകാര്‍ തന്നെ പണം നല്‍കാമെന്ന് പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ മോഷണവിവരം തത്ക്കാലം പുറംലോകത്തെ അറിയിച്ചില്ല. അന്വേഷണവും ഇഴഞ്ഞുനീങ്ങി.

എന്നാല്‍ പണം തിരികെ അടയ്ക്കാനുള്ള നടപടികള്‍ ഇവരുടെ ഭാഗത്ത്് നിന്നും ഉണ്ടായില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്നും നാട്ടിലേക്ക് പോരാനായി പാസ് എടുക്കാനുള്ള ശ്രമം ഡീജു നടത്തിയത്.

ഇതറിഞ്ഞതോടെ ഗാന്ധിനഗര്‍ പൊലീസ് കഴിഞ്ഞ ദിവസം കണ്ണൂരിലെത്തി പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഡീജുവിനെ കഴിഞ്ഞ രാത്രിയില്‍ ഗാന്ധിനഗര്‍ സ്റ്റേഷനില്‍ എത്തിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ഇയാളെ പള്ളിയില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പും നടത്തി.