
പാലക്കാട്: ജില്ലാ ആശുപത്രിയിൽ ഉണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിൽ ഡോക്ടർമാരെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടിയിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്ന് കെജിഎംസിടിഎ വ്യക്തമാക്കി.. ചികിത്സയിൽ സംഭവിക്കാവുന്ന അപൂർവമായ സങ്കീർണതയെ, ചികിത്സാപ്പിഴവായി വ്യാഖ്യാനിച്ച് ഡോക്ടർമാരെ ബലിയാടാക്കാനുള്ള ശ്രമം ഒരുതരത്തിലും അംഗീകരിക്കാൻ ആവില്ല.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർക്ക് ഈ വിഷയത്തിൽ യാതൊരു രീതിയിലുള്ള ചികിത്സാപ്പിഴവും ഉണ്ടായിട്ടില്ലെന്നും സാധ്യമായ എല്ലാ ചികിത്സയും കുട്ടിക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ രണ്ട് വിദഗ്ധസമിതിയും റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. സസ്പെൻഷൻ ഉത്തരവിൽ പറഞ്ഞിരിക്കുന്നത് പോലെ ഏതെങ്കിലും രീതിയിലുള്ള ചികിത്സാ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായിട്ടുള്ളതായി ഒരു രേഖയും ലഭ്യമല്ല. മാത്രവുമല്ല അസ്ഥിരോഗ ചികിത്സയിൽ ഏതെങ്കിലും രീതിയിലുള്ള ചികിത്സാ പ്രോട്ടോകോൾ ആരോഗ്യവകുപ്പ് നാളിതുവരെ പുറപ്പെടുവിച്ചിട്ടുമില്ല
ഏറെ പരിമിതികളെ അഭിമുഖീകരിച്ചാണ് ജനങ്ങൾക്ക് സാധ്യമായ ഏറ്റവും മികച്ച സേവനം സർക്കാർ ഡോക്ടർമാർ നൽകിക്കൊണ്ടിരിക്കുന്നത്. ജനങ്ങൾക്ക് ഏറ്റവും ഗുണകരമായ സേവനം നൽകുന്നതിന് ആവശ്യമായ IPHS നിലവാരത്തിലുള്ള മാനവ വിഭവ ശേഷിയോ, അടിസ്ഥാന സൗകര്യങ്ങളോ സംസ്ഥാനത്തെ ഒരു സർക്കാർ ആശുപത്രിയിലും ലഭ്യമാക്കിയിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെക്കുറിച്ച് 2024 ൽ പുറത്തിറങ്ങിയ CAG റിപ്പോർട്ട് ഇക്കാര്യം അടിവരയിടുന്നുണ്ട്. തന്നെയുമല്ല ഓരോ രോഗിക്കും അർഹിക്കുന്ന ചികിത്സ ലഭ്യമാക്കാൻ സാധിക്കുന്ന തരത്തിൽ ഡോക്ടർ – രോഗി അനുപാതവും നിർവചിക്കപ്പെട്ടിട്ടില്ല. ഈ വിഷയങ്ങളിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് അറിയാൻ സർക്കാർ ഡോക്ടർമാർക്കും പൊതു സമൂഹത്തിനും അവകാശമുണ്ട്.