
പാനൂർ ബോംബ് സ്ഫോടനം: പ്രതികൾക്ക് ജാമ്യം അനുവദിച്ചു, 90 ദിവസമായിട്ടും കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടില്ല
കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടനക്കേസിലെ പ്രതികള്‍ക്ക് ജാമ്യം. മൂന്നാം പ്രതി അരുൺ,നാലാം പ്രതി സബിൻ ലാൽ, അഞ്ചാം പ്രതി അതുൽ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ഏറെ വിവാദമായ സംഭവം നടന്ന് 90 ദിവസമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് കോടതി ജാമ്യം അനുവദിച്ചത്. തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസമാണ് കേസിലെ ഒന്നാം പ്രതി വിനീഷിനെ പൊലീസ് പിടികൂടിയത്. സ്ഫോടനത്തിൽ പരിക്കേറ്റ് കോയമ്പത്തൂരിൽ ചികിത്സയിലായിരുന്ന വിനീഷ് ആശുപത്രി വിട്ടതോടെയാണ് അറസ്റ്റ് ചെയ്തത്. ബോംബ് നിർമാണത്തിന്‍റെ മുഖ്യസൂത്രധാരൻ വിനീഷെന്നാണ് പൊലീസ് പറയുന്നത്.
ഇയാളുടെ വീടിന് തൊട്ടടുത്ത നിർമാണത്തിലിരുന്ന വീട്ടിലാണ് ബോംബ് നിർമിച്ചിരുന്നത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി. രണ്ടാം പ്രതി ഷെറിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. കേസില്‍ മുഴുവൻ പ്രതികളും പിടിയിലായിട്ടും പൊലീസ് ഇതുവരെയായിട്ടും കുറ്റപത്രം സമര്‍രപ്പിച്ചിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോംബ് നിർമാണത്തിന് പിന്നിൽ കൊളവല്ലൂരിലെയും പാനൂരിലെയും ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള പകയുമാണെന്നാണ് പൊലീസ് പറയുന്നത്. ഒരു സംഘത്തെ നയിച്ചത് സ്ഫോടനത്തിൽ പരിക്കേറ്റ വിനീഷാണെന്നും മറുസംഘത്തിന്‍റെ തലവൻ കാപ്പ ചുമത്താൻ ശുപാർശ ചെയ്ത ദേവാനന്ദാണെന്നും പൊലീസ് പറയുന്നു.
മാർച്ച് എട്ടിന് കുയിമ്പിൽ ക്ഷേത്രോത്സവത്തിനിടെയും സംഘർഷമുണ്ടായിരുന്നു. പിന്നാലെയാണ് എതിരാളികളെ പേടിപ്പിക്കാൻ ബോംബ് നിർമാണം തുടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്.
കേസിൽ പന്ത്രണ്ട് പ്രതികളാണ് ഉള്ളത്. ഇവരിൽ നാല് പേർ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളാണ്. അമൽ ബാബു, അതുൽ, സായൂജ്, ഷിജാൽ എന്നിവർ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളാണെന്ന് ഡിവൈഎഫ്ഐ നേതൃത്വവും സ്ഥിരീകരിച്ചിരുന്നു.