മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ കുരുക്ക് മുറുകുന്നു ; പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ടുള്ള അഴിമതികൾ നടത്തിയത് ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയെന്ന് ടി.ഒ സൂരജ്
സ്വന്തം ലേഖകൻ
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരായ കുരുക്ക് മുറുകുന്നു. അഴിമതികൾ നടത്തിയത് മുൻമന്ത്രിയുടെ അറിവോടെയെന്ന് പ്രതിയായ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ് മൊഴിയാവർത്തിച്ച് പറഞ്ഞു.
. മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ മൊഴിയിൽ വ്യക്തത വരുത്തുന്നതിനായി വിജിലൻസ് സൂരജിനെ വീണ്ടും വിളിച്ചു വരുത്തി മൊഴിയെടുത്തു. ഇതിലാണ് സൂരജ് തന്റെ നിലപാട് ആവർത്തിച്ചത്. കൊച്ചിയിലെ ഓഫീസിലാണ് പൊതുമരാമത്ത് മുൻസെക്രട്ടറിയായ ടി.ഒ സൂരജിനെ മൂന്നര മണിക്കൂറോളം ചോദ്യം ചെയ്തത്. എന്നാൽ പാലാരിവട്ടം മേൽപ്പാലവുമായി ബന്ധപ്പെട്ട ഉത്തരവുകൾ ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയെന്ന് സൂരജ് ആവർത്തിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നടപടികളെക്കുറിച്ച് മന്ത്രിക്ക് അറിയാമായിരുന്നുവെന്ന പഴയ മൊഴിയിൽ ഉറച്ചു നിൽക്കുന്നു. രേഖകളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നതെന്നും മൊഴിയെടുപ്പിനു ശേഷം സൂരജ് പറഞ്ഞു. ഇബ്രാഹിം കുഞ്ഞിനെ മൂന്നു തവണ ചോദ്യം ചെയ്തതിനു ശേഷവും പൊതുമരാമത്ത് മുൻ സെക്രട്ടറിയെ വിളിച്ചു വരുത്തിയത് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. അതേസമയം സൂരജിന്റെ ആദ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലൻസ് നീങ്ങുന്നത്.
ഉദ്യോഗസ്ഥരുമായി കൂടിയാലോചനകൾ നടത്തിയിട്ടുണ്ട്. അല്ലാതെ തനിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ഇബ്രാഹിംകുഞ്ഞ് നല്കിയ മൊഴിയിലുണ്ട്. ഇതിൽ വ്യക്തത വരുത്തുന്നതിനായാണ് സൂരജിനെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.