പനച്ചിക്കാട് പഞ്ചായത്തിൽ വീണ്ടും രാഷ്ട്രീയ നാടകം: രണ്ടാം തവണയും തിരഞ്ഞെടുപ്പ് മുടങ്ങി; കോറം തികഞ്ഞില്ലെങ്കിലും വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കും
സ്വന്തം ലേഖകൻ
കോട്ടയം: പനച്ചിക്കാട് പഞ്ചായത്തിൽ വീണ്ടും രാഷ്ട്രീയ നാടകം. കോൺഗ്രസ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതോടെ വീണ്ടും തിരഞ്ഞെടുപ്പ് മുടങ്ങി. വെള്ളിയാഴ്ച വീണ്ടും തിരഞ്ഞെടുപ്പ് നടക്കും. ക്വാറം തികഞ്ഞില്ലെങ്കിലും വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കും. സിപിഎം ഭരണത്തിലിരുന്ന പഞ്ചായത്തിൽ ആഗസ്റ്റ് 30 നാണ് കോൺഗ്രസ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായത്. പഞ്ചായത്ത് പ്രസിഡന്റ് വി.ആർ സുനിൽകുമാറും, വൈസ് പ്രസിഡന്റ് അനിലാ വിജുവും പുറത്താകുകയായിരുന്നു. തുടർന്ന് സെപ്റ്റംബർ 22 ന് വോട്ടടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തു. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇമെയിൽ ലഭിച്ചില്ലെന്ന് പറഞ്ഞ വരണാധികാരി
ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജെയിംസ് കുട്ടി കൃത്യസമയത്ത് തിരഞ്ഞെടുപ്പ് വിജ്ഞാപനം പഞ്ചായത്ത് അംഗങ്ങളെ അറിയിച്ചു. ഏഴ് ദിവസം മുൻപ് തിരഞ്ഞെടുപ്പ് നോട്ടീസ് അംഗങ്ങൾക്ക് ലഭിക്കാതെ വന്നതോടെ തിരഞ്ഞെടുപ്പ് നടത്താൻ സാധിച്ചില്ല. ഇതിനു പിന്നാലെ വരണാധികാരിയ്ക്കെതിരെ പരാതിയുമായി കോൺഗ്രസ് അംഗങ്ങൾ ജില്ലാ കളക്ടറെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും സമീപിച്ചു. ഇതേ തുടർന്ന് വരണാധികാരിയെ തിരഞ്ഞെടുപ്പ് കമ്മിഷൻ താക്കീത് ചെയ്യുകയും ചെയ്തു.
എന്നാൽ, വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചപ്പോൾ തന്നെ കോൺഗ്രസ് അംഗങ്ങൾ ബഹിഷ്‌കരണവുമായി രംഗത്ത് എത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎമ്മിനൊപ്പം നിന്ന വരണാധികാരി തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചതിനാലാണ് ബഹിഷ്‌കരണമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് റോയി മാത്യു പറഞ്ഞു. ഒൻപത് അംഗങ്ങളുള്ള കോൺഗ്രസ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതോടെ കോറം തികയാതെ വന്നതിനെ തുടർന്ന് വോട്ടെടുപ്പ് നടന്നില്ല.
എന്നാൽ, തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച കോറം തികഞ്ഞില്ലെങ്കിലും തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും. 23 അംഗങ്ങളുള്ള പഞ്ചായത്തിൽ സിപിഎമ്മിന് എട്ടും, സി.പിഐയ്ക്ക് രണ്ടും കോൺഗ്രസിന് ഒൻപതും ബിജെപിയ്ക്ക് മൂന്നും ബിഡിജെഎസിന് ഒരു അംഗവുമാണ് ഉള്ളത്