
സ്വന്തം ലേഖകൻ
കോട്ടയം: മലയാളിയുടെ കപട സദാചാരത്തിന്റെ ഇരുമ്പുമറയ്ക്കു നേരെ അക്ഷരങ്ങൾ കൊണ്ട് ആഞ്ഞടിച്ച എഴുത്തുകാരനായിരുന്നു പമ്മൻ. ഒരു തലമുറയുടെ അടക്കിപ്പിടിച്ചിരുന്ന രതികാമനകൾക്ക് ചൂടും ചൂരും നൽകിയ പമ്മന്റെ കഥകളും നോവലുകളും തികഞ്ഞ അശ്ലീലവും ആഭാസവുമാണെന്ന് പരാതി ഉയർന്നപ്പോഴും ജീവിത ഗന്ധിയല്ലാത്ത യാതൊന്നും താൻ എഴുതിയിട്ടില്ലെന്നും പ്രണയവും ലൈംഗികതയുമെല്ലാം മനുഷ്യ
ജീവിതത്തിന്റെ ദാഹവും മോഹവും അഭിനിവേശവും ആനന്ദവുമാണെന്നുമുള്ള ഉറച്ച നിലപാടിൽ നിന്നുകൊണ്ട് തന്റെ രചനകളെ ന്യായീകരിച്ച എഴുത്തുകാരനാണ് പമ്മൻ .
പശ്ചിമ റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം തന്റെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട് ബോംബെയിലാണ് ദീർഘകാലം ജീവിച്ചത്.
ഏറെ പ്രശസ്തമായ അദ്ദേഹത്തിന്റെ “ഭ്രാന്ത് ” എന്ന നോവൽ എഴുത്തുകാരിയായ മാധവിക്കുട്ടിയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണെന്ന ആക്ഷേപം ഒരു കാലത്ത് മലയാള സാഹിത്യ ലോകത്ത് വൻ വിവാദങ്ങൾ തന്നെ സൃഷ്ടിച്ചിരുന്നു. ലൈബ്രറികളിൽ കിട്ടാക്കനി ആയിരുന്നു പമ്മന്റെ
” വഷളൻ “എന്ന നോവൽ.
പരസ്യമായി എതിർത്തിരുന്നവർ കൂടി രഹസ്യമായി വായിച്ചാസ്വദിച്ച ഒരു കൃതിയാണിത്.
അടിമകൾ, ചട്ടക്കാരി, മിസ്സി, അമ്മിണി അമ്മാവൻ എന്നിവയെല്ലാമായിരുന്നു പമ്മന്റെ ചലച്ചിത്രമാക്കപ്പെട്ട നോവലുകൾ.
അടിമകൾ “നിഴൽ നിജമാകിറത് ” എന്ന പേരിൽ തമിഴിലും,
” ചിലകമ്മ ചെപ്പിന്തി ” എന്ന പേരിൽ തെലുങ്കിലും റീമേയ്ക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതിൽ അടിമകളും ചട്ടക്കാരിയും വയലാർ-ദേവരാജൻ ടീമിന്റെ മധുര ഗാനങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു…
“ചെത്തിമന്ദാരം തുളസി പിച്ചക മാലകൾ ചാർത്തി …..
എന്ന പി സുശീല പാടിയ എക്കാലത്തെയും പ്രശസ്തമായ ഗാനം ഇന്നും ജനകോടികളുടെ മനസ്സിൽ ഗുരുവായൂരപ്പനിലുള്ള ഭക്തിപാരവശ്യത്തോടെ പരിലസിക്കുന്നു .
കൂടാതെ എ എം രാജ പാടിയ “മാനസേശ്വരി മാപ്പു തരു … ”
“താഴമ്പൂ മണമുള്ള
തണുപ്പുള്ള രാത്രിയിൽ തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി …”
“ഇന്ദുമുഖി ഇന്ദുമുഖി
എന്തിനിന്നു നീ സുന്ദരിയായി ..”.(ജയചന്ദ്രൻ )
” നാരായണം ഭജേ നാരായണം …”
ജയചന്ദ്രൻ – പീറ്റർ റൂബൻ കോറസ്സ് )

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നീ ഗാനങ്ങളും ഒട്ടേറെ ജനപ്രീതി നേടിയെടുത്തു…
ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ കഥ പറഞ്ഞ ” ചട്ടക്കാരി ” യും ഗാനങ്ങളുടെ കാര്യത്തിൽ പിശുക്കു കാണിച്ചില്ല .
“നാരായണായ നമ :
നാരായണായ നമ : …” ( പി ലീല )
“മന്ദസമീരനിൽ ഒഴുകിയൊഴുകിയെത്തും…”
(യേശുദാസ് )
“ജൂലി ഐ ലൗ യൂ ….. ”
(യേശുദാസ്, മാധുരി )
“യുവാക്കളേ യുവതികളേ …”
(മാധുരി )
“ലൗ ഈസ് ജസ്റ്റ് എ റൗണ്ട് ..”.(ഉഷാ ഉതുപ്പ് )
തുടങ്ങിയവയെല്ലാം ചട്ടക്കാരിയെ വിജയത്തിലെത്തിച്ച ഗാന കുസുമങ്ങളായിരുന്നു.
ഹരിഹരൻ സംവിധാനം ചെയ്ത “അമ്മിണി അമ്മാവൻ ” എന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയത് മങ്കൊമ്പ് ഗോപാലകൃഷ്ണനും സംഗീതം പകർന്നത് ദേവരാജനുമായിരുന്നു.
മാധുരി പാടിയ
“കണ്ണാം പൊത്തിലേലേ ,
യേശുദാസ് പാടിയ
“രാജസൂയം കഴിഞ്ഞു … ”
എന്നീ ഗാനങ്ങളും സാമാന്യം ജനപ്രീതി നേടിയവയായിരുന്നു.
1920 ഫെബ്രുവരി 28 – ന് കൊല്ലം ജില്ലയിലെ പ്ലാമൂട്ടിൽ ജനിച്ച പമ്മൻ എന്ന പി. പരമേശ്വരമേനോൻ
2007 ജൂൺ 3 – ന് അന്തരിച്ചു.
ഇന്ന് അദ്ദേഹത്തിന്റെ ജന്മവാർഷികദിനം .
എഴുപതുകളിലെ കൗമാര യൗവ്വനങ്ങൾക്ക് രതിയുടെ രസാനുഭൂതികൾ പകർന്നുനൽകി മനസ്സിലും ശരീരത്തിലും അഭിനിവേശത്തിന്റെ
അലകടൽ സൃഷ്ടിച്ച ഈ സാഹിത്യകാരന്റെ തൂലികയിലൂടെ പിറന്നുവീണ കഥാപാത്രങ്ങളിലൂടെ ഒഴുകിയെത്തിയ സുന്ദര ഗാനങ്ങളാണ് ഈ ദിനത്തിൽ സ്മരണയിൽ ഓടിയെത്തുന്നത്.



