
സ്വന്തം ലേഖിക
കോട്ടയം : ഗ്രാമഭംഗി നിറഞ്ഞൊഴുകുന്ന പാറയ്ക്കല്ക്കടവിന് പുതുജീവനേകി പുതുപ്പള്ളി പഞ്ചായത്ത്. ന്യൂജെന്‍ സേവ് ദ ഡേറ്റ് വീഡിയോ ഷൂട്ടുകള്‍ക്ക് പ്രസിദ്ധമാകുന്നതിന് മുന്‍പേ വാഹത്തിനുശേഷം വരനും വധുവും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും ചിത്രീകരിക്കുന്ന പ്രധാന ഇടമായിരുന്നു പാറയ്ക്കല്‍ക്കടവ്.
വിനോദ വിശ്രമകേന്ദ്രം എന്നതിലുപരി നിരവധി സിനിമാ, ആല്‍ബം ചിത്രീകരണങ്ങളുടെയും പ്രധാന ലൊക്കേഷനായിരുന്നു. പിന്നീട് വഴിയോര വിശ്രമകേന്ദ്രമെന്ന നിലയില്‍ പ്രസിദ്ധമായി. ജില്ലാ ടൂറിസം പ്രെമോഷന് കൗണ്‍സിലിന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ നിരവധി പദ്ധതികള്‍ നടപ്പാക്കിയെങ്കിലും ഫലം കണ്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊവിഡിനെ തുടര്‍ന്ന് സന്ദര്‍ശകര്‍ ഇല്ലാതായതോടെ നാശത്തിലേക്ക് കൂപ്പുകുത്തി. ടൈല്‍ പാകിയ ഇരിപ്പിടങ്ങള്‍, വഴിവിളക്കുകള്‍, പുല്‍ത്തകിടി, ടോയ്ലെറ്റുകള്, ടീകോഫി ബാര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയെങ്കിലും കാടുകയറി. തണല്‍ മരങ്ങള്‍ കടപുഴകി. മാലിന്യനിക്ഷേപവും, സാമൂഹ്യവിരുദ്ധരുടെ ഇടത്താവളവും കൂടിയായതോടെ ആരും തിരിഞ്ഞ് നോക്കാതായി.
ഇതോടെയാണ് പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുമായി പഞ്ചായത്ത് രംഗത്തെത്തിയത്. കടവിന്റെ സൗന്ദര്യവത്കരണവും, കയര്‍ ഭൂവസ്ത്രം വിരിക്കലിന്റെ പഞ്ചായത്തുതല ഉദ്ഘാടനവും പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചന് ജോസഫ് ഉദ്ഘാടനം ചെയ്തു.
ആദ്യഘട്ടത്തില്‍ കയര്‍ഭൂവസ്ത്രം വിരിക്കല്‍.
കൊടൂരാറിന്റെ തീരത്ത് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്വാഭാവികമായി രൂപാന്തരപ്പെട്ട സൗന്ദര്യമാണ് പാറയ്ക്കല്കടവിന്റേത്. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കയര്‍ഭൂവസ്ത്രം വിരിക്കുന്ന പ്രവൃത്തിയാണ് പ്രാഥമികമായി നടപ്പാക്കുന്നത്.
കാട് വെട്ടിത്തെളിച്ച് ഉദ്യാനം വൃത്തിയാക്കുന്നതിനും, മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും, ചെടികള്‍ വച്ചുപിടിപ്പിച്ച് കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനുമുള്ള പ്രത്യേക ശ്രമങ്ങളും നടത്തും. ടേക്ക് എ ബ്രേക്ക് നിര്‍മ്മാണവും അനുബന്ധ സൗകര്യമൊരുക്കലിനുമായി 20 ലക്ഷം രൂപയാണ് ഇത്തവണ പഞ്ചായത്ത് ബഡ്ജറ്റില്‍ പാറയ്ക്കല്കടവിനായി നീക്കിവച്ചിരിക്കുന്നത്.



