
പാലക്കാട്: കുപ്പിയില്‍ പെട്രോള്‍ നല്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് വാണിയംകുളത്തെ പെട്രോള്‍ പമ്പിന് തീവയ്ക്കാൻ ശ്രമിച്ചതായി പരാതി.
വാണിയംകുളം ടൗണിലെ കെ.എം. പെട്രോള്‍ പമ്പില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
രാത്രി വൈകി ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. കുപ്പിയില്‍ പെട്രോള്‍ വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. കൈവശം കുപ്പിയില്ലെന്നും പമ്പില്‍ നിന്ന് നല്‍കണമെന്നും സംഘം ആവശ്യപ്പെട്ടു. എന്നാല്‍ കുപ്പി ഇവിടെ ലഭ്യമല്ലെന്ന് ജീവനക്കാർ അറിയിച്ചതോടെ ഇവർ അക്രമാസക്തരായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പമ്പില്‍ കുപ്പി ഉണ്ടോയെന്ന് പരിശോധിച്ച സംഘം ജീവനക്കാരെ അസഭ്യം പറയുകയും കൈയ്യേറ്റത്തിന് മുതിരുകയും ചെയ്തു. “പെട്രോള്‍ നല്‍കിയില്ലെങ്കില്‍ പമ്പിന് തീവയ്ക്കുമെന്നും കൊല്ലുമെന്നും” ഇവർ ഭീഷണിപ്പെടുത്തിയതായി ഉടമയുടെ പരാതിയില്‍ പറയുന്നു.
പമ്പിന് തീവയ്ക്കാനുള്ള ശ്രമം നടന്നതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് പമ്പ് മാനേജർ ഷൊർണൂർ ഡി.വൈ.എസ്.പിക്ക് പരാതി നല്കി. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




