
സ്വന്തം ലേഖിക
തിരുവനന്തപുരം: കൈപിടിച്ച് ഉയര്‍ത്താൻ ലഭിച്ച അവസരങ്ങളിലൊന്നും ആത്മ സുഹൃത്തായ രമേശ് ചെന്നിത്തല സഹായിച്ചില്ലെന്ന് പന്തളം സുധാകരന്‍.ഭാഗ്യം കൊണ്ട് ചെന്നിത്തല ഉയരങ്ങളിലെത്തി. അദ്ദേഹത്തിൻ്റെ ഒപ്പമുണ്ടായിരുന്ന താൻ ഉയരങ്ങളിലേക്ക് പോയില്ലെങ്കിലും ചീത്തപ്പേര് കേള്‍ക്കാതെ ഇപ്പോഴും പിടിച്ചു നില്‍ക്കുന്നുണ്ടെന്നും പന്തളം സുധാകരൻ കുട്ടിച്ചേര്‍ത്തു. എപ്പോഴും തന്‍റെ പോക്കറ്റിലുള്ള ആളാണ് എന്ന ചിന്തയുള്ളതുകൊണ്ട് പോക്കറ്റില്‍ തന്നെ കിടക്കട്ടേ എന്ന് കരുതിയിരിക്കാം. അതുകൊണ്ടായിരിക്കും മറ്റുള്ളവരെ സഹായിച്ചപ്പോഴും തന്നെ അവഗണിച്ചത്. സൗഹൃദവും സ്നേഹവും കൂടി പോയതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. എവിടെവെച്ചോ എങ്ങനെയോ രമേശ് മനപ്പൂര്‍വ്വം തന്നെ മറന്നു പോയതാണ്. ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പന്തളത്തിന്‍റെ വെളിപ്പെടുത്തല്‍.
വിശ്വപൗരനായിരുന്ന മുൻ രാഷ്ട്രപതി കെ.ആര്‍. നാരായണനെ കോണ്‍ഗ്രസ് നേതൃത്വം പല തവണ അപമാനിക്കുകയും അവഗണിക്കുകയും ചെയ്തു. ഹൈക്കമാൻഡിൻ്റെ നിര്‍ദേശപ്രകാരം കേരള രാഷ്ട്രീയത്തില്‍ സജീവമാകാനാണ് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ വിസി സ്ഥാനം രാജിവെച്ച് അദ്ദേഹം തിരുവനന്തപുരത്ത് എത്തുന്നത്.അദ്ദേഹത്തിൻ്റെ വരവിനെ കെ.കരുണാകരൻ അടക്കമുള്ളവര്‍ സ്വാഗതം ചെയ്തിരുന്നു. മെംബര്‍ഷിപ്പ് സ്വീകരിക്കാൻ കെപിസിസി ആസ്ഥാനത്തെത്തിയ കെ.ആര്‍.നാരായണനെ തിരുവനന്തപുരം ഡിസിസി ഓഫീസിലേക്കയച്ച് അപമാനിച്ചു. അദ്ദേഹത്തിൻ്റെ മഹത്വമറിയാമായിരുന്ന ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനായ തലേക്കുന്നില്‍ ബഷീര്‍ എല്ലാ ആദരവും നല്‍കി സ്വീകരിച്ചതായും സുധാകരൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരത്ത് മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച അദ്ദേഹത്തോട് വിശാല ഹൃദയരായ സംസ്ഥാനത്തെ നേതാക്കള്‍ ഒറ്റപ്പാലം സംവരണ മണ്ഡലത്തില്‍ പോയി മത്സരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തിരുവനന്തപുരത്ത് മത്സരിച്ചാല്‍ ശരിയാവില്ലെന്ന് പറയാതെ പറയുകയായിരുന്നു നേതൃത്വമെന്നും അദ്ദേഹം വെളിപ്പെടുത്തി. ജാതി സമവാക്യങ്ങള്‍ കാരണം ഒറ്റപ്പാലത്ത് മത്സരിക്കേണ്ടി വന്നെങ്കിലും അവിടുത്തെ എല്ലാ വിഭാഗം ജനങ്ങളും അദ്ദേഹത്തിന് വേണ്ടി ഇറങ്ങി. ഒറ്റപ്പാലത്തെ ജനങ്ങള്‍ ജാതി നോക്കാതെ ദേശീയ താല്പര്യത്തിനൊപ്പം നിന്നു. ആ മണ്ഡത്തിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധത തനിക്കും നേരിട്ട് അനുഭവമുള്ള കാര്യമാണെന്നും പന്തളം സുധാകരൻ പറഞ്ഞു.
