play-sharp-fill
കാട്ടുകോഴിയെ പിടികൂടിയെന്ന് കേസ് ; പമ്പാവാലി സ്വദേശികളായ സഹോദരങ്ങൾ റിമാൻഡില്‍ ; എട്ട് വർഷം തടവും അര ലക്ഷം രൂപയോളം പിഴ അടയ്‌ക്കേണ്ടി വരുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ

കാട്ടുകോഴിയെ പിടികൂടിയെന്ന് കേസ് ; പമ്പാവാലി സ്വദേശികളായ സഹോദരങ്ങൾ റിമാൻഡില്‍ ; എട്ട് വർഷം തടവും അര ലക്ഷം രൂപയോളം പിഴ അടയ്‌ക്കേണ്ടി വരുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ

കണമല: ശബരിമല കാനനപാതയില്‍ സീസണ്‍ കച്ചവടം നടത്തിക്കൊണ്ടിരുന്ന സഹോദരൻമാർ കുരുക്ക് ഉപയോഗിച്ച്‌ വനത്തിലെ കോഴിയെ പിടികൂടിയെന്ന് കേസ്. ഇരുവരും അറസ്റ്റിലായി ജാമ്യം ലഭിക്കാതെ റിമാൻഡ് തടവിലാണ്. കേസെടുത്ത വനം വകുപ്പിനെതിരേ വ്യാപക പ്രതിഷേധം. പമ്പാവാലി ഏയ്ഞ്ചല്‍വാലിയിലാണ് സംഭവം. പമ്പാവാലി സ്വദേശികളും സഹോദരൻമാരുമായ കാക്കനാട്ട് ചാക്കോ, തോമസ് എന്നിവരാണ് അറസ്റ്റിലായത്.

ഇവർ പീരുമേട് സബ് ജയിലില്‍ റിമാൻഡിലാണ്. വനത്തില്‍നിന്ന് ഒട്ടനവധി മൃഗങ്ങള്‍ നാട്ടിലിറങ്ങി വ്യാപകമായി കൃഷികള്‍ നശിപ്പിക്കുന്നതില്‍ നടപടികള്‍ സ്വീകരിക്കാത്ത വനം വകുപ്പ് നാട്ടുകാരെ കേസില്‍ കുടുക്കുന്നത് അനീതി ആണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കാട്ടുകോഴിയെ പിടിച്ചതായി തെളിവില്ലെന്നും കേസെടുത്തത് അന്യായമാണെന്നുമാണ് ആക്ഷേപം.

അതേസമയം കാട്ടുകോഴിയുടെ ജഡത്തിന്‍റെ അവശിഷ്ടങ്ങള്‍ തെളിവായി ലഭിച്ചിട്ടുണ്ടെന്നും കുരുക്കിട്ട് കാട്ടുകോഴിയെ പിടിക്കുന്നത് നേരില്‍ കണ്ടതാണെന്നും കേസെടുത്ത പമ്പാവാലി എഴുകുംമണ്ണ് റേഞ്ച് ഓഫീസർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രത്യേക സംരക്ഷിത വന്യജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന കാട്ടുകോഴിയെ പിടിക്കുന്നത് കടുത്ത കുറ്റമാണെന്നും കോടതിയില്‍ കുറ്റം തെളിയിക്കപ്പെട്ടാല്‍ പ്രതികള്‍ക്ക് പരമാവധി എട്ട് വർഷം തടവ് ലഭിക്കുമെന്നും അര ലക്ഷം രൂപയോളം പിഴ അടയ്‌ക്കേണ്ടി വരുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.