രണ്ട് ആംബുലൻസും കട്ടപ്പുറത്ത്, കാത്തുനിന്നത് മൂന്നുമണിക്കൂർ; ചികിത്സ ലഭിക്കാതെ യുവാവിന്  ദാരുണാന്ത്യം

രണ്ട് ആംബുലൻസും കട്ടപ്പുറത്ത്, കാത്തുനിന്നത് മൂന്നുമണിക്കൂർ; ചികിത്സ ലഭിക്കാതെ യുവാവിന് ദാരുണാന്ത്യം

പാലക്കാട് : ഓട്ടോറിക്ഷയുടെ മുകളില്‍ മരം വീണ് ഗുരുതരമായി പരുക്കേറ്റ യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടത്തറ ആശുപത്രിയില്‍ നിന്ന് മാറ്റാനായത് മൂന്ന് മണിക്കൂറിന് ശേഷമാണ്. പക്ഷേ ആ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിക്ക് സ്വന്തമായുള്ള രണ്ട് ഐസിയു ആംബുലൻസ് കട്ടപ്പുറത്തായത് കാരണം ഒറ്റപ്പാലത്ത് നിന്നും ആംബുലൻസ് എത്തിയാണ് യുവാവിനെ പെരിന്തല്‍മണ്ണയിലേക്ക് മാറ്റിയത്.

രണ്ട് ഐസിയു ആംബുലൻസുകളും കട്ടപ്പുറത്തായിരുന്നുവെന്നാണ് കോട്ടത്തറ ട്രൈബല്‍ സ്പെഷല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം. എസ് പത്മനാഭൻ പറയുന്നത്. പണത്തിന്‍റെ പ്രശ്നമല്ല, സാങ്കേതികത്വം കാരണമാണ് ആംബുലൻസിന്‍റെ തകരാർ പരിഹരിക്കാൻ വൈകിയത്. മറ്റ് മാർഗമില്ലാത്തത് കൊണ്ടാണ് ഒറ്റപ്പാലത്ത് നിന്നും ആംബുലൻസ് എത്തിക്കേണ്ടി വന്നതെന്നും പത്മനാഭൻ പറഞ്ഞു. ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് തന്നെ ഫൈസലിന്‍റെ ആരോഗ്യ സ്ഥിതി മോശമായിരുന്നുവെന്നും നല്‍കാൻ കഴിയുന്നതിന്‍റെ പരമാവധി ചികിത്സ കോട്ടത്തറ ആശുപത്രിയില്‍ നല്‍കിയിട്ടുണ്ടെന്നുമാണ് സൂപ്രണ്ട് പറയുന്നത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടര മണിയ്ക്കാണ് യുവാവ് അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഫൈസലിനെ ഡോക്ടർമാർ വിദഗ്ധ ചികില്‍സ നിർദേശിച്ചെങ്കിലും മികച്ച സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റാൻ ഐ.സി.യു ആംബുലൻസുണ്ടായിരുന്നില്ല. അടിയന്തര പരിചരണം ആവശ്യമുള്ള രോഗികള്‍ പോലും മണിക്കൂറുകള്‍ ആംബുലൻസിന് വേണ്ടി കാത്തു നില്‍ക്കണം. അത്യാഹിത ഘട്ടങ്ങളില്‍ രോഗിയുമായി ചുരം ഇറങ്ങേണ്ട അവസ്ഥ പരിഗണിച്ചാണ് കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ അഡ്വാൻസ് ലൈഫ് സപ്പോർട്ട് സംവിധാനം ഉള്ള രണ്ട് ആംബുലൻസ് അനുവദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ മാസങ്ങള്‍ക്ക് മുമ്ബ് അഗളിയില്‍ ഉണ്ടായ ഒരു അപകടത്തില്‍ ആംബുലൻസ് തകരാറിലായി. പിന്നീട് പകരം സംവിധാനം ഒരു വർഷത്തോളമായി ഏർപ്പെടുത്തിയിട്ടില്ല. ഇതിനിടെ നിരവധി പേർക്ക് ചികിത്സ വൈകി. കോയമ്ബത്തൂരിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ ഒരു പെണ്‍കുഞ്ഞ് മരിച്ചു. ജീവൻരക്ഷാ ഉപകരണങ്ങള്‍ ഉള്ള രണ്ട് ആംബുലൻസുകള്‍ ഉള്‍പ്പെടെ ആറെണ്ണമാണ് കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ ഉള്ളത്. ഇതില്‍ തകരാറിലായ രണ്ട് വാഹനങ്ങളെക്കുറിച്ച്‌ കൃത്യമായ വിശദീകരണം ആശുപത്രി അധികൃതർ നല്‍കുന്നുമില്ല. 12 ഡ്രൈവർമാർ വേണ്ടയിടത്ത് നിലവില്‍ ആകെയുള്ളത് 6 പേർ. ആംബുലൻസ് ഉണ്ടെങ്കിലും ഓടിക്കാൻ ആളില്ലാത്ത സ്ഥിതിയാണ്.