play-sharp-fill
പനച്ചിക്കാട് ഇരുപത് ദിവസമായി വെള്ളമില്ല: വാട്ടർ അതോറിറ്റിയുടെ പഴി തിരഞ്ഞെടുപ്പ് കമ്മിഷന്: പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്

പനച്ചിക്കാട് ഇരുപത് ദിവസമായി വെള്ളമില്ല: വാട്ടർ അതോറിറ്റിയുടെ പഴി തിരഞ്ഞെടുപ്പ് കമ്മിഷന്: പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്

സ്വന്തം ലേഖകൻ

കോട്ടയം: തിരഞ്ഞെടുപ്പ് കമ്മിഷനെ പഴിചാരി വാട്ടർ അതോറിറ്റി പൈപ്പിന്റെ അറ്റകുറ്റപണികൾ വൈകിപ്പിക്കുന്നതോടെ ഇരുപത് ദിവസമായി തൊണ്ട നനയ്ക്കാൻ ഒരു തുള്ളി വെള്ളം ലഭിക്കാതെ പനച്ചിക്കാട് പഞ്ചായത്ത് നിവാസികൾ. കൊല്ലാട് – കഞ്ഞിക്കുഴി റോഡിൽ കളത്തിക്കടവ് പാലത്തിൽ ഇരുപത് ദിവസം മുൻപ് പൈപ്പ് പൊട്ടിയതോടെയാണ് പനച്ചിക്കാട് പ്രദേശത്തേയ്ക്കുള്ള ജല വിതരണം പ്രതിസന്ധിയിലായത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ വിലക്കുണ്ടെന്നും, അറ്റകുറ്റപണി നടത്താൻ ഫണ്ടിന്റെ അപര്യാപ്തതയുണ്ടെന്നും പറഞ്ഞാണ് ഇപ്പോൾ വാട്ടർ അതോറിറ്റി അറ്റകുറ്റപണികൾ വൈകിപ്പിക്കുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി കൊല്ലാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി രംഗത്ത് എത്തി. വ്യാഴാഴ്ച രാവിലെ പത്തിന് കൊല്ലാട് കോൺഗ്രസ് മണ്ഡലം ക്മ്മിറ്റിയുടെ നേതൃത്വത്തിൽ കളത്തിക്കടവ് പാലത്തിന് സമീപം പ്രതിഷേധ ധർണ്ണ നടത്തും.
ഇരുപത് ദിവസം മുൻപാണ് കളത്തിക്കടവ് പാലത്തിന് സമീപം പനച്ചിക്കാട് പഞ്ചായത്തിലെ രണ്ട് ഓവർഹെഡ് ടാങ്കിലേയ്ക്കുള്ള വെള്ളം എത്തിക്കുന്ന പൈപ്പ് ലൈൻ പൊട്ടിയത്. കൊല്ലാട് , വെള്ളുത്തുരുത്തി എന്നിവിടങ്ങളിലേയ്ക്കുള്ള ടാങ്കുകളിൽ വെള്ളം നിറച്ച ശേഷം പനച്ചിക്കാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വെള്ളം എത്തിക്കുകയാണ് ചെയ്യുന്നത്.
നിലവിലെ സാഹചര്യത്തിൽ എട്ടു സോണുകളിലാണ് വെള്ളം എത്തിക്കുന്നത്. നാലു ദിവസം കൂടുമ്പോഴാണ് ഓരോ പ്രദേശങ്ങളിലും വെള്ളം എത്തിയിരുന്നത്. എന്നാൽ, പൈപ്പ് പൊട്ടിയതോടെ 16 ദിവസം കൂടുമ്പോൾ മാത്രമാണ് വെള്ളം എത്തിയിരുന്നത്. ഇതേ തുടർന്നാണ് കുടിവെള്ളം ലഭിക്കാതെ വന്ന സ്ഥിതിയുണ്ടായത്.
ഇതേ തുടർന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ധർണ്ണ നടത്താനൊരുങ്ങുന്നത്. കൊല്ലാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സിബി ജോൺ അദ്ധ്യക്ഷത വഹിക്കും.