കല്ലടിക്കോട്: പാലക്കാട് മണ്ണാർക്കാട് കല്ലടിക്കോടിൽ ടെലിഫോൺ തൂണുകൾ മോഷണം പോകുന്നത് പതിവാകുന്നു. തൂണുകൾ മോഷ്‌ടിക്കുന്നതിൻ്റെ സിസിടിവി ദൃശ്യം പുറത്ത്.
ടെലിക്കോം വകുപ്പ് അധികൃതർ മണ്ണാർക്കാട്, കല്ലടിക്കോട് പൊലീസ് സ്‌റ്റേഷനുകളിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ച് പൊലീസ്. മണ്ണാർക്കാട്, നൊട്ടൻമല, കല്ലടിക്കോട്, തെങ്കര എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ടെലിഫോൺ തൂണുകൾ മോഷണം പോയത്.
മോഷ്ടിക്കുന്നവയിൽ കണക്ഷനുകൾ ഉള്ളവയും ഇല്ലാത്തവയുമുണ്ട്. ആദ്യം വയറുകൾ മുറിച്ചുമാറ്റും പിന്നീട് തൂണുകൾ ഇളക്കിവെക്കും.
ഇളക്കി വച്ചിട്ടുള്ള തൂണുകൾ രാത്രി വാഹനത്തിൽ കയറ്റിക്കൊണ്ടു പോകും, ഇതാണ് മോഷ്ടാക്കളുടെ രീതി. പ്രദേശത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും ടെലിഫോൺ തകരാറിലായപ്പോൾ നടത്തിയ പരിശോധനയിലാണ് തൂണുകൾ മോഷണം പോയ വിവരമറിയുന്നത്.
തെങ്കരയിൽ രാജാസ് സ്‌കൂൾ മുതൽ ആനമുളി ഭാഗത്തേക്കുള്ള തൂണുകളെല്ലാം കൊണ്ടുപോയി. നൊട്ടൻമലയിലും കല്ലടിക്കോടും സമാന രീതിയിൽ തൂണുകൾ നഷ്‌ടമായി.
തൂണുകൾ വാഹനത്തിൽ കയറ്റുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് മണ്ണാ൪ക്കാട്, കല്ലടിക്കോട് പൊലിസിൻറെ സംയുക്ത അന്വേഷണം.
മറ്റൊരു സംഭവത്തിൽ ബൺ പാക്കറ്റുകൾക്കുള്ളിൽ എംഡിഎംഎ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ. കോട്ടയം ചങ്ങനാശേരിയിൽ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഇരുവരെയും കസ്റ്റഡിയിലെടുത്ത പൊലീസ് ഇവരുടെ പശ്ചാത്തലമടക്കം പരിശോധിക്കുകയാണ്.
ബെംഗലൂരുവിൽ നിന്നും കേരളത്തിലേക്ക് എത്തിയ അന്തർ സംസ്ഥാന ബസ്സിലാണ് എംഡിഎംഎയുമായി യുവാക്കൾ എത്തിയത്.