video
play-sharp-fill
പാമ്പാടിയിൽ വീട്ടിൽകയറി വയോധികന്റെ കാൽ തല്ലിയൊടിച്ച രണ്ടു ഗുണ്ടകൾ അറസ്റ്റിൽ: പിടിയിലായവർ ആർപ്പൂക്കരയിൽ വീട് ആക്രമിച്ച കേസിലെ പ്രതികൾ; ആക്രമണം നടത്തിയത് ജയിലിൽ നിന്നു ലഭിച്ച ക്വട്ടേഷൻ ഏറ്റെടുത്ത്

പാമ്പാടിയിൽ വീട്ടിൽകയറി വയോധികന്റെ കാൽ തല്ലിയൊടിച്ച രണ്ടു ഗുണ്ടകൾ അറസ്റ്റിൽ: പിടിയിലായവർ ആർപ്പൂക്കരയിൽ വീട് ആക്രമിച്ച കേസിലെ പ്രതികൾ; ആക്രമണം നടത്തിയത് ജയിലിൽ നിന്നു ലഭിച്ച ക്വട്ടേഷൻ ഏറ്റെടുത്ത്

സ്വന്തം ലേഖകൻ
കോട്ടയം: രണ്ടാഴ്ച മുൻപ് പാമ്പാടിയിൽ വീടിനുള്ളിൽ കയറി വയോധികന്റെ കാൽ തല്ലിയൊടിച്ചത് ആർപ്പൂക്കരയിൽ നിന്നുള്ള സംഘമെന്ന് പൊലീസ്. ഇന്നലെ ആർപ്പൂക്കര വില്ലൂന്നിയിൽ വീട് ആക്രമിക്കുകയും രണ്ടു പേരെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ രണ്ടു പ്രതികളാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ആർപ്പൂക്കര പിഷാരത്ത് വീട്ടില് വിഷ്ണു ദത്തനും (19), സുഹൃത്തായ തെള്ളകം തടത്തിൽപ്പറമ്പിൽ നാദിർഷാ നിഷാദു (19) മാണ് അക്രമം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്ത ഇരുവരെയും പാമ്പാടിയിലെ കേസിലേയ്ക്ക് അടുത്ത ദിവസം തന്നെ പാമ്പാടി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

ആഗസ്റ്റ് 28 നായിരുന്നു കേസിനാസ്പദമായ സംഭവം. ജയിലിൽ നിന്നും ലഭിച്ച ക്വട്ടേഷൻ ഏറ്റെടുത്താണ് ഇരുവരും പാമ്പാടിയിൽ എത്തുന്നത്. തുടർന്ന് പാമ്പാടിയിൽ വെള്ളക്കൂട്ടിൽ സാബു ചാക്കോ (67)യെ വീടിനുള്ളിൽ കയറി അടിച്ചു വീഴ്ത്തുകയും, കാൽ അടിച്ചൊടിക്കുകയും ചെയ്തു.  പാമ്പാടി മീനടം കുറ്റിക്കലിലായിരുന്നു അക്രമം. വെള്ളുക്കുട്ട വീട്ടിലെ യുവാവിനെ ആക്രമിക്കുന്നതിനായി ഇരുവർക്കും ജയിലിൽ നിന്നും ക്വട്ടേഷൻ ലഭിച്ചിരുന്നു. ഇത് അനുസരിച്ചാണ് ഇവർ പാമ്പാടിയിൽ എത്തിയത്. വിലാസം ചോദിച്ച് എത്തിയതാകട്ടെ വെള്ളക്കുട്ടിൽ വീട്ടിലും. തുടർന്ന് വീടിനുള്ളിൽ കയറി ചാക്കോയുടെ കാൽ തല്ലിയൊടിക്കുകയായിരുന്നു. തുടർന്ന് പ്രതികൾ സ്ഥലം വിട്ടെങ്കിലും, സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. ഇവരെ പിടികൂടാൻ പാമ്പാടി പൊലീസ് തയ്യാറെടുക്കുന്നതിനിടെയാണ് ഇപ്പോൾ രണ്ടു പേരും പിടിയിലായിരിക്കുന്നത്.