video
play-sharp-fill
പാലം പണിസമയത്ത് മകന്റെ പേരിൽ കോടികളുടെ സ്വത്ത് വാങ്ങിക്കൂട്ടി ; ടി ഒ സൂരജിനെതിരെ തെളിവുകൾ മുറുകുന്നു

പാലം പണിസമയത്ത് മകന്റെ പേരിൽ കോടികളുടെ സ്വത്ത് വാങ്ങിക്കൂട്ടി ; ടി ഒ സൂരജിനെതിരെ തെളിവുകൾ മുറുകുന്നു

സ്വന്തം ലേഖിക

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ടു. ഇതുസംബന്ധിച്ച് വിജിലൻസ് ഹൈക്കോടതിയിൽ പുതുക്കിയ സത്യവാങ്മൂലം നൽകി. ടി.ഒ സൂരജിന്റെ പങ്ക് കൂടുതൽ വ്യക്തമാക്കുന്നതാണ് തെളിവുകൾ. ഉദ്യോഗസ്ഥരുടെ അഴിമതിക്ക് കൂടുതൽ തെളിവുകളുണ്ടെന്ന് വിജിലൻസ് കോടതിയിൽ ചൂണ്ടിക്കാട്ടി. പാലം നിർമാണ സമയത്ത് 3.25 കോടിയുടെ സ്വത്ത് മകന്റെ പേരിൽ വാങ്ങിയതായും ഇതിൽ രണ്ട് കോടി കള്ളപ്പണമാണെന്നും സൂരജ് വിജിലൻസിന് മുൻപാകെ സമ്മതിച്ചു.

മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ തെളിവുകൾ ശേഖരിക്കുകയാണെന്നും വിജിലൻസ് വ്യക്തമാക്കി. മന്ത്രിയുടെ പങ്ക് പുറത്തുകൊണ്ടുവരാൻ കൂടുതൽ സമയം വേണമെന്നും വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടു. ടി.ഒ സൂരജ് അടക്കമുള്ള നാല് പ്രതികളുടെ ജാമ്യ ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കരാർ കമ്പനി എം.ഡി സുമിത് ഗോയൽ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ മുൻ എ.ജി.എം എം.ടി തങ്കച്ചൻ, കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ എന്നിവരുടെ ഹർജിയാണ് പരിഗണിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, സർക്കാർ വകുപ്പ് സെക്രട്ടറി എന്ന നിലയിൽ മന്ത്രി ഇറക്കിയ ഉത്തരവിൽ ഒപ്പുവയ്ക്കുക മാത്രമാണ് താൻ ചെയ്തതെന്ന് സൂരജ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ആഗസ്റ്റ് 30 നാണ് ടി.ഒ സൂരജിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. അഴിമതി, വഞ്ചന, ഫണ്ട് ദുരുപയോഗം തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.