
കോട്ടയം: പാലാ നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മയിൽ വിജയിച്ച ബിനു പുളിക്കക്കണ്ടം, സഹോദരൻ ബിജു പുളിക്കകണ്ടം, ബിനുവിന്റെ മകൾ ദിയ പുളിക്കകണ്ടം എന്നിവര്‍ ഭാവി പ്രവർത്തനങ്ങൾക്കും രാഷ്ട്രീയ തീരുമാനങ്ങൾക്കുമായി ജനസഭ വിളിച്ചു ചേർക്കും.
ഇവരുടെ മൂന്നു വാർഡുകളുടെയും സംയുക്ത ജനസഭ 21നു വൈകുന്നേരം ആറിനു പാലാ മുരിക്കുംപുഴ പുളിക്കകണ്ടത്തിൽ ഓർച്ചാർഡ് റിവർമാൻഷൻ ഓഡിറ്റോറിയത്തിൽ നടത്തും.
ജനകീയ സഭയിൽ വൻ ജനപങ്കാളിത്തമാണ് ഇവർ പ്രതീക്ഷിക്കുന്നത്. സ്വതന്ത്ര കൂട്ടായ്മ കൗൺസിലേഴ്സിന്റെ ഭാവി പ്രവർത്തനപിപാടികൾക്ക് അഭിപ്രായ സമന്വയത്തലൂടെ തീരുമാനത്തിലെത്താനാണ് ജനസഭ വിളിച്ചിരിക്കുന്നത്.
എൽഡിഎഫിനും യുഡിഎഫിനും ഭൂരിപക്ഷമില്ലാത്ത നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മ നിർണായകമാണ്. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കൾ ഇവരുമായി നിരന്തരം ചർച്ചകൾ തുടരുകയുമാണ്.
മൂന്നു പേർക്കെതിരെയും യുഡിഎഫ് സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല. അതിനാൽ യുഡിഎഫിനെ മൂന്നുപേരും പിന്തുണയ്ക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ പ്രതീക്ഷ.
ഇതിനിടയിൽ പാലാ എംഎൽഎ മാണി സി. കാപ്പൻ മുൻകൈയെടുത്ത് നഗരസഭയിൽ പുതിയ ഫോർമുല വച്ചതായാണ് സൂചന. ആദ്യ രണ്ടര വർഷം ബിനുവിന്റെ മകൾ ദിയ ചെയർമാനാകും. തുടർന്നുള്ള രണ്ടര വർഷം കോൺഗ്രസ് പുറത്താക്കിയ സ്വതന്ത്രയായി വിജയിച്ച മായാ രാഹുൽ ചെയര്‍പേഴ്സണാകും. അഞ്ചു വർഷവും ബിനു പുളിക്കകണ്ടം വൈസ് ചെയര്‍മാനും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഈ തീരുമാനത്തോട് നഗരസഭയിലെ കോൺഗ്രസ് അംഗങ്ങൾ വിയോജിച്ചു. അവർക്കും ചെയർപേഴ്സണ്‍ പദവി വേണമെന്നാണ് ആവശ്യം. ജോസഫ് ഗ്രൂപ്പിനും രണ്ടു പ്രതിനിധികളുണ്ട്. ഇവരും ഒരു വർഷം ചെയരമാൻ സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൻ എംഎൽഎയുടെ നേതൃത്വത്തിൽ സമവായ ചര്‍ച്ചകൾ നടന്നു വരുകയാണ്.
എൽഡിഎഫ് നേതൃത്വം ബിനു പുളിക്കകണ്ടത്തെ സമീപിച്ചെങ്കിലും ജോസ് കെ.മാണിയോടുള്ള എതിര്‍പ്പു മൂലം ബിനു തുടർ ചർച്ചകൾക്ക് തയാറായില്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്നാണ് ജോസ് കെ. മാണി ചൊവ്വാഴ്ച പ്രതികരിച്ചത്.



