പനച്ചിക്കാട് നവരാത്രി ഉത്സവം; ഹരിതചട്ടം പാലിക്കും
സ്വന്തം ലേഖകൻ
പനച്ചിക്കാട് : ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ഈ മാസം 27 മുതൽ ഒക്ടോബർ എട്ട് വരെ നടക്കുന്ന നവരാത്രി മഹോത്സവത്തിൽ ഹരിതചട്ടം പാലിക്കും. ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലാ കളക്ടർ പി. കെ. സുധീർ ബാബുവിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
ക്ഷേത്ര പരിസരത്തെ കടകളിൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കാരി ബാഗുകൾ ഉപയോഗിക്കുന്നത് നിരോധിക്കും. ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ നിക്ഷേപിക്കുന്നതിന് ബോട്ടിൽ ബൂത്തുകളും ജൈവ-അജൈവ മാലിന്യ ശേഖരണത്തിന് ബിന്നുകളും സ്ഥാപിക്കും. ഉത്സവ സംഘാടനവുമായി ബന്ധപ്പെട്ട് നിയോഗിച്ചിട്ടുളള തൊഴിലാളികൾക്ക് പുറമേ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഹരിത സേനാംഗങ്ങളും ശുചീകരണത്തിൽ പങ്കാളികളാകും. ഭക്ഷണ ശാലകളിൽ ഡിസ്‌പോസിബിൾ പാത്രങ്ങൾക്ക് പകരം സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും ഉപയോഗിക്കും. കച്ചവട സ്ഥാപനങ്ങൾക്ക് ഹെൽത്ത് കാർഡും ലൈസൻസും നിർബന്ധമാക്കും. ഹരിത നിയമാവലി പാലനം ഉറപ്പു വരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ജില്ലാ ശുചിത്വമിഷൻ നേതൃത്വം നൽകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരുത്തുംപാറ, കഞ്ഞിക്കുഴി, പാറക്കുളം,പുതുപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗത്തിന് നിർദേശം നൽകി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസ് കൺട്രോൾ റൂം തുറക്കും. തിരക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിനും പോലീസ്-ഗതാഗതവകുപ്പുകളെ ചുമതലപ്പെടുത്തി. കെ.എസ്.ആർ.ടി.സി കൂടുതൽ ബസ് സർവ്വീസുകൾ ഏർപ്പെടുത്തും.
ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും അടങ്ങുന്ന മെഡിക്കൽ സംഘത്തെയും ആംബുലൻസ് സൗകര്യവും ജില്ലാ മെഡിക്കൽ ഓഫീസിൻറെ നേതൃത്വത്തിൽ സജ്ജമാക്കും.
കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ ഈഷ പ്രിയ, എ.ഡി.എം ടി.കെ.വിനീത്, ഡെപ്യൂട്ടി കളക്ടർ അലക്‌സ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.