
പാലക്കാട് തണ്ണീരങ്കാട് സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ ക്രമക്കേട്; 85 ലക്ഷത്തിന്റെ നഷ്ടമെന്ന് റിപ്പോർട്ട്; സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 4 ജീവനക്കാർക്കെതിരെ കേസെടുത്ത് കുഴൽമന്ദം പൊലീസ്
പാലക്കാട്: സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ ക്രമക്കേട്. പാലക്കാട് തണ്ണീരങ്കാട് സഹകരണ ബാങ്കിൽ 85 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ആലത്തൂർ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ നാല് ജീവനക്കാർക്കെതിരെ കുഴൽമന്ദം പൊലീസ് കേസെടുത്തു.
നീതി സ്റ്റോർ നടത്തിപ്പുകാരൻ സത്യവാൻ, ബാങ്ക് സെക്രട്ടറി ജയ, ജീവനക്കാരായ അജിത, സുദേവൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സഹകരണ സംഘം രജിസ്ട്രാറുടെ പരാതിയിലാണ് നടപടി. നീതിസ്റ്റോർ നടത്തിപ്പിൽ ക്രമക്കേട് നടത്തിയാണ് ഇവർ ബാങ്കിന് നഷ്ടമുണ്ടാക്കിയതെന്നാണ് റിപ്പോർട്ട്
2021 ഡിസംബർ മുതൽ 2024 മെയ് 31 വരെയുള്ള കാലയളവിലാണ് ഇവർ ക്രമക്കേട് നടത്തിയത്. ജീവനക്കാർ ഔദ്യോഗിക പദവി ദുരപയോഗം ചെയ്ത് ബാങ്കിന് നഷ്ടമുണ്ടാക്കിയതായി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. കണക്കുകളിൽ മനഃപൂർവം ക്രിത്രിമത്വവും തിരിമറിയും നടത്തിയെന്നും എഫ്ഐആറിലുണ്ട്. എന്നാൽ ബാങ്കിന് 21 ലക്ഷം രൂപയുടെ മാത്രം നഷ്ടമാണ് ഉണ്ടായതെന്നാണ് ബാങ്ക് ഭരണ സമിതി പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാങ്കിനുണ്ടായ നഷ്ടം ഒന്നാം പ്രതിയായ സത്യവാനിൽ നിന്ന് ഈടാക്കുമെന്നും സത്യവാന്റെ സ്വത്ത് കണ്ടുകെട്ടാൻ നിയമനടപടി തുടങ്ങിയതായും ബാങ്ക് ഭരണ സമിതി അറിയിച്ചിട്ടുണ്ട്. സത്യവാനെ 2021ൽ പുറത്താക്കിയതായാണ് ബാങ്ക് അധികൃതർ പറയുന്നു.