
കോട്ടയം: പള്ളിക്കെട്ട് ശബരിമലയ്ക്ക്, കല്ലും മുള്ളും കാലുക്ക് മെത്തൈ എന്ന അയ്യപ്പ ഗാനത്തിന്‍റെ പിറവിയെകുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു.
ദക്ഷിണേന്ത്യയിലെ പ്രശസ്ത ഇസ്ലാമിക തീർത്ഥാടനകേന്ദ്രമായ നാഗൂർ ദർഗ്ഗയിലെ സൂഫി ഗായകർ പരമ്പരാഗതമായി പാടിവരുന്ന “ഏകനേ യാ അള്ളാ…..” എന്നു
തുടങ്ങുന്ന ഭക്തിഗാനത്തിന്‍റെ ഈണത്തെ മാതൃകയാക്കിയാണ് പ്രശസ്ത തമിഴ് പണ്ഡിതനും കവിയും ഭക്തഗാനരചയിതാവുമായ ഡോ. ഉളുന്തൂർപേട്ട ഷണ്‍മുഖം പള്ളിക്കെട്ട് എന്നു തുടങ്ങുന്ന ഗാനം രചിച്ചതെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
ജാതിമതവ്യത്യാസമില്ലാതെ തീർത്ഥാടകസംഘങ്ങളുടെ തിരക്ക് എപ്പോഴുമുള്ള നാഗൂർ ദർഗയില്‍ പതിറ്റാണ്ടുകളായി മുഴങ്ങിക്കേള്‍ക്കുന്ന ഗാനത്തിന്‍റെ ഈണത്തില്‍ ആകൃഷ്ടനായാണ് ജാതിമത വ്യത്യാസമില്ലാതെ അയ്യപ്പഭക്തൻമാർ എത്തിച്ചേരുന്ന ശബരിമലയ്ക്കു വേണ്ടി അതേ ഈണത്തില്‍ ഗാനം രചിക്കാൻ ഷണ്‍മുഖം തീരുമാനിച്ചതെന്ന് കോട്ടയം സ്വദേശിയായ പള്ളിക്കോണം രാജീവാണ് ഫേസ്ബുക്കില്‍ കുറിച്ചത്. മധുരൈ വീരമണിക്ക് ഈ ഗാനം എളുപ്പത്തില്‍ പാടുവാൻ തമിഴർക്കെല്ലാം ചിരപരിചിതമായ ഈ ഈണം സഹായകമായെന്നും അദ്ദേഹം പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡോ. ഷണ്‍മുഖം തമിഴ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ വ്യക്തിയായിരുന്നു. ദ്രാവിഡ കഴക പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടനായി പെരിയോർ ഇ വി രാമസ്വാമി നായ്ക്കരുടെ അനുയായിയായി മാറിയ ഷണ്‍മുഖം ഗണപതിവിഗ്രഹങ്ങളില്‍ ചെരുപ്പുമാല ചാർത്തിയുള്ള പ്രക്ഷോഭങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു. നാസ്തികനില്‍നിന്ന് ഭക്തനിലേക്കുണ്ടായ മാറ്റത്തിന് ഒരു മാരകരോഗത്തില്‍ നിന്നുള്ള വിമുക്തിയാണ് കാരണമായത്.
തുടർന്ന് തമിഴില്‍ നാനൂറോളം ഭക്തിഗാനങ്ങള്‍ അദ്ദേഹം രചിച്ചു. മിക്ക ഗാനങ്ങളും ഏറെ ജനപ്രിയമായി മാറി.
ശിർകാഴി ഗോവിന്ദരാജൻ പാടി പ്രശസ്തമാക്കിയ “വിനായകനേ വിനൈ തീർപ്പവനേ… ” എന്ന ഗാനവും പള്ളിക്കെട്ടിനോടൊപ്പം എടുത്തു പറയേണ്ടതാണെന്നും പള്ളിക്കോണം രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു. ‘പോറ്റിയേ കേറ്റിയെ’ എന്ന പാരഡി ഗാനം കേരളത്തില്‍ വലിയ വിവാദമാകുമ്ബോഴാണ് ഇങ്ങനെയൊരു കഥയും ചര്‍ച്ചയാകുന്നത്.



