തദേശ തെരഞ്ഞെടുപ്പ്: പാലായിൽ പുളിക്കക്കണ്ടം ടീംസിന്റെ ശ്രദ്ധേയമായ മത്സരം: നഗരസഭയിൽ ആർക്കും ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ ഭരണം തീരുമാനിക്കുന്നത് പുളിക്കക്കണ്ടമാകും.

Spread the love

പാലാ: ജോസ് കെ മാണിയോട് നേരിട്ട് ഏറ്റുമുട്ടി സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെടുകയും, അതിനു മുൻപേ തന്നെ മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനം നിഷേധിക്കപ്പെടുകയും ചെയ്ത ബിനു പുളിക്കകണ്ടം ഇത്തവണ കുടുംബത്തോടൊപ്പം പാലയില്‍ പോരിന് ഇറങ്ങുന്നു.

video
play-sharp-fill

ബിനുവും സഹോദരനും ബിനുവിൻ്റെ മകളുമാണ് അടുത്തടുത്ത വാര്‍ഡുകളില്‍ അങ്കം കുറിക്കുന്നത്. 20 കൊല്ലമായി വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച്‌ കൗണ്‍സിലറായ ബിനു പുളിക്കകണ്ടവും ചേട്ടന്‍ ബിജു പുളിക്കകണ്ടവും ഇത്തവണ അടുത്ത തലമുറയെ കൂടി തിരഞ്ഞെടുപ്പ് രാഷ്ട്രിയത്തിലേക്ക് ഇറക്കുന്നത് പ്രധാന പാർട്ടികളെയെല്ലാം എതിരിട്ടാണ്.

നിലവിലെ നഗരസഭാ ഭരണസമിതിയില്‍ സിപിഎം ചിഹ്നത്തില്‍ മത്സരിച്ച്‌ ജയിച്ച ഏക കൗണ്‍സിലറായിരുന്നു ബിനു. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിലെ ഹൈലൈറ്റുകളില്‍ ഒന്നാണ് പാലായിലെ ഈ മത്സരങ്ങള്‍. സ്വതന്ത്ര കൂട്ടായ്മ എന്ന പേരിലാണ് പുളിക്കകണ്ടം ടീംസ് മത്സരിക്കുന്നത്. 2010ലാണ് ബിനു പുളിക്കകണ്ടം ആദ്യമായി സ്വതന്ത്ര വേഷം കെട്ടി മത്സരിക്കുന്നത്. നഗരസഭയിലെ 13, 14, 15 വാര്‍ഡുകളിലാണ് ഇത്തവണ ജീപ്പ് ചിഹ്നത്തില്‍ ഇവരുടെ മത്സരം. ബിനു ഈ മൂന്ന് വാര്‍ഡുകളിലും നിന്ന് നേരത്തെ മത്സരിച്ച്‌ ജയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലായിലെ വ്യാപാരിയും കേരള കോണ്‍ഗ്രസ് (മാണി) ഗ്രൂപ്പ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമായിരുന്ന പിവി സുകുമാരന്‍ നായരുടെ മക്കള്‍ക്ക് രാഷ്ട്രീയം ഒരിക്കലും അന്യമായിരുന്നില്ല. മൂത്ത മകന്‍ ബിജു പിതാവിന്റെ വഴിയെ കേരള കോണ്‍ഗ്രസില്‍ ഉറച്ചു നിന്നു. രണ്ടാമൻ ബിനു കെഎസ്‌യുവിലൂടെ രാഷ്ട്രീയ ജീവിതം സജീവമാക്കി. കെഎസ്‌യു കോട്ടയം ജില്ലാ പ്രസിഡന്റ് ആയതിന് പിന്നാലെ കെ കരുണാകരന്‍ പാര്‍ട്ടി വിട്ടപ്പോള്‍ ഡിഐസിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിലും, ബിജെപിയിലും സിപിഎമ്മിലും ചേര്‍ന്ന് മത്സരിച്ച്‌ പാലായില്‍ കൗണ്‍സിലറായി. ബിനുവിന്റെ മകള്‍ ദിയയുടെ കന്നി മത്സരമാണിത്.

കഴിഞ്ഞ തവണ ബിനു പതിനഞ്ചാം വാര്‍ഡില്‍ നിന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 91 ശതമാനം വോട്ടും നേടി റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഇത്തവണ മകള്‍ ദിയയാണ് പതിനഞ്ചാം വാര്‍ഡില്‍ മത്സരിക്കുന്നത്. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബിരുദം നേടിയ ദിയ ആദ്യമായാണ് രാഷ്ട്രീയ മത്സര ഗോദയിലിറങ്ങുന്നത്. ഇത്തവണ ബിനു പതിനാലാം വാര്‍ഡിലേക്ക് മാറി. ചേട്ടന്‍ ബിജു പതിമൂന്നാം വാര്‍ഡിലാണ് അങ്കം കുറിക്കുന്നത്.

