play-sharp-fill
ദീര്‍ഘദൂര യാത്രക്കാര്‍ക്ക്​ ആശ്വാസം ;​ പുതിയ സമയക്രമവുമായി പാലരുവി എക്സ്​പ്രസ്

ദീര്‍ഘദൂര യാത്രക്കാര്‍ക്ക്​ ആശ്വാസം ;​ പുതിയ സമയക്രമവുമായി പാലരുവി എക്സ്​പ്രസ്

സ്വന്തം ലേഖിക

കോട്ടയം: പാലരുവി എക്സ്​പ്രസിന്​ പുതിയ സമയക്രമം നിലവില്‍ വന്നതോടെ ജില്ലയില്‍നിന്നുള്ള ദീര്‍ഘദൂര യാത്രക്കാര്‍ക്ക്​ ആശ്വാസം.കഴിഞ്ഞദിവസം മുതലാണ്​ കോട്ടയം മുതല്‍ പാലക്കാട് വരെ സമയം റെയില്‍വേ ​ പരിഷ്ക്കരിച്ചത്​. ഇതനുസരിച്ച്‌​ 8.45ന്​ ട്രെയിന്‍ എറണാകുളത്തെത്തും. നേരത്തെ 9.25 ആയിരുന്നു സമയം. പലപ്പോഴും ഒൻപതോടെ തന്നെ ട്രെയിന്‍ എറണാകുളം ഔട്ടറില്‍ എത്തുമായിരുന്നെങ്കിലും ഇവിടെ പിടിച്ചിടുകയായിരുന്നു പതിവ്​.

ഇനി ഔട്ടറില്‍ പിടിച്ചിടീല്‍ ഉണ്ടാവില്ല. ഇത്​ ഏറെ ആശ്വാസമാണെന്ന്​ യാത്രക്കാരുട കൂട്ടായ്മയായ ഫ്രണ്ട്​സ്​ ഓണ്‍ റെയില്‍സ്​ ഭാരവാഹികള്‍ പറഞ്ഞു. പുതിയ സമയമാറ്റം തൃശൂര്‍, പാലക്കാട് എത്തിച്ചേരേണ്ട ദീര്‍ഘ ദൂരയാത്രക്കാര്‍ക്ക് വളരെയേറെ പ്രയോജനകരമാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് ഭാഗത്തേക്ക്​ എത്തേണ്ട യാത്രക്കാര്‍ക്ക് പാലരുവിയില്‍ ആലുവ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ എറണാകുളം ജങ്​ഷനില്‍നിന്ന് 9.17 നുള്ള ജനശതാബ്ദിയില്‍ തുടര്‍യാത്ര ചെയ്യാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗളൂരുവിന്​ പോകേണ്ട യാത്രക്കാര്‍ക്ക് പാലരുവിയില്‍ ആലുവയില്‍ ഇറങ്ങിയാല്‍ എറണാകുളം ജങ്​ഷനില്‍നിന്ന് 9.10ന് എടുക്കുന്ന ബംഗളൂരു ഇന്‍റര്‍സിറ്റിയും ലഭിക്കും. ഇത്തരം നേട്ടങ്ങള്‍ക്കൊപ്പം യാത്രക്കാര്‍ക്ക്​ പുതിയ സമയക്രമം ബുദ്ധിമുട്ട്​ സൃഷ്ടിക്കുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു.

നിലവിലുള്ള സമയത്തെക്കാള്‍ നേരത്തെയാണ്​ കോട്ടയത്തടക്കം ട്രെയിന്‍ എത്തുന്നത്​. നേരത്തേ കോട്ടയത്ത്​ പാലരുവിക്ക്​ 7.12 ആയിരുന്നു സമയം. എന്നാല്‍, പുതിയ സമയക്രമത്തില്‍ 7.05ആണ്​. ഇതുമൂലം സ്ത്രീ യാത്രക്കാര്‍ അടക്കം നേരത്തേ വീട്ടില്‍നിന്ന്​ ഇറങ്ങേണ്ട സാഹചര്യമാണ്​.

തുടര്‍ന്നുള്ള സ്റ്റോപ്പുകളില്‍ 15 മിനിറ്റിലേറെ നേരെത്തേ എത്തിച്ചേരുന്ന വിധമാണ് പുതിയ സമയക്രമം. ഇത്​ കോട്ടയം-എറണാകുളം സ്ഥിര യാത്രക്കാര്‍ക്ക് തിരിച്ചടിയാണ്​. രാവിലെ സ്റ്റേഷനില്‍ എത്തിച്ചേരാനുള്ള ഗതാഗത സൗകര്യമില്ലാത്തതും സ്ത്രീകള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. ഇതിന്​ പരിഹാരം കാണണമെന്നും ആവശ്യമുയരുന്നു.

