
കൊച്ചി: ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നവീകരണത്തിന്റെ ഭാഗമായുണ്ടായ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏർപ്പെടുത്തിയിരുന്ന പാലിയേക്കരയിലെ ടോള്‍ പിരിവ് വിലക്ക് വീണ്ടും തുടരും.
ടോള്‍ പിരിവ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഉത്തരവിറക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ദേശീയ പാത അതോറിറ്റിയുടെ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കവെ റോഡിന്‍റെ നിലവിലെ അവസ്ഥയെക്കുറിച്ച് ജില്ലാ കളക്ടറോട് കോടതി വിശദീകരണം തേടി.
ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഓണ്‍ലൈനായി ഹാജരായ തൃശൂര്‍ കളക്ടറോട് ചോദ്യങ്ങള്‍ ചോദിച്ചു
എവിടെയൊക്കെയാണ് പ്രശ്നമെന്ന് കോടതി കളക്ടറോട് ചോദിച്ചു. 60 കിലോമീറ്റര്‍ ടോള്‍ പിരിക്കുന്ന ദൂരത്തില്‍ മൂന്നോ നാലോ ഇടങ്ങളില്‍ മാത്രമാണ് പ്രശ്നമെന്നാണ് എജി ഹൈക്കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ അഞ്ചു കിലോമീറ്റര്‍ ദൂരത്തിലാണ് പ്രശ്നമെന്ന് കളക്ടര്‍ മറുപടി നല്‍കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ റോഡിലൂടെ സഞ്ചരിച്ചാല്‍ പ്രശ്നങ്ങള്‍ മനസിലാകുമെന്നും ഇവിടെ ഇരിക്കുന്ന എല്ലാവര്‍ക്കും അത് വ്യക്തമായി അറിയാമെന്നും ഹൈകോടതി എജിക്ക് മറുപടി നല്‍കി. ദേശീയപാത അതോറിറ്റി മനപ്പൂര്‍വം റോഡ് നന്നാക്കാതിരിക്കുന്നതല്ലെന്ന് എജി വാദിച്ചു. തുടര്‍ന്ന് ഇപ്പോള്‍ ഏതെങ്കിലും ഇടങ്ങളില്‍ ഗതാഗത കുരുക്ക് ഉണ്ടോയെന്ന് കളക്ടറോട് കോടതി ചോദിച്ചു. തുടര്‍ന്ന് ഇന്ന് തന്നെ സ്ഥലം സന്ദര്‍ശിച്ച് പരിശോധിക്കാനും കോടതി നിര്‍ദേശം നല്‍കി. സുഗമമായ ഗതാഗതം ഉറപ്പാക്കിയശേഷമേ ടോള്‍ പിരിക്കാവുവെന്ന സുപ്രീം കോടതി ഉത്തരവും ഹൈക്കോടതി ചൂണ്ടികാട്ടി.
ഓഗസ്റ്റ് 6 മുതല്‍ ആയിരുന്നു പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞത്. ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങള്‍ മൂലം ഗതാഗത കുരുക്കുണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. ഗതാഗതക്കുരുക്കിന് പരിഹാരം കാണാതെ ടോള്‍ പിരിക്കുന്നത് ശരിയല്ലെന്ന് ദേശീയപാത അതോറിറ്റിയോട് കോടതി വ്യക്തമാക്കി.
ദേശീയപാതയിലെ ഗതാഗതക്കുരുക്കുകള്‍ പരിഹരിച്ചു എന്നും സർവീസ് റോഡുകള്‍ നന്നാക്കി എന്നും ദേശീയപാത അതോറിറ്റി നിരന്തരം അറിയിച്ചിരുന്നെങ്കിലും കലക്ടറുടെ നേതൃത്വത്തിലുള്ള ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതി (ഇന്ററിം ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി)യുടെ റിപ്പോർട്ടാണ് ഇക്കാര്യത്തില്‍ കോടതി ആശ്രയിച്ചത്. തുടക്കത്തില്‍ നാലാഴ്ചത്തേക്കാണ് ടോള്‍ പിരിവ് സ്റ്റേ ചെയ്തതെങ്കിലും പിന്നീട് പല ഘട്ടങ്ങളിലായി വിലക്ക് നീട്ടുകയായിരുന്നു.
പാലിയേക്കരയിലെ ടോള്‍ പിരിവ് കോടതി തടഞ്ഞിട്ട് രണ്ട് മാസമാകുമ്ബോഴും ഗതാഗതക്കുരുക്കിന് മാത്രം യാതൊരുവിധ മാറ്റവുമില്ല. പല സമയങ്ങളിലും വാഹനങ്ങള്‍ കുരുക്കില്‍ പെട്ടു കിടക്കുന്ന കാഴചയാണുള്ളത്. സർവീസ് റോഡ് അറ്റകുറ്റപ്പണി നടത്താത്തതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്. എല്ലാ ദിവസവും ഗതാഗതക്കുരുക്കാണെന്നും സമയത്ത് എത്താൻ കഴിയാത്ത സാഹചര്യമാണെന്നും യാത്രക്കാർ പറഞ്ഞു.