video
play-sharp-fill
ഈ പത്രക്കാർക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ ..! കൊറോണക്കാലത്ത് ഇരിപ്പുറയ്ക്കാത്ത മാധ്യമ പ്രവർത്തകർക്ക് പട്ടിണിയും പരിവട്ടവും; മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങൾ ശമ്പളം വെട്ടിക്കുറയ്ക്കുന്നു

ഈ പത്രക്കാർക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ ..! കൊറോണക്കാലത്ത് ഇരിപ്പുറയ്ക്കാത്ത മാധ്യമ പ്രവർത്തകർക്ക് പട്ടിണിയും പരിവട്ടവും; മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങൾ ശമ്പളം വെട്ടിക്കുറയ്ക്കുന്നു

സ്വന്തം ലേഖകൻ

കൊച്ചി: കൊറോണക്കാലത്ത് മാധ്യമങ്ങളിലൂടെ നാട്ടുകാരെ ബോധവത്കരിക്കുന്ന തിരക്കിലാണ് ഓരോ മാധ്യമ പ്രവർത്തകനും. പൊലീസും ആരോഗ്യ പ്രവർത്തകരും ചെയ്യുന്ന ഓരോ ജോലിയ്ക്കൊപ്പം മാധ്യമ പ്രവർത്തകർക്കും ഓടിയെത്തുന്നുണ്ട്. രോഗം പിടിപെടാനുള്ള എല്ലാ സാഹചര്യങ്ങളിലും ഓരോ മാധ്യമ പ്രവർത്തകനും ഓടിയെത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൊറോണക്കാലത്തെ മാധ്യമ പ്രവർത്തനവും മാധ്യമ പ്രവർത്തകരുടെ ജീവിതവും ചർച്ചയാകുന്നത്.

കൊറോണയുടെ പേരിൽ മലയാള മനോരമ അടക്കമുള്ള മലയാള മാധ്യമങ്ങളും , ദേശീയ മാധ്യമങ്ങളും മാധ്യമ പ്രവർത്തകരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും ജോലി ഇല്ലാതാക്കാനും ഒരുങ്ങുകയാണ്. മലയാള മനോരമയും , മാതൃഭൂമിയും 30 മുതൽ അൻപത് ശതമാനം വരെയാണ് ശമ്പളം വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപേ പ്രതിസന്ധിയിലായ മറ്റു പത്രങ്ങളിൽ ഇനി എങ്ങിനെ ശമ്പളം കൊടുക്കാതിരിക്കാം എന്നും , ജീവനക്കാരെ എങ്ങിനെ പിരിച്ചു വിടാം എന്ന കാര്യത്തിലും അടക്കം ഗവേഷണം നടക്കുകയാണ്. ഇതിനിടെയാണ് കേരള യൂണിയൻ ഓഫ് വർക്കിംങ്ങ് ജേണലിസ്റ്റിൻ്റെ സംസ്ഥാന പ്രസിഡൻ്റ് കെ.പി റജിയുടെ പോസ്റ്റ് പുറത്ത് വന്നത്..

കെ പി റജിയുടെ പോസ്റ്റ് ഇങ്ങനെ

വിഷുദിനത്തിലെ ലോക്ഡൗണിൽ ഒരു പരിധി വരെ ആശ്വാസം കൊള്ളുന്നവരായിരിക്കും മാധ്യമപ്രവർത്തകർ. യാത്രാ വിലക്കിന്റെയും മറ്റും പേരിൽ ബന്ധുജന സന്ദർശനവും കൈനീട്ടവും ഒക്കെ ഒഴിവായതോടെ മാറിക്കിട്ടിയ പിരിമുറുക്കത്തിന്റെ ആഹ്ലാദം പങ്കുവെച്ച സഹപ്രവർത്തകർ നിരവധിയാണ്. നേരത്തെ തന്നെ ആറു മാസത്തിലധികം ശമ്പള കുടിശ്ശികയുള്ള മാധ്യമ സ്‌ഥാപനങ്ങൾ നിരവധിയായിരുന്നു. മഹാമാരിയായ കോവിഡ് പലരെയും പിരിച്ചുവിടാനും ശമ്പളം വെട്ടിച്ചുരുക്കാനുമുള്ള മറയാക്കി മാറ്റുകയാണ് പല മാധ്യമ മുതലാളിമാരും എന്നാണ് ദേശീയ തലത്തിൽനിന്നുതന്നെയുള്ള റിപ്പോർട്ടുകൾ നൽകുന്ന വിവരം. കോവിഡിന്റെയും ലോക്ഡൗണിന്റെയും പേരിൽ ആരെയും പിരിച്ചുവിടരുതെന്നും ശമ്പളം കുറയ്ക്കരുതെന്നുമുള്ള ഭരണാധികാരികളുടെ ഉണർത്തുപാട്ടുകൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന മാധ്യമ പ്രവർത്തകരിൽ എത്ര പേർക്ക് നാളെ അവരുടെ സ്‌ഥാപനത്തിൽ ഇരിപ്പിടം ഉണ്ടാവുമെന്ന് തീർച്ചയില്ല. പണി ഉള്ളവർക്കു പോലും പട്ടിണിയില്ലാതെ എങ്ങനെ കുടുംബം പുലർത്തും എന്ന് കണക്ക് കൂട്ടാൻ പോലും പറ്റാത്തത്ര ദുരിതാവസ്‌ഥ യിലാണ് കാര്യങ്ങളുടെ പോക്ക്.

