play-sharp-fill
പാലക്കാട് ഹോട്ടലിലെ പാതിരാ റെയ്ഡ്; പ്രതിഷേധം തെരുവിലേക്ക്; ആയിരങ്ങളെ അണിനിരത്തിയുള്ള യുഡിഎഫിന്‍റെ പാലക്കാട് എസ്‍പി ഓഫീസിലേക്കുള്ള മാര്‍ച്ചിൽ സംഘര്‍ഷം; ബാരിക്കേഡ് മറിച്ചിടാൻ ശ്രമം; പൊലീസുമായി ഉന്തും തള്ളും

പാലക്കാട് ഹോട്ടലിലെ പാതിരാ റെയ്ഡ്; പ്രതിഷേധം തെരുവിലേക്ക്; ആയിരങ്ങളെ അണിനിരത്തിയുള്ള യുഡിഎഫിന്‍റെ പാലക്കാട് എസ്‍പി ഓഫീസിലേക്കുള്ള മാര്‍ച്ചിൽ സംഘര്‍ഷം; ബാരിക്കേഡ് മറിച്ചിടാൻ ശ്രമം; പൊലീസുമായി ഉന്തും തള്ളും

പാലക്കാട്: പാലക്കാട് അര്‍ധരാത്രിയിൽ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങി യുഡിഎഫ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും മറ്റു യുഡിഎഫ് പ്രവര്‍ത്തകരുമടക്കം നൂറുകണക്കിനുപേരെ അണിനിരത്തി പാലക്കാട് എസ്‍പി ഓഫീസിലേക്കുള്ള മാര്‍ച്ച് സംഘര്‍ഷം.

എസ്‍പി ഓഫീസ് പരിസരത്ത് എത്തുന്നതിന് മുമ്പ് മാര്‍ച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്.

പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൂറുകണക്കിനുപേരാണ് മാര്‍ച്ചിൽ പങ്കെടുക്കുന്നത്. മാര്‍ച്ചിൽ പൊലീസുകാര്‍ക്കെതിരെ മുദ്രാവാക്യം വിളി ഉയര്‍ന്നു. രാവിലെ 11.30ഓടെയാണ് മാര്‍ച്ച് ആരംഭിച്ചത്.

മാര്‍ച്ചിന് മുന്നോടിയായി കോട്ടമൈതാനായിൽ ആയിരങ്ങളാണ് ഒത്തുകൂടിയത്. തുടര്‍ന്ന് അഞ്ചുവിളക്കിൽ നിന്ന് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചു.

പൊലീസിനെതിരെ കടുത്ത പ്രതിഷേധമാണ് യുഡിഎഫ് മാര്‍ച്ചിലൂടെ ഉയര്‍ത്തിയത്. 200ലധികം പൊലീസുകാരെയാണ് എസ്‍പി ഓഫീസ് പരിസരത്ത് വിന്യസിച്ചത്. ബാരിക്കേഡിന് അപ്പുറമായും നിരവധി പൊലീസുകാരെ നിയോഗിച്ചു.

പാലക്കാട് എസ് പി ഓഫീസിന് മുന്നിൽ വൻ പൊലീസ് സന്നാഹമാണുള്ളത്. എ എസ് പി അശ്വതി ജിജി, മൂന്ന് ഡി വൈ എസ് പി മാർ ജില്ലയിലെ മുഴുവൻ സ്റ്റേഷനിലേയും ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. മാര്‍ച്ച് കെപിപിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും.

കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന് 

പാലക്കാട്ട് അര്‍ധരാത്രിയില്‍ വനിതാ കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ പൊലീസ് നടത്തിയ പാതിരാ റെയ്ഡ് നാടകത്തില്‍ പ്രതിഷേധിച്ച് ഇന്ന് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങളില്‍ ഡിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു. പാലക്കാട്ടെ പ്രതിഷേധ മാര്‍ച്ചിന് പുറമെ മറ്റു ജില്ലകളിലും കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ നടത്തും.