
മുംബൈ: പനീർ എന്ന പേരിൽ വിറ്റഴിച്ചിരുന്നത് വ്യാജമായി നിർമ്മിച്ചെടുത്ത ചീസ്. പ്രമുഖ നിർമ്മാതാക്കളിൽ നിന്ന് പിടിച്ചെടുത്തത് 550 കിലോ വ്യാജ പനീർ. മഹാരാഷ്ട്രയിലെ ആന്റോപ് ഹില്ലിൽ നടന്ന റെയ്ഡിലാണ് വലിയ തോതിൽ വ്യാജ പനീർ കണ്ടെത്തിയത്. മലായ് പനീർ എന്ന പേരിലായിരുന്നു ഇത് വിറ്റഴിച്ചിരുന്നത്. പതിവായി വാങ്ങുന്ന പനീറിനേക്കുറിച്ച് സംശയം തോന്നിയവർ നൽകിയ രഹസ്യ വിവരത്തേ തുടർന്നായിരുന്നു റെയ്ഡ് നടന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു റെയ്ഡ് നടന്നത്. ഓം കോൾഡ് ഡ്രിങ്ക് ഹൗസ്, ശ്രീ ഗണേഷ് ഡയറി എന്നിവയുടെ ഔട്ട്ലെറ്റുകളിലാണ് റെയ്ഡ് നടന്നത്. പാൽപ്പൊടിയും പാം ഓയിലും ചില കെമിക്കലും ചേർന്നാണ് ഈ വ്യാജ ചീസ് നിർമ്മിച്ചിരുന്നത്. പ്രദേശവാസികൾക്കും നിരവധി ഹോട്ടലുകളും കാറ്ററിംഗ് സ്ഥാപനങ്ങൾക്കും ഇവരുടെ വ്യാജ പനീറിനേക്കുറിച്ച് സംശയം തോന്നിയിരുന്നില്ല. യഥാർത്ഥ പാൽ ഉപയോഗിക്കാതെ ഇത്തരത്തിൽ നിർമ്മിച്ചെടുക്കുന്ന ഉത്പന്നങ്ങളെ ചീസ് അനലോഗ് എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ ഇവ പനീർ എന്ന പേരിൽ വിൽക്കുന്നത് അതീവ അപകടകരമാണ്. ഭക്ഷ്യവിഷബാധയും മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും ചീസ് അനലോഗോ കാരണമാകാറുണ്ട്.
ഗുണനിലവാരമില്ലാത് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്നതിനാൽ ഇവയിൽ പ്രോട്ടീൻ അംശം ഏറെ കുറവുമാണ്. നഗരത്തിലെ ഭക്ഷ്യ സാധനങ്ങളുടെ വിതരണത്തിൽ കൂടുതൽ സുതാര്യത ലക്ഷ്യമിട്ടായിരുന്നു റെയ്ഡ് നടന്നത്. ഉത്സവ കാലങ്ങൾ അടുത്ത് വരുന്നതിനാൽ വാങ്ങുന്ന ഉത്പന്നങ്ങളേക്കുറിച്ച് ഉപഭോക്താക്കൾക്കും ബോധ്യം വേണമെന്നും അധികൃതർ വിശദമാക്കി. പാൽ ഉൽപന്നങ്ങൾ സുരക്ഷിതമായ നിർമ്മാതാക്കളുടെ മാത്രം വാങ്ങണമെന്നാണ് ഭക്ഷ്യ സുരക്ഷാ അധികൃതർ വിശദമാക്കിയത്.