ലോക് ഡൗണിൽ പണി നഷ്ടമായ വിവിധ ജനവിഭാഗങ്ങളുടെ നിത്യനിദാനത്തിനായി കേന്ദ്ര, സംസ്‌ഥാന സർക്കാറുകൾ വിവിധ ആശ്വാസ നടപടികളും സഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പണിയില്ലാതെ പണം ഇല്ലാതായവരെ സംരക്ഷിക്കാൻ ഭരണകൂടം കാണിക്കുന്ന കരുതൽ ശ്ളാഘനീയം തന്നെ. അതേസമയം, പണിയുണ്ടായിട്ടും പണമില്ലാതെ പിണമായി ജീവിക്കേണ്ടി വരുന്നവരുടെ യാതനകൾക്കു നേരെയും അധികാരത്തിന്റെ കണ്ണുകൾ തുറക്കാതിരിക്കുന്നതിനെ എന്തിന്റെ പേരിൽ നമുക്ക് ന്യായീകരിക്കാനാവും.

കോവിഡ് മഹാമാരിയെ വലിയൊരളവോളം പിടിച്ചുനിർത്താനായി എന്ന് ഭരണാ ധികാരികൾ ആവർത്തിച്ചു പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. വിഷു ദിനത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയും ഇതിനു തന്നെയാണ് ഊന്നൽ നൽകിയത്. വിവരങ്ങൾ യഥാസമയം ജനങ്ങളെ അറിയിച്ചും ബോധവത്കരണ ശ്രമങ്ങളിൽ ഭരണ സംവിധാനങ്ങൾക്കൊപ്പം തോളോടു തോൾ ചേർന്ന് കഠിനമായ ശ്രമങ്ങൾ നടത്തിയും ഈ പോരാട്ടത്തിൽ മാധ്യമങ്ങൾ വഹിച്ച പങ്ക് ഇനിയും ആവർത്തിക്കുന്നതിൽ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല.

ശമ്പള കുടിശ്ശികയുമായി ബന്ധപ്പെട്ട് അതത് മാനേജ് മെന്റുകൾക്കു മുന്നിലും പ്രത്യേക സാമ്പത്തിക പാക്കേജ്, അടിയന്തര സാമ്പത്തിക സമാശ്വാസം എന്നീ ന്യായ മായ ആവശ്യങ്ങൾ ഉന്നയിച്ചു കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾക്ക് മുന്നിലും പലകുറി മുട്ടി യെങ്കിലും അനുഭാവ ത്തിന്റെ വാതിലുകൾ എവിടെയും തുറക്കുന്ന ലക്ഷണം ഇനിയും ദൃശ്യമായിട്ടില്ല.

പരസ്യ നഷ്ടത്തിന്റെ പേരിലാണ് മാധ്യമ മുതലാളിമാർ പിരിച്ചുവിടലിനും ശമ്പളം വെട്ടിക്കുറക്കുന്നതിനും കോപ്പ് കൂട്ടിക്കൊണ്ടിരിക്കുന്നത്. പരസ്യ നഷ്ടത്തിന്റെ പേരിൽ ശമ്പളം കുറയ്ക്കാൻ ഒരുങ്ങുന്നവർ ഒന്നും തുടർച്ചയായ മുഴുനീള ബഹുവർണ പേജുകൾ പരസ്യം
അച്ചടിച്ചു വിറ്റ പുഷ്കല നാളുകളിലൊന്നിലും ജീവനക്കാർക്ക് അതിന്റെ പേരിൽ അധികമായി നയാ പൈസ നൽകാൻ മിനക്കെടാത്തവരാണ്.

