പാലക്കാട് വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും
സ്വന്തംലേഖകൻ
പാലക്കാട് തണ്ണിശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. അപകടത്തിൽ 8 പേരാണ് മരിച്ചത്.ആംബുലൻസും ലോറിയും കൂട്ടിയിടിച്ചാണ് 8 പേർ മരിച്ചത്. ആംബുലൻസ് ഡ്രൈവർ സുധീറിൻറെ മൃതദേഹം ഇന്നലെ രാത്രിയിൽ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. സുധീറിന്റെ മൃതദേഹം നെന്മാറ ആറുവായ ജുമാമസ്ജിദിൽ ഖബറടക്കും.അയിലൂർ സ്വദേശികളായ നിഖിൽ, ശിവൻ, വൈശാഖ് എന്നിവരുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിൽ സംസ്‌കരിക്കും. ഷൊർണൂർ സ്വദേശി ഉമ്മർ ഫാറൂഖിൻറെ മൃതദേഹം മുള്ളൂർക്കര ജുമാമസ്ജിദിലും സുബൈർ, ഫവാസ്, നാസർ എന്നിവരുടെ മൃതദേഹം പോക്കുംപടി ജുമാമസ്ജിലുമാണ് ഖബറടക്കുക. രണ്ട് സ്ഥലത്തും പൊതു ദർശനം നടത്തിയ ശേഷമായിരിക്കും മൃതദേഹം സംസ്‌കരിക്കുക.13 വയസുകാരൻ ഷാഫി ഗുരുതര പരിക്കുകളോടെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടാതെ ലോറിയിലുണ്ടായിരുന്ന അബ്ദുൽ ഹുസൈർ, സെയ്ദ് ഇബ്രാഹീം, ഫൈസൽ എന്നിവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.