കഴിഞ്ഞ തവണ നഗരസഭ ചെയര്‍മാന്‍ സ്ഥാനം നല്‍കാത്തതിനെ തുടര്‍ന്ന് കറുത്ത വസ്ത്രം ധരിച്ച്‌ പ്രതിഷേധിച്ച സിപിഎമ്മിന്റെ കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടം കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയുമായി ഉടക്കിയത് വലിയ കോലാഹലമായിരുന്നു. ജോസിന്റ കടുംപിടിത്തം നിമിത്തമാണ് തനിക്ക് ചെയര്‍മാന്‍ സ്ഥാനം നിഷേധിക്കപ്പെട്ടതെന്ന് ബിനു വിശ്വസിക്കുന്നു. പിന്നാലെ സിപിഎമ്മില്‍ നിന്ന് പുറത്താവുകയും ചെയ്തു. ‘ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും നിയന്ത്രണത്തിലല്ല ഞങ്ങള്‍ നീങ്ങുന്നത്. ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ചു കൊണ്ട് പ്രവര്‍ത്തിക്കാനാണ് മത്സരിക്കുന്നത്’ ബിനു പറഞ്ഞു.

അച്ഛന്റെ പാത പിന്തുടര്‍ന്ന് കേരള കോണ്‍ഗ്രസില്‍ ദീര്‍ഘകാലം സജീവമായിരുന്ന ബിജു കഴിഞ്ഞ കുറച്ചുകാലമായി മാണി ഗ്രൂപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. സുരേഷ് ഗോപി തൃശൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോള്‍ ബിജുവായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ചുക്കാന്‍ പിടിച്ചത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി ഉണ്ടാവുകയും പുളിക്കകണ്ടം ടീംസിലെ മൂന്നുപേരും ജയിച്ചു വരികയും ചെയ്താല്‍ പാലായിലെ ഇനി കളി നിയന്ത്രിക്കുന്നത് ഇവരാകും.

പാലായില്‍ പുളിക്കകണ്ടം കുടുംബക്കാർ മറ്റു പാർട്ടികള്‍ക്കെതിരെ മത്സരിക്കുമ്ബോള്‍, കൊച്ചിയില്‍ മുന്‍ കേന്ദ്രമന്ത്രി കെവി തോമസിന്റെ കുറുപ്പശ്ശേരി കുടുംബത്തിലെ നാലുപേര്‍ ഒരേ വാര്‍ഡില്‍ പരസ്പരം ഏറ്റുമുട്ടുന്നു. കുമ്ബളങ്ങി പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ ആണ് ഇവരുടെ മത്സരം. മൂന്ന് പ്രധാന മുന്നണികളിലുമായി മൂന്നുപേർ മത്സരിക്കുമ്ബോള്‍, ഒരാള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ടിക്കറ്റിലുമാണ് രംഗത്തുള്ളത്. ഇവരില്‍ ആര് ജയിച്ചാലും കുറുപ്പശ്ശേരി കുടുംബത്തില്‍ നിന്നൊരാള്‍ മെമ്പര്‍ ആകുമെന്ന് ഉറപ്പിക്കാം.

കെവി തോമസിന്റെ ജേഷ്ഠസഹോദര പുത്രന്‍ മാര്‍ട്ടിന്‍ ആന്റണി എല്‍ഡിഎഫിന്റേയും മറ്റൊരു സഹോദര പുത്രനായ ഷാജി കുറുപ്പശ്ശേരി യുഡിഎഫിന്റേയും സ്ഥാനാര്‍ത്ഥികളാണ്. മാര്‍ട്ടിന്‍ ആന്റണി കുമ്പളങ്ങി പഞ്ചായത്തിലെ മുന്‍ പ്രസിഡൻ്റാണ്. ഇതേ കുടുംബത്തില്‍പ്പെട്ട സാംസണ്‍ കുറുപ്പശ്ശേരിയാണ് ബിജെപി സ്ഥാനാര്‍ത്ഥി. ഇതിനും പുറമെ ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ടെന്‍സണ്‍ കുറുപ്പശ്ശേരിയും പതിനാറാം വാര്‍ഡില്‍ പോരിന് ഇറങ്ങിയിട്ടുണ്ട്.