ഗര്‍ഭകാലത്തെ പാരസെറ്റമോള്‍ ഉപയോഗം; കുട്ടികളില്‍ ഗുരുതര വൈകല്യങ്ങള്‍ക്ക് കാരണമാവുമെന്ന് പഠനം

Spread the love

കോട്ടയം: ഗർഭാവസ്ഥയില്‍ വേദനസംഹാരിയായി പാരസെറ്റമോള്‍ ഉപയോഗിക്കുന്നത് അത്ര നല്ലതല്ലെന്ന് പഠനം. കുഞ്ഞുങ്ങളില്‍ ഓട്ടിസം, ശ്രദ്ധക്കുറവ്/ഹൈപ്പർ ആക്‌ടിവിറ്റി ഡിസോർഡർ (എഡിഎച്ച്‌ഡി) പോലുള്ള ന്യൂറോഡെവലെപ്‌മെന്‍റല്‍ ഡിസോർഡറിന് (എൻഡിഡി) ഇത് കാരണമാകുമെന്നാണ് ഒരു പുതിയ പഠനം അവകാശപ്പെടുന്നത്.

ഗർഭകാലത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഓവർ-ദി-കൗണ്ടർ മരുന്നാണ് (കുറുപ്പടിയില്ലാതെ ലഭിക്കുന്ന മരുന്ന്) അസറ്റാമിനോഫെൻ. ലോകമെമ്ബാടുമുള്ള ഗർഭിണികളില്‍ 50 ശതമാനത്തിലധികം പേർ ഈ മരുന്ന് ഉപയോഗിക്കുന്നു. തലവേദന, വേദന അല്ലെങ്കില്‍ പനി എന്നിവയ്ക്കാണ് ഗർഭിണികള്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നത്.

100,000-ത്തിലധികം ആളുകളില്‍ നിന്നുള്ള ഡാറ്റ ഉള്‍പ്പെടുത്തിയ 46 പഠനങ്ങള്‍ വിശകലനം ചെയ്‌തുകൊണ്ടാണ് മസാച്യുസെറ്റ്‌സ്, ഹാർവാർഡ് സർവകലാശാലകളിലെ ഗവേഷകർ ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 27 പഠനങ്ങള്‍ പാരസെറ്റമോളും എൻ‌ഡി‌ഡികളുമായി കാര്യമായ ബന്ധം റിപ്പോർട്ട് ചെയ്‌തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“മിക്ക പഠനങ്ങളും പ്രസവത്തിനു മുൻപുള്ള അസറ്റാമിനോഫെൻ ഉപയോഗവും കുട്ടികളില്‍ ഉണ്ടാകുന്ന എഡിഎച്ച്‌ഡി, എഎസ്‌ഡി, എൻഡിഡി എന്നിവയുമായുള്ള ബന്ധവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്” ഹാർവാർഡ് ടി.എച്ച്‌. ചാൻ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ആൻഡ്രിയ എ. ബാക്കറെല്ലി പറഞ്ഞു.

അസെറ്റാമിനോഫെൻ പ്ലാസന്‍റല്‍ തടസങ്ങളെ മറികടന്ന് ഓക്‌സിഡേറ്റീവ് സ്ട്രെസ് ഉണ്ടാക്കുകയും ഹോർമോണുകളെ തടസപ്പെടുത്തുകയും ഗര്‍ഭസ്ഥ ശിശുവിന്‍റെ തലച്ചോറിന്‍റെ വികാസത്തെ തടസപ്പെടുത്തുന്ന ജനിതക മാറ്റങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുമെന്നുമാണ് ഇവ വിശദീകരിക്കുന്നതെന്നും ആൻഡ്രിയ എ. ബാക്കറെല്ലി വിശദീകരിച്ചു.

മുന്‍ കാലങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പഠനങ്ങള്‍ അസറ്റാമിനോഫെനും നാഡീ വികസന വൈകല്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ തെളിയിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. 22 മുതല്‍ 28 ദിവസം വരെ അസറ്റാമിനോഫെൻ ഉപയോഗിച്ച അമ്മമാരില്‍ എഡിഎച്ച്‌ഡി സാധ്യത കൂടുതലാണെന്നാണ് 2017-ല്‍ നടത്തിയ ഒരു പഠനം പറയുന്നുണ്ട്. ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനവും അസറ്റാമിനോഫെൻ കൂടുതല്‍ ഉപയോഗിക്കുന്നത് എഡിഎച്ച്‌ഡിക്കുള്ള സാധ്യത വർധിപ്പിക്കുമെന്ന് സൂചിപ്പിക്കുന്നു.

മറ്റ് മരുന്നുകളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ അസറ്റാമിനോഫെൻ ഉപയോഗിക്കുന്നതിന്‍റെ സുരക്ഷിതത്വം കണക്കിലെടുത്ത് ഇത് വേദനസംഹാരിയായി തുടരുന്നുണ്ട്. ഗര്‍ഭകാലത്ത് ഭ്രൂണത്തിന്‍റെ വികാസത്തിന് ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് ഇതിന്‍റെ ഉപയോഗം വിവേകപൂർവമാവണമെന്നും പഠനം അഭിപ്രായപ്പെട്ടു. അതേസമയം അപകടസാധ്യത നിർണയിക്കാൻ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതിന്‍റെ ആവശ്യകതയും ആൻഡ്രിയ എ. ബാക്കറെല്ലി ചൂണ്ടിക്കാട്ടി.