
കൊച്ചി:പാലക്കാട് ജില്ലയിൽ 13 വർഷത്തിനിടയിൽ 28 കുട്ടികൾ മരിച്ചിട്ടുണ്ടെന്നും ഇതില്‍ അന്വേഷണം ആവശ്യപ്പെട്ടുമുള്ള ഹർജിയിൽ പ്രാഥമികാന്വേഷണം നടത്താൻ സംസ്ഥാന ബാലാവകാശ കമ്മീഷന് ഹൈക്കോടതി നിർദേശം.
ഈ കുട്ടികളുടേത് ദുരൂഹ മരണങ്ങളാണെന്നും പലരും തൂങ്ങിമരിച്ചതായാണ് കാണപ്പെട്ടതെങ്കിലും കൊലപാതകത്തിന്റെ സൂചനകൾ ഉണ്ടെന്നുമായിരുന്നു ഹര്‍ജി സമർപ്പിച്ച സാമൂഹിക പ്രവർത്തകരുടെ വാദം.
2010 മുതൽ 2023 വരെയുള്ള സമയത്ത് കുട്ടികൾ മരിച്ചത് തമ്മിൽ ബന്ധിപ്പിക്കുന്ന എന്തെങ്കിലും ഘടകമുണ്ടോ എന്ന് കോടതി ആരാഞ്ഞു. അവ ഒറ്റപ്പെട്ട സംഭവങ്ങളാവാം, പരസ്പരം ബന്ധമില്ലാത്തതാകാം, ഏതു സാഹചര്യത്തിലാണ് ഈ മരണങ്ങള്‍ തമ്മിൽ ബന്ധമുണ്ടെന്ന് പറയുന്നതെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ച് ചോദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടികളുടെ മൃതദേഹങ്ങളിൽ പലതിലും ഗുരുതരമായ പരുക്കുകൾ കാണ്ടിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നുവെന്ന് ഹർജിക്കാർ വാദിച്ചു.
എന്നാൽ എല്ലാ അന്വേഷണങ്ങളും ആത്മഹത്യകളായി എഴുതിത്തള്ളുകയാണ് ചെയ്തത്. ഈ സാഹചര്യത്തിൽ ദുരൂഹമരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ഹർജിക്കാർ വാദിച്ചു.
എന്നാൽ ഏതു സാഹചര്യത്തിലാണ് ദുരൂഹത എന്നു പറയുന്നതെന്നും എന്താണ് ഈ മരണങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനുള്ളതെന്നും കോടതി ആവർത്തിച്ചു ചോദിച്ചു. തുടർന്നാണ് ഇക്കാര്യത്തിൽ പ്രാഥമികാന്വഷണം നടത്തി റിപ്പോർട്ട് നൽകാൻ ബാലാവകാശ കമ്മീഷന് കോടതി നിർദേശം നൽകിയത്. ക്രിമിനൽ അന്വേഷണം പ്രഖ്യാപിക്കേണ്ടതുണ്ടെങ്കിൽ റിപ്പോർട്ട് പരിശോധിച്ച ശേഷം വ്യക്തമാക്കാമെന്നും കോടതി പറഞ്ഞു