തേർഡ് ഐ വാർത്തയ്ക്കു പിന്നാലെ പനച്ചിക്കാട്ടെ തിരക്കൊഴിവാക്കാൻ കർശന നടപടി: പനച്ചിക്കാട് ക്ഷേത്രത്തിൽ ഇനി പ്രവേശനം ആപ്പ് വഴി രജിസ്റ്റർ ചെയ്തവർക്കു മാത്രം; ആപ്പില്ലാതെ എത്തുന്നവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ല
തേർഡ് ഐ ബ്യൂറോ
കോട്ടയം: നവരാത്രി ദിനങ്ങളിൽ ഏറെ പ്രധാനപ്പെട്ട വിദ്യാരംഭത്തിന് പനച്ചിക്കാട് ക്ഷേത്രത്തിൽ തിരക്ക് വർദ്ധിച്ച് കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കാതിരിക്കാൻ കർശന നടപടിയുമായി പൊലീസ്. പനച്ചിക്കാട് ക്ഷേത്രത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ഭക്തർ പാലിക്കുന്നില്ലെന്നു രാവിലെ തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകിയതിനു പിന്നാലെയാണ് ഇപ്പോൾ പൊലീസിന്റെ കർശന ഇടപെടൽ. ക്ഷേത്രത്തിൽ തിങ്കളാഴ്ച എത്തുന്ന ഭക്തർ നിർബന്ധമായും ക്ഷേത്രം ഭാരവാഹികൾ പുറത്തിറക്കിയ ആപ്പ് വഴി രജിസ്റ്റർ ചെയ്യണമെന്നാണ് ഇപ്പോൾ നിർദേശിച്ചിരിക്കുന്നത്.
പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് ആപ്പ് വഴി മാത്രമേ പ്രവേശനം അനുവദിക്കൂവെന്നു ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ബിൻസ് ജോസഫാണ് പത്രക്കുറിപ്പ് പുറത്തിറക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്ര ഭാരവാഹികൾ തയ്യാറാക്കിയിട്ടുള്ള മൊബൈൽ ആപ്പ് വഴി മുൻകൂട്ടി നിശ്ചയിച്ച സമയത്തു മാത്രമേ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കൂ. രജിസ്റ്റർ ചെയ്തിട്ടുള്ളവർ മുൻകൂട്ടി നിശ്ചയിച്ച സമയത്ത് ദർശനം നടത്തേണ്ടതാണ്. വിദ്യാരംഭത്തിനു ശേഷം ഭക്തർ ക്ഷേത്ര പരിസരം വിട്ടു പോകേണ്ടതാണ്.
ക്ഷേത്രത്തിൽ അനാവശ്യമായ ആൾക്കൂട്ടം അനുവദിക്കുന്നതല്ല. ആപ്പ് വഴി രജിസ്റ്റർ ചെയ്യാത്തവർക്ക് ക്ഷേത്രത്തിൽ യാതൊരു കാരണവശാലും പ്രവേശനം അനുവദിക്കുന്നതല്ലന്നും പൊലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.