സ്വന്തം ലേഖകൻ
കോട്ടയം: പനച്ചിക്കാട് പഞ്ചായത്തിൽ പ്രസിഡന്റിനു പിന്നാലെ വൈസ് പ്രസിഡന്റും അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായി. കോൺഗ്രസ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ ബിജെപിയും ബിഡിജെഎസും പിൻതുണച്ചതോടെയാണ് വൈസ് പ്രസിഡന്റ് അനിലാ വിജുവിനെതിരായ അവിശ്വാസ പ്രമേയം പാസായത്. സിപിഎമ്മിന് പത്ത് വോട്ട് ലഭിച്ചപ്പോൾ, ബിജെപിയിലെ ഒരു വിഭാഗം പിൻതുണച്ചതോടെ കോൺഗ്രസിന് പന്ത്രണ്ട് വോട്ടായി.
വ്യാഴാഴ്ച രാവിലെ നടന്ന തിരഞ്ഞെടുപ്പിൽ ഇതേ വോട്ട് ശരാശരയിൽ പഞ്ചായത്ത് പ്രസിഡന്റ് ഇ.ആർ സുനിൽകുമാർ പരാജയപ്പെട്ടിരുന്നു. എന്നാൽ, സിപിഎമ്മിന്റെയും ബിജെപിയുടെയും അവിശുദ്ധ കൂട്ട് കെട്ടിന്റെ പരാജയമാണ് വോട്ടെടുപ്പിൽ കണ്ടതെന്ന് ഡിസിസി ജനറൽ സെക്രട്ടറി ജോണി ജോസഫ് പറഞ്ഞു. വോട്ടെടുപ്പിൽ നിന്നു വിട്ടു വിട്ടു നിൽക്കാനാണ് ബിജെപിയും, ബിഡിജെഎസും അംഗങ്ങൾക്ക് നിർദേശം നൽകിയിരുന്നത്. എന്നാൽ, ഇത് അംഗീകരിക്കാതെ വിമത വിഭാഗം വോട്ട് ചെയ്യുകയായിരുന്നു. ഇതോടെയാണ് സിപിഎം ബിജെപി ധാരണ പൊളിഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ, വോട്ട് ചെയ്തവർ ബിജെപിയിലെ വിമത വിഭാഗമാണെന്ന് വരുന്നതോടെ ഇനി മറ്റൊരു രാഷ്ട്രീയ തന്ത്രമാവും പനച്ചിക്കാട് പഞ്ചായത്തിൽ അരങ്ങേറുക. ബിജെപിയിലെ വിമത വിഭാഗമായ രണ്ടു പേരുടെയും, ബിഡിജെഎസിലെ ഒരാളുടെയും പിൻതുണയോടെ കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കും. ഇതുവഴി പഞ്ചായത്തിലെ ഭരണം പിടിച്ചെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപ്പ് ലംഘിച്ച് വോട്ട് ചെയ്തവരായതിനാൽ ബിജെപിയുടെ ഔദ്യോഗിക പിൻതുണയുണ്ടെന്ന വാദം ഒഴിവാക്കാനും ഇതുവഴി സാധിക്കും. ഇനി പനച്ചിക്കാട് എന്ത് സംഭവിക്കുമെന്നറിയാൻ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും.