അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ സന്ദീപ് വാര്യരെ കളത്തിലിറക്കാൻ കോണ്‍ഗ്രസില്‍ ആലോചന: ബിജെപി കേന്ദ്രങ്ങളിൽ വിള്ളൽ വീഴ്ത്താൻ കഴിയുമെന്ന് പ്രതീക്ഷ.

Spread the love

പാലക്കാട്: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ സന്ദീപ് വാര്യരെ കളത്തിലിറക്കാൻ കോണ്‍ഗ്രസില്‍ ആലോചന.
യുവനേതാവും ഷാഫി പറമ്പിലിന്റെ പിൻമുറക്കാരനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചുറ്റിപ്പറ്റി ഉയർന്നിട്ടുള്ള ആരോപണങ്ങള്‍ പാർട്ടിയെ വിഷമവൃത്തത്തിലാക്കുമ്പോഴാണ് ഇത്തരമൊരു ആലോചന പാർട്ടിക്കുള്ളില്‍ സജീവമാകുന്നത്.

ഇക്കഴിഞ്ഞ പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ബി.ജെ.പിയുടെ മുഖവും ശബ്ദവുമായിരുന്ന സന്ദീപ് വാര്യർ സംഘപരിവാർ ബന്ധം കൂടി ഉപക്ഷേിച്ച്‌ കോണ്‍ഗ്രസിലെത്തിയത്. മണ്ഡലത്തില്‍ സന്ദീപിനുള്ള മേല്‍ക്കൈ പാർട്ടിക്ക് ഗുണകരമാവുമെന്നാണ് വിലയിരുത്തലുള്ളത്.

ബി.ജെ.പി ബന്ധം ഉപേക്ഷിച്ചുവെങ്കിലും പാർട്ടിയുടെ ചെറുതല്ലാത്ത വോട്ടുകള്‍ സമാഹരിക്കാൻ സന്ദീപിന് കഴിയുമെന്നാണ് രാഷ്ട്രീയ വിലയിരുത്തലുള്ളത്. മൂത്താൻ തറയടക്കമുള്ള പ്രദേശങ്ങളില്‍ നിന്നും ഇതുവരെ കോണ്‍ഗ്രസിന് ലഭിക്കാത്ത വോട്ടുകള്‍ പോലും സന്ദീപാണ് സ്ഥാനാർത്ഥിയെങ്കില്‍ അദ്ദേഹത്തിന് ലഭിച്ചേക്കാമെന്നതാണ് അവസ്ഥ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സന്ദീപ് വാര്യർ പാർട്ടിയില്‍ എത്തിയിട്ടും കഴിഞ്ഞ തവണ പാലക്കാട് കോർപ്പറേഷനില്‍ അടക്കം എല്ലായിടത്തും കോണ്‍ഗ്രസിന് വോട്ട് വർധിക്കുന്നതാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്. സി.പി.എമ്മിന്റെ വോട്ടുകളിലും നേരിയ വർധനയുണ്ടായി. എന്നാല്‍ ബി.ജെ.പിക്ക് വോട്ട് വർധിച്ചില്ലെന്ന് മാത്രമല്ല കുറയുകയും ചെയ്തു.

രാഹുലിന് മുമ്പ് മൂന്നു തവണ അടുപ്പിച്ച്‌ മണ്ഡലം നിലനിർത്തിയിരുന്ന ഷാഫി പറമ്പില്‍ 2021ല്‍ ഇ. ശ്രീധരനില്‍ നിന്നും കടുത്ത മത്സരമാണ് നേരിടേണ്ടി വന്നത്. അന്ന് സി.പി.എം സ്ഥാനാർത്ഥിയായിരുന്ന സി.പി പ്രമോദ് 25 ശതമാനം വോട്ട് മാത്രമാണ് നേടിയത്.
ആ തിരഞ്ഞെടുപ്പില്‍ 35ശതമാനം വോട്ടുകള്‍ ബി.ജെ.പിക്ക് അനുകൂലമായി പോള്‍ ചെയ്യപ്പെട്ടിരുന്നു. പിന്നീട് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുല്‍ സ്ഥാനാർത്ഥിയായതോടെ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും വോട്ടുകളില്‍ കാര്യമായ ചേർച്ചയാണ് അനുഭവപ്പെട്ടത്.

തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്തിരുന്ന ഡോ. പി.സരിൻ പാർട്ടി വിട്ട് സി.പി.എമ്മില്‍ ചേക്കേറിയതടക്കം നിരവധി വെല്ലുവിളികള്‍ കോണ്‍ഗ്രസിന് നേരിടേണ്ടി വന്നു. സരിനൊപ്പം എ.കെ ഷാനിബും പാർട്ടി വിട്ടിരുന്നു.

തുടർന്ന് സരിൻ സി.പി.എമ്മിന്റെ സ്ഥാനാർത്ഥി കൂടി ആയതോടെ ഇടതുപക്ഷം പൂർണ്ണ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ പാലക്കാട്ടെ കെട്ടുറപ്പുള്ള കോണ്‍ഗ്രസിന്റെ സംവിധാനം തിരഞ്ഞെടുപ്പു പ്രവർത്തനത്തില്‍ അരയും തലയും മുറുക്കി രംഗത്തെത്തിയതോടെ ചരിത്രത്തിലെ വലിയ ഭൂരിപക്ഷത്തിനാണ് രാഹുല്‍ ജയിച്ചു കയറിയത്.

പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ 42.27 ശതമാനവും രാഹുല്‍ പെട്ടിയിലാക്കി. ബി.ജെ.പി 28ശതമാനം വോട്ട് പിടിച്ചപ്പോള്‍ സി.പി.എം 24 ശതമാനത്തിലേക്ക് കൂപ്പുകുത്തി. രാഹുലിനെതിരെ ആരോപണം വന്നുവെങ്കിലും ഇതുവരെ പാലക്കാടിനെ ഇത് ബാധിച്ചിട്ടില്ലെന്നതാണ് പാർട്ടി വിലയിരുത്തല്‍.
കോണ്‍ഗ്രസിന് ഉണ്ടായിട്ടുള്ള വോട്ട് വർധന അതേ തരത്തില്‍ നിലനിർത്താൻ സന്ദീപ് വാര്യർക്ക് ആവുമെന്നും ഇതിന് പുറമേ കൂടുതല്‍ ബി.ജെ.പി വോട്ടുകള്‍ പാർട്ടിയുടെ പെട്ടിയില്‍ വീഴുമെന്നുമാണ് കരുതപ്പെടുന്നത്. അടുത്ത തവണയെങ്കിലും യുവനേതാക്കളെ കളത്തിലിറക്കി മണ്ഡലം പിടിക്കാമെന്ന സി.പി.എമ്മിന്റെ സ്വപ്‌നം അല്‍പായുസ് മാത്രമാണെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.