
‘പാക്കിസ്ഥാൻ അടയാളങ്ങൾ പാലക്കാട് വേണ്ട’; ജിന്നാ സ്ട്രീറ്റ്’ വേണ്ട; നഗരത്തിൽ പേരുമാറ്റൽ ആവശ്യവുമായി ബിജെപി; നഗരസഭയിൽ കൗൺസിലർമാർ അടിയന്തര പ്രമേയ നോട്ടീസ് നൽകി
പാലക്കാട്: പെഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് നഗരത്തിൽ പേരു മാറ്റൽ ആവശ്യവുമായി ബിജെപി. നഗരത്തിലെ ജിന്നാ സ്ട്രീറ്റ് എന്ന സ്ഥലത്തിൻറെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് നഗരസഭയിൽ ബി ജെ പി കൗൺസിലർമാർ അടിയന്തര പ്രമേയ നോട്ടീസ് നൽകി. വലിയങ്ങാടിയോട് ചേർന്നുള്ള മഞ്ഞക്കുളം റോഡ് മുതൽ വിത്തുണി വരെയുള്ള പ്രദേശമാണ് ജിന്നാ സ്ട്രീറ്റ് എന്ന പേരിൽ അറിയപ്പെടുന്നത്.
മുഹമ്മദലി ജിന്നയുടെ പേര് നഗരത്തിൽ അംഗീകരിക്കാൻ ആവില്ലെന്നും പാക്കിസ്ഥാൻ അടയാളങ്ങൾ പാലക്കാട് വേണ്ടെന്നും നോട്ടീസിൽ പറയുന്നു. ”പെഹൽഗാം ഉൾപ്പെടെ രാജ്യത്തിന് തീരാ തലവേദനകൾ സൃഷ്ടിച്ചതിന് കാരണായത് മുഹമ്മദലി ജിന്നയാണ്.രാജ്യത്തെ മതത്തിൻറെ പേരിൽ വെട്ടി മുറിച്ച മുഹമ്മദലി ജിന്നയുടെ പേര് നീക്കി,പകരം ചേറ്റൂർ ശങ്കരൻ നായർ റോഡ് എന്ന പേര് നൽകണമെന്നും ബിജെപി അടിയന്തര പ്രമേയ നോട്ടീസിൽ പറയുന്നു. അടുത്ത കൗൺസിലിൽ വിഷയം ചർച്ച ചെയ്യും.
നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ പേര് നൽകുന്നതിനെതിരെ നഗരസഭാ കൗൺസിലിൽ നടന്ന പ്രതിഷേധത്തിനിടെ സംഘർഷം. യുഡിഎഫ്, എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തുകയും പിന്നാലെയുണ്ടായ വാക്കേറ്റം കൂട്ടയടിയിൽ കലാശിക്കുകയുമായിരുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ വൻ പൊലീസ് സുരക്ഷയാണ് നഗരസഭയ്ക്ക് പുറത്ത് ഏർപ്പെടുത്തിയിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാദങ്ങൾക്കിടെ ഇന്ന് കൗൺസിൽ യോഗം ചേർന്നപ്പോൾ തന്നെ പ്രതിപക്ഷാംഗങ്ങൾ പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം വിളിയുമായി പ്രതിഷേധം ആരംഭിക്കുകയായിരുന്നു. നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ പേര് നൽകാൻ ഒരുതരത്തിലും അനുവദിക്കില്ലെന്ന പ്രതിപക്ഷം വ്യക്തമാക്കി.
എന്നാൽ, തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സ്ഥാപനത്തിന് ഹെഡ്‌ഗേവാറിന്റെ പേര് തന്നെ ഇടുമെന്നും നഗരസഭാ അധ്യക്ഷയും ബിജെപി കൗൺസിലർമാരും വ്യക്തമാക്കിയതോടെയാണ് സംഘർഷമുണ്ടായത്.