പ്രത്യക്ഷത്തിൽ അനുഭവവേദ്യമാകാത്ത വിധത്തിൽ അച്ചടി മാധ്യമങ്ങൾ മറ്റു വിവിധ ചെലവ് ചുരുക്ക നടപടികൾ ഇതിനകം സ്വീകരിച്ചു നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ട്. പേജ് ചുരുക്കലും പ്രാദേശിക എഡിഷനുകൾ ചുരുക്കിയതുമാണ് അതിൽ പ്രധാനം. വരുമാന നഷ്ടം ഭീമമാണെങ്കിലും ചെലവ് ഇനത്തിൽ വലിയൊരു കുറവ് വരുത്താൻ സഹായകമാണ് ഈ നടപടികൾ. പത്രക്കടലാസിന്റെ വില നിലവാരം അനുസരിച്ച് മുൻനിര പത്രങ്ങൾക്ക് പ്രതിദിനം നാലു പേജ് കുറച്ചാൽ തന്നെ ചെലവ് ഇനത്തിൽ ചുരുക്കാൻ കഴിയുന്നത് ലക്ഷങ്ങളാണ്. ഏതാണ്ട് എല്ലാ മലയാള പത്രങ്ങളും നിലവിൽ നാലു മുതൽ ആറു വരെ പേജ് ശരാശരി കുറച്ചുകഴിഞ്ഞു. 22 ലക്ഷം കോപിയിൽ ദിവസം നാലു പേജ് കുറഞ്ഞാൽ 20 ലക്ഷത്തിലേറെയാണ് ചെലവ് ലാഭിക്കാൻ കഴിയുക. മാസം ആറു കോടിയിലേറെ രൂപ. 15 ലക്ഷം കോപ്പി ആണെങ്കിൽ ഏതാണ്ട് നാലേകാൽ കൊടിയും. പത്രക്കടലാസ് വില ഏറ്റവും കുറഞ്ഞ നിരക്കിൽ കൂട്ടിയാലുള്ള കണക്കാണിത്.

ഇന്ത്യയിൽ മാധ്യമ വ്യവസായികൾ മറ്റു പല മേഖലകളിൽ കൂടി മുതൽ മുടക്ക് നടത്തിയിട്ടുള്ളവരാണ്. ചിലർ അത് വാണിജ്യ സംരംഭങ്ങളിൽ ആണെങ്കിൽ മറ്റു ചിലർക്ക് രാഷ്ട്രീയത്തിലും സാമൂഹിക പ്രസ്‌ഥാന രംഗത്തും ലാഭം ലാക്കാക്കിയുള്ള നിക്ഷേപമാണ് മാധ്യമ രംഗം. താൽക്കാലികമായ പരസ്യ നഷ്ടം മൊത്തത്തിലുള്ള ലാഭത്തിൽ കുറവ് ഒന്നും ഉണ്ടാക്കുന്നില്ല എന്നു സാരം. മാത്രമല്ല, മാധ്യമ വ്യവസായത്തിന്റെ ലാഭം തന്നെ ഏതാണ്ട് എല്ലാ സ്‌ഥാപനങ്ങൾക്കും വൻ ലാഭമായി സംസ്‌ഥാനത്തും രാജ്യമെമ്പാടുമായി തല ഉയർത്തി നിൽക്കുന്നുമുണ്ട്.

ഉർവശി ശാപം ഉപകാരമായി എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് മാധ്യമ മുതലാളിമാർ അണിയറയിൽ തിരക്കഥ ചമക്കുന്നതെന്നു വ്യക്തം. രാജ്യത്തെ നിയമ വ്യവസ്‌ഥയും പൊതുബോധവും അതിന് എതിരാണ് എന്ന് ഇനിയെങ്കിലും തിരിച്ചറിയണം എന്ന് മാത്രമാണ് ഈ സന്ദർഭത്തിൽ അവരെ ഓർമിപ്പിക്കാനുള്ളത്. സമ്പത്തിന്റെയും സ്വാധീനത്തിന്റേയും കണ്ണുരുട്ടലിൽ അധികാരത്തിന്റെ മുട്ട് വിറക്കില്ല എന്നും പ്രതീക്ഷിച്ചു പോകുന്നു. അല്ലാത്തപക്ഷം പട്ടിണിയിൽനിന്നും കൊടിയ യാതനകളിൽനിന്നും രക്ഷ തേടി മാധ്യമപ്രവർത്തകർ നടത്തുന്ന ജീവന്മരണ പോരാട്ടത്തിനായിരിക്കും കോവിഡാനന്തര കാലം രാജ്യം സാക്ഷ്യം വഹിക്കേണ്ടിവരിക.