തൃപ്പൂണിത്തുറയില്‍നിന്ന്​ എറണാകുളം ടൗണില്‍ എത്തിച്ചേരാന്‍ 35 മിനിറ്റ് സമയമാണ് ഇപ്പോളും അനുവദിച്ചിരിക്കുന്നത്. ഇത്​ മാറ്റിയാല്‍ കോട്ടയമടക്കമുള്ള സ്ഥലങ്ങളില്‍നിന്ന്​ 7.12 എന്ന പഴയസമയക്രമം തന്നെ തുടരാന്‍ കഴിയുമെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ ദിവസവും കൊല്ലം ജങ്​ഷനില്‍ നാല് മണിക്ക് എത്തിച്ചേരുന്ന പാലരുവിയുടെ പുറപ്പെടേണ്ട സമയം അഞ്ചുമണിയാണ്.

ഈ സമയത്തില്‍ ഒരു വ്യത്യാസവും വരുത്താതെയാണ് കോട്ടയം മുതല്‍ പാലക്കാട് വരെ മാത്രം ട്രെയിന്‍ സമയം പുനഃക്രമീകരിച്ചത്.യാത്രക്കാര്‍ അധികമുള്ള ഏറ്റുമാനൂര്‍, അങ്കമാലി, ചാലക്കുടി, ഇരിഞ്ഞാലക്കുട, വടക്കാഞ്ചേരി പോലുള്ള പ്രധാന സ്റ്റേഷനുകളില്‍ ഇപ്പോഴും ഇതിന്​ സ്​റ്റോപ്​ അനുവദിച്ചിട്ടില്ല. 2017ഏപ്രിലാണ് പാലരുവി എന്ന പേരില്‍ ട്രെയിന്‍ നമ്ബര്‍ 16791 സര്‍വിസ് ആരംഭിക്കുന്നത്.

ആദ്യം പുനലൂര്‍ മുതല്‍ പാലക്കാട് വരെയായിരുന്ന പാലരുവി, 2018 ജൂലൈ ഒമ്ബതിന്​ തിരുനെല്‍വേലി വരെ നീട്ടുകയായിരുന്നു. 2019 സെപ്റ്റംബറിലാണ് സ്ലീപ്പര്‍ കോച്ചുകള്‍ ഈ ട്രെയിനില്‍ അനുവദിക്കുന്നത്.തിരുനെല്‍വേലിയില്‍നിന്ന് ആദ്യം ട്രെയിന്‍ ആരംഭിച്ചിരുന്നത് രാത്രി 10.45ന് ആയിരുന്നു. പിന്നീട് ട്രെയിന്‍ സമയം 11.20 ലേക്ക്​ മാറ്റി. പരശുറാം അടക്കമുള്ള ട്രെയിനുകളുടെ സമയവും പരിഷ്​കരിച്ചിട്ടുണ്ട്​. ഷൊര്‍ണൂര്‍-മംഗലാപരം റൂട്ടിലാണ്​ മാറ്റം.

വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ്​ റെയിവേയുടെ തീരുമാനമെന്നാണ്​ വിവരം. പാലരുവിയുടെ പുതുക്കിയ സമയക്രമം: സ്​റ്റേഷന്‍ (എത്തിച്ചേരുന്ന സമയം /പുറപ്പെടുന്ന സമയം): കോട്ടയം (07.05 /07.08), കുറുപ്പന്തറ (07.26 /07.27), വൈക്കം റോഡ് (07.36/07.37 ), പിറവം റോഡ് (07.45/07.46), മുളന്തുരുത്തി (07.57/07.58), തൃപ്പൂണിത്തുറ (08.10./08.11), എറണാകുളം ടൗണ്‍ (08.45 /08.50), ആലുവ (09.10/09.12), തൃശൂര്‍ (10.00 /10.0), ഒറ്റപ്പാലം (10.58./11.00.), പാലക്കാട് ജങ്​ഷന്‍ (12.00). തിരിച്ച്‌​ വൈകീട്ട്​ നാലിന്​ പാലക്കാട്​നിന്ന്​ പുറപ്പെടുന്ന ട്രെയിന്‍ 6.40ന്​ എറണാകുളത്തും 8.15ന്​ കോട്ടയത്തുമെത്തും.