
തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിൽ നടന്ന ആനക്കൊമ്പ് മോഷണക്കേസിലെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. ക്യാമ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും ഭാര്യയും സംശയ പരിധിയിൽ എത്തിയതായി സൂചനകൾ പുറത്തുവരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് അന്വേഷണത്തിന് നിർണായകമായ വിവരങ്ങൾ ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു.
മോഷ്ടിക്കപ്പെട്ട ആനക്കൊമ്പുകൾ ക്യാമ്പ് പരിധി വിട്ടിട്ടില്ലെന്നാണ് പൊലീസിന്റെ നിലവിലെ വിലയിരുത്തൽ. സൈനിക ക്യാമ്പുമായി ബന്ധപ്പെട്ട കേസ് ആയതിനാൽ അന്വേഷണം നടത്തുന്നതിൽ പൊലീസിന് പല പ്രതിസന്ധികളും നേരിടേണ്ടിവരുന്നു. ക്യാമ്പ് കേന്ദ്രീകരിച്ച് വിശദമായ പരിശോധന നടത്താൻ ആവശ്യമായ അനുമതികൾ ലഭിക്കാത്തതാണ് പ്രധാന തടസ്സം. ഇതുവരെ ക്യാമ്പിനുള്ളിലെ വനപ്രദേശം പരിശോധിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല.
ഫെബ്രുവരി 13-നാണ് മോഷണവിവരം പുറത്തുവന്നത്. ഏകദേശം രണ്ട് കോടി രൂപ വിലവരുന്ന രണ്ട് ആനക്കൊമ്പുകളാണ് നഷ്ടമായത്. 1929-ൽ സർക്കാർ സൈന്യത്തിന് കൈമാറിയ ഈ ആനക്കൊമ്പുകൾ ക്യാമ്പിലെ ഓഫീസേഴ്സ് ക്ലബ്ബിൽ സൂക്ഷിച്ചിരുന്നതായിരുന്നു. കർശന സുരക്ഷയ്ക്കിടയിൽ നിന്നാണ് ഇവ മോഷണം പോയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യ ഘട്ടത്തിൽ ക്യാമ്പിന് പുറത്തുനിന്നുള്ള ആളുകളാണ് മോഷണത്തിന് പിന്നിലെന്ന് കരുതിയിരുന്നുവെങ്കിലും, അന്വേഷണം പുരോഗമിച്ചപ്പോൾ ക്യാമ്പിനുള്ളിലുള്ളവരുടെ പങ്ക് സംശയിക്കുന്നതിലേക്ക് പൊലീസ് നീങ്ങിയിരിക്കുകയാണ്.



