
തിരുവനന്തപുരം/പാലാ: പാലായില്‍ മരം വീണ് റോഡിലേക്ക് പൊട്ടി വീണ വൈദ്യുതക്കമ്പി സുരക്ഷിതമായി വേര്‍പെടുത്താതെ ട്രാന്‍സ്ഫോര്‍മര്‍ പ്രവര്‍ത്തിക്കുകയും നിലത്തു കിടന്ന കമ്പിയിലൂടെ വൈദ്യുതി പ്രവഹിക്കുന്നുണ്ടെന്ന്
പ്രദേശവാസികള്‍ സെക്ഷന്‍ ഓഫീലെത്തി അറിയിച്ചിട്ടും വൈദ്യുത പ്രവാഹം നിര്‍ത്താന്‍ വൈകുകയും ചെയ്ത സംഭവത്തെക്കുറിച്ച് ഉടന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കെ.എസ്.ഇ.ബി ചീഫ് എന്‍ജിനീയര്‍ പാലാ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഇതേത്തുടര്‍ന്ന് അസി.എക്‌സിക്യട്ടീവ് എന്‍ജിനീയര്‍ കെ.എസ്.ഇ.ബി ഭരണങ്ങാനം സെക്ഷന്‍ ഓഫീസിലുള്‍പ്പടെ പരിശോധനകള്‍ നടത്തി. ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണവും തേടിയിട്ടുണ്ട്. അതേസമയം രണ്ട് ദിവസം ചിറയാത്ത്ഭാഗത്ത് വൈദ്യുതി വിതരണം നിലച്ചതിനെ തുടര്‍ന്ന് തകരാറിലായ ഭാഗം ഒഴിവാക്കി മറ്റിടങ്ങളില്‍ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിരുന്നു എന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ തകരാറിലായ ഭാഗം സുരക്ഷിതമായി വേര്‍പെടുത്താതെ ട്രാന്‍സ്ഫോര്‍മര്‍ പ്രവര്‍ത്തിപ്പിച്ചതാണ് നിലത്തു കിടന്ന ലൈനിലൂടെ വൈദ്യതി പ്രവഹിക്കാന്‍ കാരണം എന്ന് കരുതപ്പെടുന്നു. ഞായറാഴ്ച കെ.എസ്.ഇ.ബി. അധികൃതര്‍ എത്തി വൈദ്യുതി വിച്ഛേദിച്ചപ്പോഴാണ് വൈദ്യതി പ്രവാഹം നിലച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞിരുന്നു.
പ്രദേശവാസികള്‍ അപകടകരമായ സാഹചര്യം കാണിച്ചുകൊണ്ട് അവരുടെ നിസ്സഹായാവസ്ഥ ചൂണ്ടിക്കാണിച്ചെടുത്ത വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. കോട്ടയം പാലായില്‍, ഇടപ്പാടി-പ്രവിത്താനം റോഡില്‍ ചിറയാത്ത് വെള്ളിയാഴ്ച ഉച്ചയോടെയാണ് വൈദ്യതകമ്പി മരംവീണ് പൊട്ടി നിലത്തു വീണത്. സംഭവത്തില്‍ ഉടന്‍ ചീഫ് എന്‍ജിനീയര്‍ക്ക് പാലാ ഡിവിഷന്‍ എക്‌സിക്യട്ടീവ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് നല്‍കും.