വീട്ടിലെത്തിയ കൊറിയർ തുറന്നു നോക്കിയപ്പോൾ അമ്പരന്നു;21 വ‍ർഷങ്ങൾക്ക് മുൻപ് കാണാതായ മൂന്നരപവന്റെ സ്വർണമാല കൂടെ ഒരു കത്തും;കളഞ്ഞു പോയ സ്വർണം തിരികെ നൽകി അജ്ഞാതൻ

Spread the love

പാലക്കാട്: ഇരുപത്തിയൊന്ന് വർഷങ്ങൾക്കു മുമ്പ് നഷ്ടപ്പെട്ട സ്വർണം തിരികെ ലഭിച്ച സന്തോഷത്തിലാണ്
പാലക്കാട് സ്വദേശി ഖദീജ.പാലക്കാട് തിരുവേഗപ്പുറ പഞ്ചായത്തിലെ പൈലിപ്പുറത്താണു സംഭവം. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പൈലിപ്പുറം പട്ടന്മാരുടെതൊടി പരേതനായ അബുവിന്റെ ഭാര്യ ഖദീജയുടെ മൂന്നരപ്പവൻറെ മാല കാണാതെ പോവുന്നത്.

അന്ന് മാല കണ്ടെത്താൻ ഏറെ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഏറെക്കുറെ മാലയേക്കുറിച്ച് മറന്നിരിക്കെ വീട്ടിലേക്ക് ഒരു ഫോൺ കോൾ എത്തുന്നത്. സമീപത്തെ കടയിൽ വീട്ടിലേക്കുള്ള ഒരു കൊറിയ‍ർ എത്തിയെന്നായിരുന്നു അത്.

ഖദീജയുടെ മകൻ ഇബ്രാഹിമിന്റെ നമ്പറിലേക്ക് ആയിരുന്നു ഫോൺവിളി എത്തിയത്. വീട്ടുകാർ ആരെങ്കിലും ഓർഡർ ചെയ്തതാണെന്ന ധാരണയിൽ തുറന്നപ്പോഴാണ് ഖദീജ അമ്പരക്കുന്നത്. വർഷങ്ങൾക്ക് മുൻപ് നഷ്ടമായ മാലയുടെ സമാനമായ മാലയും ഒരു കുറിപ്പും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഷങ്ങൾക്ക് മുൻപ് താങ്കളുടെ പക്കൽ നിന്നും കളഞ്ഞുപോയ ഒരു സ്വ‍ർണാഭരണം അന്നെനിക്ക് ലഭിച്ചിരുന്നു. അന്നത്തെ എന്റെ പ്രത്യേക സാഹചര്യത്തിൽ അത് ഉപയോഗപ്പെടുത്തേണ്ടി വന്നു. ഇന്ന് ഞാൻ അതിന്റെ പേരിൽ വല്ലാതെ ദുഖിതനാണ്.

ആയതിനാൽ എഴുത്തിനോട് കൂടെ അതിനോട് സമാനമായ ഒരു ആഭരണം വച്ചിട്ടുണ്ട്. ഇത് താങ്കൾ സന്തോഷത്തോടെ സ്വീകരിച്ച് പൊരുത്തപ്പെട്ട് തരണം. താങ്കളുടെ ദുആയിൽ എന്നെയും ഉൾപ്പെടുത്തണമെന്ന് വിനയത്തോടെ അഭ്യർത്ഥിക്കുന്നുവെന്നാണ് കുറിപ്പിലുണ്ടായിരുന്നത്.

പവന് വില എൺപതിനായിരത്തിനോട് അടുത്ത് എത്തുമ്പോഴാണ് വർഷങ്ങൾക്ക് മുൻപ് നഷ്ടമായ സ്വർണം അജ്ഞാതൻ തിരികെ നൽകുന്നത്. കൈപ്പിഴ തിരുത്താൻ കാണിച്ച മനസിനായി പ്രാർത്ഥിക്കുകയാണ് ഖദീജയിപ്പോൾ.

ലഭിച്ച ആഭരണം പരിശോധിച്ചപ്പോൾ സ്വർണമാണെന്ന് സ്ഥിരീകരിക്കാനും സാധിച്ചു. എന്തായാലും അജ്ഞാതനെ അന്വേഷിച്ച് പോകാൻ താൽപര്യമില്ലെന്ന് കുടുംബം.