
പാലക്കാട് : നിലമ്പൂർ നഗരസഭയിൽ നിന്നുള്ള മാലിന്യം പാലക്കാട് തള്ളിയതായി ആരോപണം. പാലക്കാട് നഗരസഭാ പരിധിയിലെ തിരുനെല്ലായി, തങ്കം ആശുപത്രി പരിസരം എന്നിവിടങ്ങളിലാണ് മാലിന്യം തള്ളിയതെന്ന് പാലക്കാട് നഗരസഭ ആരോപിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് നഗരസഭയുടെ തീരുമാനം.
ശനിയാഴ്ച്ച രാത്രി 11 നും 4 നും ഇടയ്ക്കാണ് പാലക്കാട് നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ തള്ളിയിരിക്കുന്നത്. ലോറിയിൽ മാലിന്യം കൊണ്ടു വരുന്നതും പ്രദേശത്ത് തള്ളുന്നതുമായ ദൃശ്യങ്ങൾ സി സി ടി വിയിലൂടെ നഗര സഭയ്ക്ക് ലഭിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെയുള്ളവ പരിശോധിച്ചപ്പോഴാണ് നിലമ്പൂർ നഗരസഭാ പരിധിയിൽ നിന്നാണെന്ന് മനസിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവവുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമാണ് പാലക്കാട് നഗരസഭയ്ക്കകത്തു നിന്നും ഉയർന്നിരിക്കുന്നത്. രാവിലെ 4 മണിയ്ക്ക് വേസ്റ്റ് സ്ക്വാഡ് ഇറങ്ങിയപ്പോഴാണ് സംഭവം പുറത്തായതെന്ന് ആരോഗ്യ വിഭാഗം സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സ്മിതേഷ് പറഞ്ഞു. അവർ മാലിന്യം സൂക്ഷ്മമായി പരിശോധിച്ച് വന്നപ്പോഴാണ് നിലമ്പൂരിൽ നിന്നുള്ളതാണെന്ന് മനസിലായത്.
റീ സൈക്കിൾ ചെയ്യാനാകാത്ത മാലിന്യമാണ് തള്ളിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുമായി ബന്ധപ്പെട്ട് നിലമ്പൂർ നഗരസഭയുമായി ബന്ധപ്പെട്ടപ്പോൾ അവരുടെ ഭാഗത്തെ തെറ്റല്ലെന്ന് ബോധ്യമായി. ഒരു സ്വകാര്യ ഏജൻസിയാണ് കൃത്യത്തിന് പിന്നിലെന്നാണ് മനസിലാക്കുന്നതെന്നും നിയമ നടപടി സ്വീകരിക്കുമെന്നും സ്മിതേഷ് പറഞ്ഞു.