പാമ്പാടി താലൂക്കാശുപത്രിയില്‍ ശുദ്ധജലമെത്തിക്കാൻ ഒരു ദിവസം കൊണ്ടു 10 ലക്ഷം രൂപ സമാഹരിക്കാൻ ജനകീയ സമിതി: നാളെ പഞ്ചായത്തിലെ എല്ലാ വീടുകളും സന്ദർശിച്ച്‌ നോട്ടീസും കവറും വിതരണം ചെയ്യും: 12ന് ധനസമാഹരണത്തിനായി ജനകീയ സമിതി പ്രവർത്തകർ വീടുകളില്‍ എത്തും.

Spread the love

പാമ്പാടി: താലൂക്കാശുപത്രിയില്‍ ശുദ്ധജലമെത്തിക്കാൻ ഒരു ദിവസം കൊണ്ടു 10 ലക്ഷം രൂപ സമാഹരിക്കാൻ ജനകീയ സമിതി. നാളെ (അഞ്ചിനു )പാമ്പാടി പഞ്ചായത്തിലെ എല്ലാ വീടുകളും സന്ദർശിച്ച്‌ നോട്ടീസും കവറും വിതരണം ചെയ്യും.
12നാണ് ധനസമാഹരണത്തിനായി ജനകീയ സമിതി പ്രവർത്തകർ വീടുകളില്‍ എത്തുന്നത്.

ട്രോമാകെയർ യൂണിറ്റും 10 ഡയാലിസിസ് യൂണിറ്റും ആരംഭിക്കുന്നതിന് ശുദ്ധജലം തടസമായതോടെയാണ് ജാതി, മത, വർഗ, വർണ വ്യത്യാസമില്ലാതെ എല്ലാവരെയും ഉള്‍പ്പെടുത്തി ജനകീയ സമിതി രൂപീകരിച്ചത്. കുടിവെള്ള വിതരണ പദ്ധതിക്ക് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചെങ്കിലും സ്ഥലം വാങ്ങാൻ ഈ തുക വിനിയോഗിക്കാൻ സർക്കാർ അനുമതി ലഭിക്കില്ല.

ആശുപത്രിക്ക് തൊട്ടടുത്തു കുളം നിർമിക്കാൻ സ്ഥലം വാങ്ങുന്നതിനാണ് 10 ലക്ഷം രൂപ കണ്ടെത്തുന്നത്. ഇപ്പോള്‍ വെള്ളത്തിനായി ആശുപത്രി ഒരു ലക്ഷത്തോളം രൂപ ഓരോ മാസവും ചെലവഴിക്കുന്നുണ്ട്. സ്ഥലം വാങ്ങി കുളംകുത്തി ആശുപത്രിയില്‍ വെള്ളമെത്തിയാല്‍ ഈ തുക ലാഭിക്കാൻ കഴിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

10 ലക്ഷം രൂപ സമാഹരിക്കാൻ 501 അംഗ ജനകീയ സമിതിയാണ് രൂപീകരിച്ചത്. മന്ത്രി വി.എൻ. വാസവൻ, ചാണ്ടി ഉമ്മൻ എംഎല്‍എ, ഫ്രാൻസിസ് ജോർജ് എംപി എന്നിവർ മുഖ്യരക്ഷാധികാരികളാണ്.

ബാങ്ക് അക്കൗണ്ടു വഴിയും, ക്യൂആർ കോഡ് ഉപയോഗിച്ചും പണമയയ്ക്കാം.10 ഡയാലിസിസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചാല്‍ പാവപ്പെട്ട രോഗികള്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് ജനകീയ സമിതി വിലയിരുത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബെറ്റി റോയിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ കെ.എം. രാധാകൃഷ്ണൻ, മാത്തച്ചൻ പാമ്പാടി, സി.എം. മാത്യു, ഡോ. കെ.എ. മനോജ്, ഡാലി റോയ്, അമ്പിളി മാത്യു, മാത്യു പാമ്പാടി, കെ.ആർ. ഗോപകുമാർ, ഇ.എസ്. സാബു, അഡ്വ. സിജു കെ. ഐസക്ക്, പഞ്ചായത്തംഗങ്ങള്‍, എച്ച്‌എംസി അംഗങ്ങള്‍ തുടങ്ങിയവർ പ്രസംഗിച്ചു.