കോട്ടയം പാമ്പാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; പ്രതിക്ക് 56 വർഷം കഠിനതടവും 1.15 ലക്ഷം രൂപ പിഴയും വിധിച്ച് പോക്സോ കോടതി
കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 56 വർഷം കഠിനതടവും 1.15 ലക്ഷം രൂപ പിഴയും വിധിച്ച് കോട്ടയം അതിവേഗ പോക്സോ കോടതി.
14- കാരിയായ പെൺകുട്ടിയെ ഗർഭിണിയാക്കിയ കേസിൽ കൂട്ടിക്കൽ ഏന്തയാർ മുത്തുമല മണൽപാറയിൽ വീട്ടിൽ അരുൺ (35) നെയാണ് കോട്ടയം അതിവേഗ പോക്സോ കോടതി ജഡ്ജി സതീഷ് കുമാർ വി ശിക്ഷിച്ചത്.
പ്രതിക്ക് ജീവിതാവസാനം വരെ തടവും കൂടാതെ മറ്റ് ആറു വകുപ്പുകൾ പ്രകാരം 56 വർഷം കഠിനതടവും 1.15 ലക്ഷം രൂപയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്നര വർഷം കൂടി ശിക്ഷ അനുഭവിക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2021 -ൽ പാമ്പാടിയിലാണ് കേസിനാസ്പദമായ സംഭവം. സാലമ്മ പി കെ ആദ്യ മൊഴിയെടുത്ത കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത് പോലീസ് ഇൻസ്പെക്ടർമാരായ മനോജ് കുമാർ എ സിയും യു ശ്രീജിത്തും കൂടിയാണ്.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പോൾ കെ എബ്രഹാം കോടതിയിൽ ഹാജരായി.
ഈ കേസിൽ ആദ്യ സമയത്ത് അതിജീവിതയുടെ ഗർഭത്തിന് ഉത്തരവാദി മറ്റൊരാൾ ആണെന്ന് വരുത്തി തീർക്കാനുള്ള പ്രതിയുടെ ശ്രമം അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.