കോട്ടയം ജില്ലയിലെ ക്വാറികളിൽ നടക്കുന്നത് ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ്: ഈരാറ്റുപേട്ട സെന്റ് ജോർജ് ഗ്രാനൈറ്റ്സിൽ വിജിലൻസ്, ജിഎസ്ടി, ജിയോളജി വിഭാഗം നടത്തിയ പരിശോധനയിൽ കള്ളപ്പാസ് ഉപയോഗിച്ചുള്ള തട്ടിപ്പ് പിടികൂടി: ഒരു പാസിന്റെ മറവിൽ അഞ്ചും ആറും ലോഡ് കടത്തുന്നു: വ്യാപക വിജിലൻസ് പരിശോധനക്ക് നീക്കം

Spread the love

കോട്ടയം : കോട്ടയം ജില്ലയിലെ ക്വാറികളിൽ വൻ തട്ടിപ്പ്. കള്ളപ്പാസിന്റെ മറവിലാണ് തട്ടിപ്പ് നടക്കുന്നത്. 50 ലോഡിനുള്ള പാസെടുത്താൽ കടത്തുന്നത് നൂറും നൂറ്റമ്പതും ലോഡാണ്. സർക്കാരിന് നികുതിയിനത്തിൽ കിട്ടേണ്ട ലക്ഷക്കണക്കിന് രൂപയാണ് ഇങ്ങനെ നഷ്ടപ്പെടുന്നത്.

video
play-sharp-fill

കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട കളത്തൂക്കടവ് ഭാഗത്തുള്ള സെന്റ് ജോർജ് ഗ്രാനൈറ്റ്സ് ( പ്രാദേശികമായി പുളിക്കൽ ഗ്രാനൈറ്റ്സ് എന്നറിയപ്പെടുന്ന) എന്ന ക്വാറിയിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. എല്ലാം വ്യാജപാസിന്റെ മറവിലായിരുന്നു.

പോലീസ്, വിജിലൻസ് , ജി എസ് ടി വിഭാഗങ്ങളുടെ സംയുക്ത പരിശോധനയിൽ ക്യാറി ഉടമകൾ നടത്തുന്ന മുഴുവൻ കള്ളക്കളികളും വെളിച്ചത്തു വന്നിരുന്നു.
അനുവദിച്ചിട്ടുള്ള ഖനന അനുമതിയുടെ മറവിൽ വ്യാപകമായി അനധികൃത ഖനനം നടത്തി പാസ് ഇല്ലാതെ ക്വാറി ഉൽപ്പന്നങ്ങൾ വിൽക്കുന്നത് സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരത്തിൻ്റ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്വാറിയിൽ പരിശോധന നടത്തിയതിൽ ഖനനം ചെയ്ത ധാതുക്കൾ ട്രാൻസ്പോർട്ട് ചെയ്യുന്നതിനുള്ള നിയമാനുസരണ പാസ് ആയ കോമ്പസ് വഴി 50 പാസ് വിതരണം ചെയ്തതായി കാണിക്കുകയും ആയതിൻ്റെ മറവിൽ ഇരട്ടിയോളം ധാതുക്കൾ ഒറ്റ ദിവസം മാത്രം കടത്തിക്കൊണ്ടു പോയി വ്യാപകമായ ക്രമക്കേടു നടത്തിയതായും പരിശോധനയിൽ കണ്ടെത്തി.

സർക്കാരിന് ലഭിക്കേണ്ട വരുമാനത്തിൽ വെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന്
ജിയോളജി, ജിഎസ്ടി എന്നീ വകുപ്പുകളുടെ സഹായത്തോടെ പ്രാഥമിക പരിശോധ നടത്തിയതിൽ മാത്രം റോയൽറ്റി, ജിഎസ്ജി , എസ്ടി ഇനങ്ങളിലായി ലക്ഷകണക്കിന് രൂപയുടെ വെട്ടിപ്പാണ് കണ്ടെത്തിയത്.
കോമ്പസ് സോഫ്റ്റ് വെയർ മുഖേന നൽകുന്ന പാസുകളിൽ 5 കിലോമീറ്റർ ദൂര പരിധിയുള്ള സ്ഥലങ്ങളിൽ പോലും 45 കിലോമീറ്റർ ദൂരം രേഖപ്പെടുത്തി ഒരു പാസ്സിൽ തന്നെ 5 ഉം 6 ഉം തവണ ക്വാറി ഉൽപ്പന്നങ്ങൾ അനധികൃതമായി കടത്തുകയാണ് ഇവർ ചെയ്യുന്നത്. ഇങ്ങനെ സർക്കാരിന് ലഭിക്കേണ്ട റോയൽറ്റി തുകയിൽ ഭീമമായ വെട്ടിപ്പ് നടത്തി വന്നിരുന്നതായി വിജിലൻസ് കണ്ടെത്തി.

തേവരുപാറയിൽ നിന്ന്
ആറ് കിലോമീറ്റർ മാത്രം ദൂരത്തുള്ള ഈരാറ്റുപേട്ടയിലേക്കുള്ള ലോഡിന് 45 കിലോമീറ്റർ ദൂരം എന്നാണ് പാസിൽ കാണിക്കുന്നത്. പാസിൽ 45 കിലോമീറ്റർ എന്ന് കാണിച്ചാണ് ജിയോളജി വകുപ്പിൽ നിന്നും പാസ് കൈപ്പറ്റുന്നത്. അപ്പോൾ ഇവർക്ക് ഒരു പാസ്സിൽ തന്നെ അഞ്ചു ആറും പ്രാവശ്യം ഉത്പന്നങ്ങൾ കടത്താവുന്നതാണ്. പാസിൽ കൃത്യമായും ലക്ഷ്യസ്ഥാനം ഈ രാറ്റുപേട്ട എന്നാണ് കാണിച്ചിരിക്കുന്നത്. ആറ് കിലോമീറ്റർ എന്നു കാണിക്കുന്നതിനു പകരം 45 കിലോമീറ്റർ എന്ന് തെറ്റായിരേഖപ്പെടുത്തിയാണ് തട്ടിപ്പ് നടത്തുന്നത്.

ഇതിലൂടെ ഒരു ലോഡിന് ലഭിക്കുന്ന പാസിൽ അഞ്ചും ആറും ലോഡ് ധാതുക്കൾ കടത്തുകയാണ് പതിവ്.
.സർക്കാറിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് ഇതിലൂടെ ഇല്ലാതാകുന്നത്.

വിജിലൻസ് ഡിവൈഎസ്പി പി വി മനോജ്‌ കുമാറിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ മനു വി നായർ, എഎസ്ഐമാരായ അരുൺചന്ദ്, അനൂപ് കെ എ, രാജേഷ് റ്റി പി, ജോഷി ഇഗ്‌നേഷ്യസ് എന്നിവർ വിജിലൻസ് പരിശോധനയിൽ പങ്കെടുത്തു.