
പാലക്കാട് പൊലീസുകാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം; ഷോക്കേറ്റാണ് മരണമെന്ന് പ്രാഥമിക നിഗമനം; കെണിയില്‍പ്പെട്ടതാണോയെന്ന് സംശയം
സ്വന്തം ലേഖകൻ
പാലക്കാട്: മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പന്നിയ്ക്ക് വച്ച കെണിയില്‍പ്പെട്ടതാണോയെന്ന് പരിശോധിക്കും.
ഹവില്‍ദാര്‍മാരായ അശോകന്‍, മോഹന്‍ദാസ് എന്നിവരെയാണ് ക്യാമ്പിന് പിറകിലെ വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരെയും കഴിഞ്ഞദിവസം രാത്രിമുതല്‍ കാണാനില്ലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഷോക്കേറ്റ് മരണമെന്നാണ് പ്രാഥമിക നിഗമനം.
പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് ഷോക്കേല്‍ക്കാനുള്ള സാദ്ധ്യത തീരെയില്ലെന്ന് പ്രദേശവാസികള്‍ ഉള്‍പ്പടെ പറയുന്നു.
വയലില്‍ രണ്ടു ഭാഗത്തായിട്ടായിരുന്നു മൃതദേഹങ്ങള്‍ കിടന്നിരുന്നത്. ഇവരെ വയലില്‍ കൊണ്ടിട്ടതാണോയെന്നും അന്വേഷിക്കും.
ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇന്‍ക്വസ്റ്റ് തയ്യാറാക്കിയതിനുശേഷം നാളെ വൈകിട്ടോ വെള്ളിയാഴ്ച രാവിലെയോ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നാണ് സൂചന.