
കോട്ടയം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് പാലായിലേത്. അതുകൊണ്ടു തന്നെ വാശിയേറിയ മത്സരമാണ് ഇവിടെ നടക്കുന്നത്. ത്രികോണ മത്സര ഫലം എന്തായാലും അത് പലർക്കും നിർണായകമാണ്.
കോട്ടയം ജില്ലയിലെ പാലാ.
ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം ഓർമ്മ വരിക കേരള കോണ്‍ഗ്രസ് എന്നും കെഎം മാണി എന്നുമായിരിക്കും. അതെ, മലയോര മേഖലയില്‍, പ്രത്യേകിച്ച് മധ്യ കേരളത്തിലെ ഹൈറേഞ്ചുകളില്‍ പടർന്നുപിടിച്ച കേരളം കോണ്‍ഗ്രസ് എന്ന പാർട്ടി ഇന്ന് കേവലമൊരു പ്രസ്ഥാനമല്ല, അത് അക്ഷരമാല ക്രമത്തില്‍ പല പേരുകളില്‍ വിഭജിക്കപ്പെട്ടു കിടക്കുന്ന ഒന്നായി മാറിയിരിക്കുന്നു.
പാലായില്‍ ആ ചരിത്രം തന്നെയാണ് പരസ്പരം മത്സരിക്കുന്നത്. ഇടത് മുന്നണിയുടെ ഭാഗമായി കേരള കോണ്‍ഗ്രസ് എം സ്ഥാനാർത്ഥിയായി ജോസ് കെ മാണി ഇറങ്ങുമ്പോള്‍ വലതുപക്ഷത്തിന് വേണ്ടി മാണി സി കാപ്പൻ (ഡെമോക്രാറ്റിക് കോണ്‍ഗ്രസ് കേരള) മണ്ഡലം നിലനിർത്താൻ കച്ചകെട്ടി ഇറങ്ങുകയാണ്. എൻഡിഎയുടെ സ്ഥാനാർത്ഥിയായി പിസി ജോർജിന്റെ മകൻ കൂടിയായ ഷോണ്‍ ആണ് ഇക്കുറി മത്സരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2021ല്‍ ജോസ് കെ മാണിയെ മലർത്തിയടിച്ചുകൊണ്ടാണ് മാണി സി കാപ്പൻ ഇവിടെ ജയിച്ചു കയറിയത്. അതും പതിനയ്യായിരത്തില്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ഇവിടെ ജയിച്ചത്. അതുകൊണ്ട് തന്നെ ജോസ് കെ മാണിയുടെ അഭിമാന പോരാട്ടം കൂടിയാണിത്. അതിന് കാരണങ്ങള്‍ പലതാണ്. ജോസ് കെ മാണിയുടെ പിതാവ് പതിറ്റാണ്ടുകള്‍ കൈവശം വച്ച മണ്ഡലം കൂടിയായിരുന്നു പാലാ എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
ജോസിന് നിലനില്‍പ്പിന്റെ തിരഞ്ഞെടുപ്പ്
കഴിഞ്ഞ തവണത്തെ പരാജയത്തില്‍ നിന്ന് ഇതുവരെയും ജോസ് കെ മാണി മുക്തനായിട്ടില്ല എന്നതാണ് യാഥാർഥ്യം. പെട്ടെന്നുള്ള മുന്നണി മാറ്റവും മറ്റ് ഘടകങ്ങളുമാണ് 2021ല്‍ ജോസിന് തിരിച്ചടിയായത്. അത് പരാജയത്തിന് ആക്കം കൂട്ടി. ഇത്തവണ പക്ഷേ പാർട്ടി സംവിധാനങ്ങള്‍ എല്ലാം അരക്കെട്ട് മുറുക്കി ഉടുത്ത് ഇറങ്ങുകയാണ് ജോസിന്റെ ജയത്തിനായി. പരാജയമാണ് ഫലമെങ്കില്‍ പാർട്ടിയില്‍ റോഷി അഗസ്റ്റിന് താഴെയാവും പാർട്ടിയില്‍ ജോസിന്റെ സ്ഥാനം.
മാണി സി കാപ്പന് മൂന്നാമൂഴം
മണ്ഢലത്തില്‍ ഇത് കാപ്പന് മൂന്നാമൂഴമാണ്, ആദ്യം കെഎം മാണിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ ഉണ്ടായ ഉപതിരഞ്ഞെടുപ്പില്‍ ആയിരുന്നു അങ്കമെങ്കില്‍ കഴിഞ്ഞ തവണ മുൻകൂട്ടി തീയതിയും നാളും ഒക്കെ അറിഞ്ഞുള്ള പോരാട്ടമാണ്. ജയിക്കുകയും മുന്നണി അധികാരത്തില്‍ എത്തുകയും ചെയ്താല്‍ മന്ത്രിസ്ഥാനമാണ് മാണി സി കാപ്പൻ സ്വപ്നം കാണുന്നത്.
ഷോണ്‍ കറുത്ത കുതിരയാവുമോ?
ഇക്കുറി മണ്ഡലത്തില്‍ ശ്രദ്ധേയമാവുന്നത് ഷോണ്‍ ജോർജിന്റെ സാന്നിധ്യം തന്നെയാവും. എൻഡിഎ സ്ഥാനാർത്ഥി എന്നതിലുപരി ജില്ലക്കാർക്ക് പരിചിതനായ ഷോണിന് പിതാവ് പിസി ജോർജിന്റെ അനുഗ്രഹവും സഹായവും ഒക്കെയുണ്ട്. കൂടുതല്‍ വോട്ടുകള്‍ ഷോണ്‍ പിടിച്ചാല്‍ അത് ഏത് മുന്നണിയെ ആവും ബാധിക്കുകയെന്നാണ് ഇനി കണ്ടറിയേണ്ടത്. എന്തായാലും മണ്ഡലത്തിന്റെ ഫലത്തില്‍ ഷോണ്‍ ഒരു നിർണായക ഘടകമായേക്കും.



