പാലാരിവട്ടം പാലം അഴിമതി : കരാറുകാർക്ക് മുൻകൂർ പണം അനുവദിച്ച നോട്ടുഫയലുകൾ കാണാനില്ല ;അപ്രത്യക്ഷമായത് വി കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് വ്യക്തമാക്കുന്ന രേഖകൾ
സ്വന്തം ലേഖിക
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ പൊതുമരാമത്ത് വകുപ്പിൽ നിന്നും കാണാതായി. കരാറുകാർക്ക് മുൻകൂർ പണം അനുവദിക്കാൻ ശുപാർശ ചെയ്ത് വിവിധ വകുപ്പുകൾ മന്ത്രിയുടെ ഓഫീസിലേക്കയച്ച നോട്ട് ഫയലാണ് കാണാതായത്.
കരാർ ഏറ്റെടുത്ത ആർഡിഎസ് കമ്പനിക്ക് പൊതുമരാമത്ത് വകുപ്പ് മുൻകൂറായി നൽകിയത് എട്ടേകാൽ കോടി രൂപയാണ്. പണം അനുവദിക്കാൻ ശുപാർശ ചെയ്ത് വിവിധ വകുപ്പുകൾ മന്ത്രിയുടെ ഓഫീസിലേക്ക് അയച്ച ഈ നോട്ട് ഫയൽ പരിഗണിച്ചാണ് പാലം കരാർ കമ്പനിക്ക് പണം അനുവദിക്കാൻ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് ഉത്തരവിട്ടത്. വിജിലൻസിന്റെ പരിശോധനയിലാണ് രേഖകൾ നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയത്. നോട്ട് ഫയൽ വേണമെന്നാവശ്യപ്പെട്ട് വിജിലൻസ് പൊതുമരാമത്ത് സെക്രട്ടറിയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. രേഖകൾ നഷ്ടപ്പെട്ടെങ്കിൽ അക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കണമെന്നും വിജിലൻസ് ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാണാതായ നോട്ട് ഫയൽ കേസിൽ നിർണായകമായ തെളിവാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പാലാരിട്ടം അഴിമതി കേസിലെ ഗൂഢാലോചന തെളിയിക്കാൻ നിർണായകമായ രേഖയാണിത്.
അതേസമയം, അന്വേഷണ സംഘ തലവനായിരുന്ന ഡിവൈഎസ്പി അശോക് കുമാറിനെ തത്സ്ഥനത്ത് നിന്നും ഇന്നലെ നീക്കം ചെയ്തിരുന്നു. കേസന്വേഷണത്തിൽ ഗുരുതരവീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് ഡിവൈഎസ്പിക്കെതിരെ വിജിലൻസ് ഡയറക്ടർ നടപടിയെടുത്തത്. ഡിവൈഎസ്പി ശ്യാംകുമാറാണ് പുതിയ അന്വേഷണ സംഘത്തലവൻ.