play-sharp-fill
പാലക്കാട്ട് ഉത്സവത്തിനിടെ ആന ഇടഞ്ഞു; തിരക്കിൽപ്പെട്ട് ഒരാൾ മരിച്ചു; 15 പേർക്ക് പരിക്ക്‌; ഇടഞ്ഞത്  പുത്തൂർ ഗണേശൻ

പാലക്കാട്ട് ഉത്സവത്തിനിടെ ആന ഇടഞ്ഞു; തിരക്കിൽപ്പെട്ട് ഒരാൾ മരിച്ചു; 15 പേർക്ക് പരിക്ക്‌; ഇടഞ്ഞത് പുത്തൂർ ഗണേശൻ

സ്വന്തം ലേഖകൻ

പാലക്കാട്: ഉത്സവത്തിനിടെ ആന ഇടഞ്ഞതിനെ തുടർന്നുണ്ടായ തിരക്കിൽപ്പെട്ട് വയോധികൻ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. വള്ളിക്കോട് സ്വദേശിയായ ബാലസുബ്രഹ്മണ്യനാണ്‌ (63) മരിച്ചത്. പരിക്കേറ്റ പത്തുപേരെ പാലക്കാട് ജില്ലാ ആശുപത്രിയിലും അഞ്ചുപേരെ കല്ലേക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കല്ലേക്കാട് കുമാരൻ (43), ജിൻസി (25), ശെന്തിൽ (43), സജിന (39), സാജിത (14), അനുശ്രീ (13), സാദിക (14), അനിഹ (ആറ്), മുരുകൻ (44), രജിത (44) തുടങ്ങിയവരാണ് ജില്ലാ ആശുപത്രിയിൽ ചികിത്സതേടിയത്. കൃഷ്ണകൃപ (20), കണ്ണൻ (49), മഹാലക്ഷ്മി (ആറ്), ജ്യോതി (32), കുമാരൻ (52) തുടങ്ങിയവരെ കല്ലേക്കാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. പിരായിരി കല്ലേക്കാട് പാളയത്തെ മാരിയമ്മൻപൂജാ ഉത്സവത്തിനെത്തിച്ച പുത്തൂർ ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തിയതിന് പിന്നാലെ വെടിക്കെട്ട് നടത്തിയയുടനെ ആന ഇടഞ്ഞ് ഓടുകയായിരുന്നു.

ആനപ്പുറത്തുണ്ടായിരുന്നവർ മുന്നിലുള്ള മരത്തിൽ തൂങ്ങി രക്ഷപ്പെട്ടു. തിരിഞ്ഞോടിയ ആനയുടെ മുന്നിൽപെടാതെ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ബാലസുബ്രഹ്മണ്യൻ വീണു. ഉടനെ ബാലസുബ്രഹ്മണ്യനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.

പാപ്പാന്മാർ ഉൾപ്പെടെ ആനയുടെ വാലിൽ പിടിച്ചാണ് ആനയെ തളച്ചത്. ഉടൻതന്നെ ആനയെ ലോറിയിൽ കയറ്റി സംഭവസ്ഥലത്തുനിന്ന് മാറ്റി. സമീപത്ത് നിർത്തിയിരുന്ന ഇരുചക്രവാഹനങ്ങളും ആന തകർത്തു. ഉടൻതന്നെ ആനയെ ലോറിയിൽ കയറ്റി സംഭവസ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു.