
കോട്ടയം: ചോറിന് കറിയൊന്നുമില്ലെങ്കില്‍ അധികം സമയം കളയാതെ രുചികരമായ സ്പെഷല്‍ മോരു കറി ഉണ്ടാക്കാം. സിംപിളാണ്. കുട്ടികള്‍ക്കും ഇഷ്ടമാകും.
എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
പപ്പായ പകുതി- ചെറുതായി നുറുക്കിയത്
കാന്താരി മുളക് – 10 – 15 എണ്ണം
ചെറിയ ഉള്ളി – 8 എണ്ണം
വെളുത്തുള്ളി – 4
ഇഞ്ചി – ചെറിയ കഷ്ണം
കറിവേപ്പില – കുറച്ച്
ഉണക്കമുളക് – 4
വെളിച്ചെണ്ണ – മൂന്ന് ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍
കായപ്പൊടി – ഒരു ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കടുക് – ഒരു ടീസ്പൂണ്‍
ഉലുവ – അര ടീസ്പൂണ്‍
തൈര് – ഒരു കപ്പ്
വെള്ളം – ഒരു കപ്പ്
തയാറാക്കുന്ന വിധം
ചെറുതായി നുറുക്കിയ പപ്പായിലേക്ക് അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും അര ടീസ്പൂണ്‍ കായപ്പൊടിയും അര ടീസ്പൂണ്‍ ഉപ്പും കുറച്ച് കാന്താരി മുളക് കീറിയതും, ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും ചേർത്ത് നന്നായി പുരട്ടിവയ്ക്കുക. ഇനിയൊരു ചട്ടി അടുപ്പത്ത് വച്ച് അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. ശേഷം ഇതിലേക്ക് ഒരു ടീസ്പൂണ്‍ കടുകും കടുക് നന്നായി പൊട്ടി വന്നതിനു ശേഷം അര ടീസ്പൂണ്‍ ഉലുവയും കൂടി ഇട്ട് കൊടുക്കാം. ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ ഉള്ളിയും ചതച്ചെടുക്കാം. അതും കൂടി ഇതിലേക്ക് ഇട്ടുകൊടുത്ത് നന്നായി വഴറ്റുക. കൂടെത്തന്നെ ഉണക്കമുളകും കറിവേപ്പിലയും കാന്താരി മുളകും ചേർത്ത് കുറച്ചു വഴറ്റിയതിനുശേഷം നേരത്തെ പുരട്ടിവെച്ച പപ്പായ കൂടെയിട്ട് ചെറിയ തീയില്‍ വഴറ്റി അടച്ചുവെച്ച് വേവിക്കാം. ഒരു കപ്പ് തൈരും ഒരു കപ്പ് വെള്ളവും കൂടി നന്നായി അടിച്ചെടുക്കുക. ഈ അടിച്ചെടുത്ത മോര് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. എല്ലാം കൂടെ നല്ലതുപോലെ ചൂടായാല്‍ പപ്പായ മോരു കറി തയാർ.