ഒറ്റപ്പാലത്ത് രണ്ടാം തവണ മത്സരിക്കാനിറങ്ങിയ കെ.ആര്‍. നാരായണനെ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പും എ ഗ്രൂപ്പും ചേര്‍ന്ന് അപമാനിച്ചെന്നും അഭിമുഖത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വെളിപ്പെടുത്തി. സിറ്റിംഗ് സീറ്റില്‍ കെ.ആര്‍.നാരായണനൊപ്പം മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ പേരും കെ കരുണാകരൻ, എകെ ആൻ്റണി, ഉമ്മൻ ചാണ്ടി എന്നവര്‍ അടങ്ങുന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റിയിലെ ചര്‍ച്ചക്കിടയില്‍ കെ.ആര്‍.നാരായണൻ രോഷാകുലനായി “തനിക്കെന്താണ് അയോഗ്യത ” എന്ന് ഇംഗ്ലീഷിലും മലയാളത്തിലും മാറി മാറി ചോദിച്ചു. കെ.ആര്‍.നാരായണൻ്റെ പേരും ഐ ഗ്രൂപ്പ് കാരനായ കെ.കെ.ബാലകൃഷ്ണൻ്റെ പേരും പാനലിലിട്ടാണ് ഹൈക്കമാൻഡിന് സംസ്ഥാന നേതൃത്വം നല്‍കിയത്. എന്നാല്‍ താൻ സ്ഥാനാര്‍ത്ഥിയാകും എന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. ഇരുഗ്രൂപ്പുകളും തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താൻ മത്സരിച്ചപ്പോള്‍ കെ.ആര്‍.നാരായണനെ പോലുള്ള ഒരു വ്യക്തിത്വത്തെ പാനലിലിട്ട് അദ്ദേഹത്തെയും ഒപ്പം കോണ്‍ഗ്രസ് പാര്‍ട്ടിയേയും ഗ്രൂപ്പ് നേതാക്കള്‍ അപമാനിക്കുകയായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.
മരണശേഷവും കെ.ആര്‍.നാരായണനോട് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നീതി കാണിച്ചില്ല. കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തിൻ്റെ ജന്മദിനമോ ചരമദിനമോ അനുസ്മരിക്കാറില്ല. കെ.ആര്‍.നാരായണൻ അധസ്ഥിത വിഭാഗത്തില്‍ നിന്നും ഉയര്‍ന്നു വന്നയാളായതുകൊണ്ടാണ് ഇത്തരത്തില്‍ അവഗണന നേരിടുന്നത്. അദ്ദേഹത്തിന് ഗ്രൂപ്പോ രാഷ്ട്രീയ പിൻഗാമികളോ ഇല്ലാതെ പോയതാണ് രണ്ടാമത്തെ കാരണം. ഗ്രൂപ്പടിസ്ഥാനത്തിലാണ് ഇപ്പോഴും കോണ്‍ഗ്രസില്‍ ജൻമദിനവും ചരമദിനവുമൊക്കെ ആഘോഷിക്കാറുള്ളതെന്നും പന്തളം ചൂണ്ടിക്കാട്ടി.



