
പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്ന് ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹവും കണ്ടെത്തിയെന്ന അവകാശവാദത്തില്‍ വൻ ട്വിസ്റ്റ്: ഇത് ശിവലിംഗമോ ക്ഷേത്രാവശിഷ്ടങ്ങളോ അല്ല .
കോട്ടയം: പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്ന് ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹവും കണ്ടെത്തിയെന്ന അവകാശവാദത്തില്‍ വിശദീകരണവുമായി ശാസ്ത്രസാഹിത്യകാരനും അധ്യാപകനും ഗവേഷകനുമായ എതിരൻ കതിരവൻ.
കണ്ടെത്തിയത് മെഗാലിത്തിക് കാലഘട്ടത്തിലെ മെൻഹിർ ആണെന്നും 8000 കൊല്ലം മുതല്‍ 3500 കൊല്ലം വരെ പഴക്കമുള്ളവയാണ് ലോകത്തെമ്പാടും കാണപ്പെടുന്ന ഈ നെടുകെ നാട്ടിയ നീള-അണ്ഡാകൃതി കല്ലുകളെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.
മരണാനന്തരം ശരീരം അടക്കം ചെയ്യുന്നിടത്താണ് ഈ ആചാരക്കല്ലുകള്‍ സ്ഥാപിക്കാറുള്ളത്. ഇത് ശിവലിംഗമാണെന്ന് നാട്ടുകാർ തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും ആര്‍ക്കയോളജി വകുപ്പ് ശ്രദ്ധിക്കേണ്ടതാണിതെന്നും പോസ്റ്റില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കപ്പ കൃഷിക്കായി നിലമൊരുക്കുന്നതിനിടെയാണ് രണ്ട് വിഗ്രഹങ്ങളും കല്ലുകളും കണ്ടെത്തിയത്. 100 വർഷം മുമ്പ് പ്രദേശത്ത് ക്ഷേത്രം ഉണ്ടായിരുന്നതായാണ് വെള്ളാപ്പാട് ക്ഷേത്ര ഭാരവാഹികളുടെ വാദം. വിഗ്രഹം കണ്ടെടുത്ത സ്ഥലത്ത് ശിവക്ഷേത്രം ഉണ്ടായിരുന്നുവെന്നും ഇവിടെ ആരാധാന നടന്നിരുന്നുവെന്നും ഇവർ അവകാശപ്പെട്ടിരുന്നു.
എതിരൻ കതിരവന്‍റെ കുറിപ്പ്
പാലായില്‍ ബൈപാസ് റോഡിനടുത്തു നിന്ന് മെഗാലിത്തിക് കാലഘട്ടത്തിലെ മെൻഹിർ (menhir) കണ്ടെത്തിയിരിക്കുന്നു. 8000 കൊല്ലം മുതല്‍ 3500 കൊല്ലം വരെ പഴക്കമുള്ളവയാണ് ലോകത്തെമ്പാടും കാണപ്പെടുന്ന ഈ നെടുകെ നാട്ടിയ നീള-അണ്ഡാകൃതി കല്ലുകള്‍. മരണാനന്തരം ശരീരം അടക്കം ചെയ്യുന്നിടത്താണ് ഈ ആചാരക്കല്ലുകള്‍ സ്ഥാപിക്കപ്പെടാറ്. കേരളത്തില്‍ പലയിടത്തും മെൻഹിറുകള്‍ കാണപ്പെട്ടിട്ടുണ്ട്.
പാലാ പ്രദേശത്തിനു ഇങ്ങനെ ഒരു ചരിത്രാതീത സംസ്കാരമുണ്ടെന്ന് തെളിയുന്നത് കൗതുകകരമാണ്. മെൻഹിറുകളോടൊപ്പം കാണാറുള്ള ചതുരക്കല്ലും കണ്ടുകിട്ടിയിട്ടുണ്ട് പാലായില്‍. ഇത് ശിവലിംഗമാണെന്ന് നാട്ടുകാർ തെറ്റിദ്ധരിച്ചിട്ടുണ്ട്. ആര്‍ക്കയോളജി വകുപ്പ് ശ്രദ്ധിക്കേണ്ടതാണിത്.