നിലയ്‌ക്കല്‍-പമ്പ റൂട്ടില്‍ സൗജന്യ ബസ്‌ യാത്രയൊരുക്കാന്‍ വിശ്വഹിന്ദുപരിഷത്തിനു അനുമതി നല്‍കാനാവില്ലെന്നു സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ: ഡിസംബർ 11 – നാണു സര്‍ക്കാരിന്റെ അപ്പീല്‍ കോടതി പരിഗണിക്കുന്നത്‌: 20 ബസ് വാടകയ്ക്കെടുത്ത് സൗജന്യമായി ഓടിക്കാന്‍  അനുവദിക്കണമെന്നാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ ഹർജി.

Spread the love

കൊച്ചി: ശബരിമല തീര്‍ത്ഥാടകര്‍ക്കു നിലയ്‌ക്കല്‍-പമ്പ റൂട്ടില്‍ സൗജന്യ ബസ്‌ യാത്രയൊരുക്കാന്‍ വിശ്വഹിന്ദുപരിഷത്തിനു അനുമതി നല്‍കാനാവില്ലെന്നു സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.

സംസ്‌ഥാനത്തെ ദേശസാല്‍കൃത റൂട്ടുകളില്‍ കെ.എസ്‌.ആര്‍.ടി.സിക്കു മാത്രമാണു ബസ്‌ സര്‍വീസ്‌ നടത്താന്‍ അനുമതിയുള്ളത്‌. മറ്റു സ്വകാര്യ ബസുകള്‍ക്കില്ല. അതിനാല്‍, വിശ്വഹിന്ദുപരിഷത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

ഈ മാസം 11 നാണു സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിക്കുന്നത്‌. ഹൈക്കോടതി വിധിയ്‌ക്കെതിരേയാണു വി.എച്ച്‌.പിയുടെ ഹര്‍ജി. നിലയ്‌ക്കല്‍ മുതല്‍ പമ്പ വരെ റൂട്ടില്‍ ബസ്‌ സര്‍വീസ്‌ നടത്താന്‍ അധികാരം കെ.എസ്‌.ആര്‍.ടി.സിക്കാണ്‌. തീര്‍ത്ഥാടകര്‍ക്കായി എല്ലാ സൗകര്യങ്ങളും കെ.എസ്‌.ആര്‍.ടി.സി. ഒരുക്കിയിട്ടുണ്ട്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസില്‍ തീര്‍ത്ഥാടകര്‍ നിന്നാണു യാത്ര ചെയ്യുന്നതെന്നുള്ള വാദം തെറ്റാണ്‌. വേണ്ടത്ര ബസുകള്‍ ഇല്ലെന്നുള്ളതും ശരിയല്ല. പ്രത്യേക ചാര്‍ജ്‌ ഈടാക്കുന്നതു സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ്‌. 20 ബസുകള്‍ വാടകയ്‌ക്ക് എടുത്തു സര്‍വീസ്‌ നടത്തണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയുന്ന തരത്തിലുള്ള സ്‌കീം നിലവില്‍ സംസ്‌ഥാനത്ത്‌ ഇല്ല.

ഇങ്ങനെ സര്‍വീസ്‌ അനുവദിക്കുന്നതു പെര്‍മിറ്റ്‌ ചട്ടങ്ങളുടെ ലംഘനമാണെന്നും സത്യവാങ്‌മൂലത്തില്‍ സര്‍ക്കാര്‍ വ്യക്‌തമാക്കി. സുരക്ഷിതവും സുഖപ്രദവും കുറഞ്ഞ നിരക്കിലുള്ളതുമായ യാത്രയാണു കെ.എസ്‌.ആര്‍.ടി.സി. ഒരുക്കുന്നത്‌.

മണ്ഡല-മകരവിളക്കു കാലങ്ങളിലും മറ്റു വിശേഷാവസരങ്ങളിലും മാസപൂജയ്‌ക്കു നട തുറക്കുമ്പോഴും തീര്‍ത്ഥാടകര്‍ക്കായി വിപുലമായ സൗകര്യമാണു കെ.എസ്‌.ആര്‍.ടി.സി. ഒരുക്കുന്നത്‌. സംസ്‌ഥാനത്തെ 97 ഡിപ്പോകളില്‍ നിന്ന്‌ ആവശ്യമായ ബസുകളും ജീവനക്കാരെയും സപ്പോര്‍ട്ടിങ്‌ ജീവനക്കാരെയും എത്തിച്ചാണു സര്‍വീസ്‌. വേണ്ടത്ര ബസുകളില്ലെന്ന വാദം തെറ്റാണ്‌. ലക്ഷക്കണക്കിന്‌ അയ്യപ്പഭക്‌തരെത്തുന്ന ശബരിമലയിലേക്ക്‌ ആവശ്യത്തിനു ബസില്ലാത്തതിനാല്‍ ഭക്‌തരുടെ ദുരിതങ്ങള്‍ കാട്ടിയാണ്‌ വി.എച്ച്‌.പി. കോടതിയെ സമീപിച്ചത്‌.

ഭക്‌തര്‍ക്ക്‌ 28-30 മണിക്കൂര്‍ ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നു.
കെ.എസ്‌.ആര്‍.ടി.സി. ആവശ്യത്തിനു ബസുകള്‍ ഓടിക്കുന്നില്ല, ഉള്ള ബസുകള്‍ നല്ല നിലയിലല്ല. ഈ സാഹചര്യത്തില്‍ ഭക്‌തരെ സഹായിക്കുന്നതിനു 20 ബസുകള്‍ വാടകയ്‌ക്കെടുത്തു സൗജന്യ സര്‍വീസിന്‌ അനുവദിക്കണമെന്നാണു വി.എച്ച്‌.പി. ആവശ്യപ്പെട്ടത്‌.നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ്‌ സുപ്രീംകോടതിയിലെത്തിയത്‌.