
പള്ളിക്കത്തോട് : സുഹൃത്തിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി കൊല്ലംപട്ടട പെരിയാർ ആശുപത്രി ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ ( വാഴൂർ നരിയാങ്കൽ ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക് താമസം ) അനീഷ് വിശ്വൻ (40) നെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ മറ്റൊരു കേസിൽ റിമാന്‍ഡില്‍ കഴിഞ്ഞു വരവേ ജയിലിൽ വച്ച് പരിചയപ്പെട്ട വെള്ളാവൂർ സ്വദേശിയായ യുവാവിനെ ഏഴാം തീയതി രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തുകയും കയ്യിൽ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് തലയിൽ വെട്ടുകയുമായിരുന്നു. തുടർന്ന് കത്തിയെടുത്ത് വീശുകയും വിറക് കമ്പ് കൊണ്ട് അടിക്കുകയും ചെയ്തു.
ആക്രമണത്തിൽ യുവാവിന്റെ കഴുത്തിനും തലയ്ക്കും സാരമായി പരിക്കേറ്റു. സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിൽ വ്യക്തിപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ ആക്രമിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ അനീഷിനെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് പള്ളിക്കത്തോട് സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്.
പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്. ഓ കെ.പി ടോംസൺ, എസ്.ഐ ഷാജി പി.എൻ, എ.എസ്. ഐ മാരായ ജയചന്ദ്രൻ, ജയരാജ്, ഗോപൻ, സി.പി.ഓ മാരായ അനീഷ്, ഷെമീർ, രാഹുൽ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.