
കോട്ടയം: പാലാ നഗരസഭയില്‍ ഭരണം പിടിക്കാൻ യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ തല പുകയ്ക്കുമ്ബോള്‍ ഭരണത്തിന് നിർണായക പിന്തുണ നല്‍കേണ്ട പുള്ളിക്കകണ്ടം താരങ്ങള്‍ തീർഥാടനത്തില്‍.
പാലാ നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മയിൽ വിജയിച്ച ബിനു പുളിക്കകണ്ടം, സഹോദരൻ ബിജു പുളിക്കകണ്ടം, ബിനുവിന്റെ മകൾ ദിയ പുളിക്കകണ്ടം എന്നിവർ പഴനി, വേളാങ്കണി തീർഥാടന കേന്ദ്രങ്ങൾ സന്ദർശിച്ചു. നേർച്ചയുടെ ഭാഗമായി ബിനുവും ബിജുവും തലമൊട്ടയടിക്കുകയും ചെയ്തു. ബിനു മത്സരരംഗത്ത് എത്തി കഴിഞ്ഞ 20 വർഷമായി ഓരോ തെരഞ്ഞെടുപ്പിലും വിജയിച്ചു കഴിയുമ്പോൾ പഴനിയിലും വേളാങ്കണ്ണിയിലും തീർഥാടനം നടത്തുക പതിവാണ്.
പത്തംഗ സംഘം
സ്വതന്ത്ര കൂട്ടായ്മയിൽ പ്രവർത്തിച്ച പത്തോളം പ്രവർത്തകരെയും ഇത്തവണ തീർഥാടനത്തിനു കൊണ്ടുപോയി. ഇവരും തലമൊട്ടയടിച്ചാണ് മടങ്ങുന്നത്. വലിയ ബസിലായിരുന്നു യാത്ര. തീർഥാടനത്തിനു ശേഷം ഇന്നു വൈകുന്നേരത്തോടെ പാലാ മുരിക്കുംപുഴയിലുള്ള വീട്ടിൽ തിരിച്ചെത്തും. ഭാവി പ്രവർത്തനങ്ങൾക്കും രാഷ്ട്രീയ തീരുമാനങ്ങൾക്കുമായി 21നു സത്യപ്രതിജ്ഞയ്ക്കു ശേഷം വൈകുന്നേരം മൂന്നു വാർഡിലെയും ജനങ്ങളുടെ ജനസഭ വിളിച്ചു ചേർത്തിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകുന്നേരം ആറിനു പാലാ മുരിക്കുംപുഴ പുളിക്കകണ്ടത്തിൽ ഓർച്ചാർഡ് റിവർമാൻഷൻ ഓഡിറ്റോറിയത്തിലാണ് ജനസഭ. സ്വതന്ത്ര കൂട്ടായ്മ കൗൺസിലർമാരുടെ ഭാവി പ്രവർത്തന പരിപാടികൾക്ക് അഭിപ്രായ സമന്വയത്തിലൂടെ തീരുമാനത്തിലെത്താനാണ് ജനസഭ വിളിച്ചിരിക്കുന്നത്.
നിർണായകം പിന്തുണ
എൽഡിഎഫിനും യുഡിഎഫിനും ഭൂരിപക്ഷമില്ലാത്ത നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മ നിർണായകമാണ്. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കൾ ഇവരുമായി നിരന്തരം ചർച്ചകൾ തുടരുകയാണ്.
മൂന്നു പേർക്കെതിരെയും യുഡിഎഫ് സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല. അതിനാൽ യുഡിഎഫിനെ മൂന്നുപേരും പിന്തുണയ്ക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ പ്രതീക്ഷ. എൽഡിഎഫ് നേതൃത്വവും മൂവരുടെയും പിന്തുണ നേടാനുള്ള ശ്രമം നടത്തുന്നുണ്ട്.



