
പാലാ നഗരസഭയിലെ അവിശ്വാസം പാസായത്: യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തില്‍ വീണ ഭരണകക്ഷി സെൽഫ് ഗോളടിച്ച് നാണം കെട്ടു : യുഡിഎഫിന് രാഷ്ട്രീയ നേട്ടമായി: അവശേഷിക്കുന്ന ചോദ്യം പുറത്തായ ഷാജു തുരുത്തൻ ഇനി എങ്ങോട്ട്? ജോസഫ് ഗ്രൂപ്പുമായി ചർച്ച നടത്തി
പാലാ: പാലാ നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തനെ പുറത്താക്കാൻ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തില്‍ വീണ ഭരണകക്ഷിക്ക് തിരിച്ചടിയായി.
അതേസമയം ഭരണകക്ഷിയിലെ ഭിന്നിപ്പ് മുന്നില്‍ക്കണ്ട് അവിശ്വാസവുമായി കടന്നുവന്ന യുഡിഎഫിനിതു രാഷ്‌ട്രീയനേട്ടവുമായി. പ്രതിപക്ഷം ഒന്നാകെ അവസാനനിമിഷം വിട്ടുനിന്നതോടെ ഭരണകക്ഷിതന്നെ സെല്‍ഫ് ഗോളടിച്ചു നാണംകെടുന്ന അവസ്ഥയുമുണ്ടായി.
അവിശ്വാസപ്രമേയം പാസായി ചെയർമാൻസ്ഥാനത്തുനിന്നു പുറത്തായെങ്കിലും ഇപ്പോഴും പാലാ നഗരത്തില്‍ ഉയരുന്ന ചോദ്യമുണ്ട്. തുരുത്തൻ എവിടെ പോകും? കേരള കോണ്‍ഗ്രസ്-എമ്മില്‍ തന്നെ ഉറച്ചുനില്‍ക്കുമോ അതോ കേരള കോണ്‍ഗ്രസ് ജോസഫിലേക്ക് പോകുമോ…? കേരള കോണ്‍ഗ്രസ് നേതാക്കളുമായി ചർച്ച ആരംഭിച്ചുവെന്നാണ് യുഡിഎഫ് ക്യാമ്പില്‍നിന്നുവരുന്ന വാർത്തകള്‍. മനസു തുറക്കാതെ തുരുത്തൻ കൂടിയാലോചനകളുമായി മുന്നോട്ടു പോകുകയാണ്. തുരുത്തൻ സൃഷ്ടിച്ച രാഷ്‌ട്രീയ കോളിളക്കമൊന്നും പെട്ടെന്നു ശാന്തമാകുകയുമില്ല.
യുഡിഎഫിന്‍റെ രാഷ്‌ട്രീയനേട്ടം
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവിശ്വാസം പാസാവുകയില്ല എന്നുറപ്പുണ്ടായിരുന്നെങ്കിലും എല്‍ഡിഎഫില്‍ ഭിന്നത വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണ് പ്രതിപക്ഷം ശ്രമിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ പുറത്താക്കല്‍ നടപടിയിലൂടെ എല്‍ഡിഎഫ്, പ്രതിപക്ഷത്തിന്‍റെ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുന്നു.
കേരള കോണ്‍ഗ്രസ്-എമ്മിലെ മുതിര്‍ന്ന നേതാക്കളാണ് ഷാജു വി. തുരുത്തനും ബെറ്റി ഷാജുവും. ബെറ്റി ഷാജുവും നഗരസഭാ ചെയർപേഴ്സണ്‍ ആയിരുന്നിട്ടുണ്ട്. ചെയർമാൻ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്-എമ്മിന്‍റെ സ്ഥാനാർഥിയായി തുരുത്തൻ ജയിച്ചത് 26 അംഗ നഗരസഭയില്‍ 17 വോട്ടുകള്‍ നേടിയാണ്. യുഡിഎഫിനു ലഭിച്ചത് ഒൻപത് അംഗങ്ങളുടെ പിന്തുണ മാത്രമാണ്. ഷാജു വി. തുരുത്തേല്‍ 40 വര്‍ഷത്തിലധികമായി രാഷ്‌ട്രീയത്തിലുണ്ട്.
ഒന്നു പാളിയിരുന്നെങ്കില്‍
26 അംഗ കൗണ്‍സിലില്‍ അവിശ്വാസപ്രമേയം പാസാകാൻ 14 പേരുടെ പിന്തുണ വേണമായിരുന്നു. എല്‍ഡിഎഫിനു നേടാനായതു 14 വോട്ടുകളാണ്. ഭരണകക്ഷിയിലെ ഒരാള്‍ക്കെങ്കിലും അബദ്ധം പറ്റിയിരുന്നെങ്കില്‍ ഷാജു ചെയർമാനായി തുടരുമായിരുന്നുവെന്നതാണ് യഥാർഥ്യം. ബിനു പുളിക്കക്കണ്ടം, ഷീബാ ജിയോ എന്നിവര്‍ വിട്ടുനിന്നത് എല്‍ഡിഎഫിലെ അനൈക്യം വ്യക്തമാക്കി. സമീപകാലത്ത് വിദേശത്തായിരുന്ന സിപിഐ അംഗം മടങ്ങിവന്നു വോട്ടെടുപ്പില്‍ പങ്കെടുത്തതാണ് എല്‍ഡിഎഫിന് അനുകൂലമായത്.
പാർട്ടിയാണ് വലുത്
കേരള കോണ്‍ഗ്രസ്-എം പാര്‍ട്ടി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മുതിർന്ന നേതാക്കള്‍ പലവട്ടം ചർച്ച നടത്തിയിട്ടും പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ പദവിയില്‍നിന്ന് ഒഴിയാന്‍ തയാറാവാതെ നിന്നതാണ് ഷാജു വി. തുരുത്തനു വിനയായത്. തനിക്കു രണ്ടു വര്‍ഷമാണ് ചെയര്‍മാന്‍പദം പാര്‍ട്ടി അനുവദിച്ചതെന്നാണ് തുരുത്തന്‍റെ വാദം. എന്നാല്‍ അങ്ങനെയല്ല അവസാന എട്ടുമാസം കൗണ്‍സിലര്‍ തോമസ് പീറ്ററിനാണ് അധ്യക്ഷസ്ഥാനം പറഞ്ഞുവച്ചിരിക്കുന്നതെന്നാണ് കേരള കോണ്‍ഗ്രസ്-എം നേതൃത്വം വ്യക്തമാക്കിയത്. പാർട്ടിനിലപാടാണ് അനുസരിക്കേണ്ടത്. അതിനു വിരുദ്ധമായി നില്‍ക്കുന്നതരാണെങ്കിലും ഇതായിരിക്കും അവസ്ഥയെന്നാണ് കേരള കോണ്‍ഗ്രസ്-എം നിലപാട്