അതിരമ്പുഴ പള്ളി പെരുന്നാൾ 19 ന്

അതിരമ്പുഴ പള്ളി പെരുന്നാൾ 19 ന്

സ്വന്തം ലേഖകൻ

കോട്ടയം: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് 19നു കൊടിയേറും. 14 ദിവസം നീളുന്ന തിരുനാള്‍ ആഘോഷങ്ങള്‍ ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെ സമാപിക്കും. വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള ചെറിയപള്ളി ഏറ്റവും ഒടുവില്‍ പുതുക്കി നിര്‍മിച്ചതിന്റെ ശതാബ്ദി വര്‍ഷത്തെ തിരുനാള്‍ എന്ന പ്രത്യേകതയും ഈവര്‍ഷത്തെ തിരുനാളിനുണ്ട്.
19ന് രാവിലെ ഏഴിനു വികാരി ഫാ. സിറിയക് കോട്ടയില്‍ തിരുനാളിനു കൊടിയേറ്റും. അസിസ്റ്റന്റ് വികാരിമാരായ ഫാ. സോണി പള്ളിച്ചിറയില്‍, ഫാ. പ്രിന്‍സ് മാഞ്ഞൂരാന്‍, ഫാ. ഐബിന്‍ പകലോമറ്റം, ഫാ. സെബാസ്റ്റ്യന്‍ ഈറ്റോലില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. വൈകുന്നേരം പ്രസുദേന്തി വാഴ്ചയും പ്രദക്ഷിണവും നടക്കും. വേദഗിരി കോട്ടയം ടെക്‌സ്‌റ്റൈല്‍സില്‍നിന്നുള്ള കഴുന്നുപ്രദക്ഷിണം രാത്രി ഏഴിനു വലിയപള്ളിയില്‍ സമാപിക്കും.
20നാണു വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനു പ്രതിഷ്ഠിക്കുന്നത്. രാവിലെ 7.30നു വിശുദ്ധന്റെ തിരുസ്വരൂപം മദ്ബഹയില്‍നിന്നു പുറത്തെടുക്കും. സ്വര്‍ണാഭരണങ്ങള്‍ അണിയിച്ച് തിരുസ്വരൂപം മോണ്ടളത്തില്‍ കൊണ്ടുവന്നു രൂപക്കൂട്ടില്‍ പ്രതിഷ്ഠിക്കും. 
തിരുസ്വരൂപ പ്രതിഷ്ഠയ്ക്കും കഴുന്നു വെഞ്ചരിപ്പിനുംശേഷം തിരുസ്വരൂപവും സംവഹിച്ചു ചെറിയപള്ളിയിലേക്കു പ്രദക്ഷിണം നടക്കും. പ്രദക്ഷിണത്തിനൊടുവില്‍ തിരുസ്വരൂപം ചെറിയപള്ളിയില്‍ പ്രതിഷ്ഠിക്കും. 24ന് രാത്രി എട്ടു വരെ തിരുസ്വരൂപം ചെറിയപള്ളിയിലായിരിക്കും. ഈ ദിവസങ്ങളിലെ തിരുനാള്‍ തിരുക്കര്‍മങ്ങള്‍ നടക്കുന്നതും ചെറിയപള്ളിയിലായിരിക്കും.
ദേശക്കഴുന്ന് 20 മുതല്‍ 23 വരെ നടക്കും. അതിരമ്പുഴയെ നാല് ദേശങ്ങളായി തിരിച്ച് ഓരോ ദേശവും ഓരോ ദിവസം അതിരമ്പുഴ പള്ളിയിലേക്ക് നടത്തുന്ന കഴുന്ന് പ്രദക്ഷിണത്തില്‍ പങ്കുചേരും. കഴുന്നു പ്രദക്ഷിണത്തിനുശേഷം രാത്രി എട്ടിനു പള്ളി മൈതാനത്തെ വേദിയില്‍ കലാപരിപാടികള്‍ അരങ്ങേറും.
പ്രധാന തിരുനാള്‍ ദിനങ്ങള്‍ 24, 25 തിയതികളിലാണ്. 24ന് രാത്രിപ്പെരുന്നാളും 25നു പകല്‍ പെരുനാളും. 24നു വൈകുന്നേരം 5.45നു വലിയപള്ളിയില്‍നിന്നു നഗരപ്രദക്ഷിണം പുറപ്പെടും. 6.30നു പ്രദക്ഷിണം ടൗണ്‍ കപ്പേളയിലെത്തും. 6.45ന് അവിടെനിന്നും പ്രധാന വീഥിയിലൂടെ തീവെട്ടികളുടെ അകമ്പടിയില്‍ നീങ്ങുന്ന പ്രദക്ഷിണം 7.15നു ചെറിയപള്ളിക്കു മുന്നിലെത്തും. ഏഴിനു വലിയപള്ളിയില്‍നിന്നു പുറപ്പെടുന്ന രണ്ടാമത്തെ പ്രദക്ഷിണവും നഗരപ്രദക്ഷിണവും ചെറിയപള്ളിക്കു മുന്നില്‍ സംഗമിക്കുന്നതു വീക്ഷിക്കാന്‍ ആയിരങ്ങള്‍ കാത്തു നില്‍ക്കുന്നുണ്ടാകും. സംയുക്ത പ്രദക്ഷിണം ചെറിയപള്ളി ചുറ്റി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവുമായി വലിയപള്ളിയിലേക്ക് നീങ്ങും. 8.30നു പ്രദക്ഷിണം സമാപിക്കും. 8.45നു വിഖ്യാതമായ അതിരമ്പുഴ വെടിക്കെട്ട് ആരംഭിക്കും.
പകല്‍പ്പെരുനാള്‍ ദിനമായ 25ന് രാവിലെ 10.30ന് റാസ അര്‍പ്പണം നടക്കും. വൈകുന്നേരം 5.30നു വലിയപള്ളിയില്‍നിന്നു തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കും. 20ലേറെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ സംവഹിക്കപ്പെടുന്ന പ്രദക്ഷിണം ചെറിയപള്ളിക്ക് വലംവച്ച് എട്ടിനു വലിയപള്ളിയില്‍ തിരികെയെത്തി സമാപിക്കും.
ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെയാണു തിരുനാള്‍ സമാപിക്കുന്നത്. വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് വിശുദ്ധന്റ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നടക്കും. തുടര്‍ന്ന് തിരുസ്വരൂപം മദ്ബഹയില്‍ പുനഃപ്രതിഷ്ഠിക്കുന്നതോടെ തിരുനാളിന് കൊടിയിറങ്ങും.
തിരുനാളിന്റെ വിവിധ ദിവസങ്ങളില്‍ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ബിഷപുമാരായ മാര്‍ ജോസഫ് കൊടകല്ലില്‍, മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജേക്കബ്ബ് മുരിക്കന്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള ചെറിയ പള്ളി ഏറ്റവും ഒടുവില്‍ പുതുക്കി നിര്‍മിച്ചതിന്റെ ശതാബ്ദി വര്‍ഷമാണിത്. 27 ന് ശതാബ്ദി സമ്മേളനം നടക്കും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. ജനപ്രതിനിധികളും സാംസ്‌കാരിക നായകരും പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ വികാരി ഫാ. സിറിയക് കോട്ടയില്‍, ജനറല്‍ കണ്‍വീനര്‍ ഫാ. സോണി പള്ളിച്ചിറയില്‍, കൈക്കാരന്‍ തോമസ് പുതുശേരില്‍, മീഡിയ കണ്‍വീനര്‍ രാജു കുടിലില്‍ എന്നിവര്‍ പങ്കെടുത്തു.